നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ നാട്ടുകാർ തീയിട്ട പിടിയാനയ്ക്ക് ദാരുണാന്ത്യം

ഹല്ല പാർട്ടിയുടെ ആക്രമണത്തിൽ ശരീരമെമ്പാടും പൊള്ളലേറ്റതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പിടിയാന ചരിഞ്ഞത്. കാട്ടാനയുടെ ആക്രമണത്തിന് ഇരയായതിന് പിന്നാലെയാണ് ഹല്ല പാർട്ടി ആനക്കുട്ടത്തെ തുരത്താൻ ശ്രമങ്ങൾ ആരംഭിച്ചത്

halla party set female elephant on fire  dies after suffering burn injuries

ജാർഗ്രാം: ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ വിരട്ടിയോടിക്കാനുള്ള ശ്രമത്തിനിടെ പിടിയാനയ്ക്ക്  തീയിട്ട് നാട്ടുകാർ. ഇരുമ്പ് ദണ്ഡുകളും പടക്കവും തീയും പടർന്ന് ആനയ്ക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ജാർഗ്രാമിലാണ് സംഭവം. പശ്ചിമ ബംഗാളിലെ തെക്ക് പടിഞ്ഞാറൻ മേഖലയിലാണ് ദാരുണ സംഭവം. നടന്നത്. ജനവാസമേഖലയിലെത്തുന്ന വന്യമൃഗങ്ങളെ തുരത്താനായി രൂപീകരിച്ച ഹല്ലാ പാർട്ടിയിലെ ആളുകളാണ് ആനയ്ക്ക് തീയിട്ടത്. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ഹല്ല പാർട്ടിയുടെ ആക്രമണത്തിൽ പിടിയാനയുടെ ശരീരമെമ്പാടും പൊള്ളലേറ്റത്. ഇതിന് പിന്നാലെ വെള്ളിയാഴ്ച കാട്ടാന ചരിയുകയായിരുന്നു. 

ചെണ്ട കൊട്ടിയും ബഹളം വച്ചുമെല്ലാം കാട്ടാനകളെ തിരികെ കാട് കയറ്റുന്നതാണ് സാധാരണ നിലയിൽ ഹല്ല പാർട്ടിയുടെ രീതി. എന്നാൽ ചിലയിടങ്ങളിൽ ഹല്ല പാർട്ടികളിൽ വന്യമൃഗങ്ങൾക്കെിരെ ആക്രമണം ഉണ്ടാകാറുണ്ട്. മൂർച്ചയേറിയ ഇരുമ്പ് ദണ്ഡിൽ തുണി ചുറ്റിയുണ്ടാക്കിയ പന്തമുപയോഗിച്ചുള്ള ആക്രമണമാണ് ഇതിലൊന്ന്. മാഷൽസ് എന്നാണ് ഇതിനെ പ്രാദേശികമായി വിശേഷിപ്പിക്കുന്നത്. ഗ്രാമത്തിലിറങ്ങിയ പിടിയാന അടക്കമുള്ള ആനക്കൂട്ടം ഗ്രാമീണനെ ആക്രമിച്ചതിന്  പിന്നാലെ ആനകളെ തുരത്താനുള്ള ശ്രമമാണ് ഇത്തരത്തിൽ വലിയ ക്രൂരതയിലേക്ക് വഴി മാറിയത്. 

2018ൽ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് കാടിറങ്ങുന്ന വന്യജീവികൾക്ക് പ്രത്യേകിച്ച് ആനകൾക്കെതിരെ പന്തങ്ങൾ വലിച്ചെറിയുന്നതിന് വിലക്കുള്ളപ്പോഴാണ് ഇത്തരത്തിലെ ആക്രമണങ്ങൾ നടക്കുന്നതെന്നാണ് ശ്രദ്ധേയം. ആനകളെ തുരത്താനുള്ള ഹല്ല പാർട്ടികൾ ഇപ്പോൾ റാക്കറ്റുകളാണ് നയിക്കുന്നതെന്നാണ് മൃഗസ്നേഹികൾ അവകാശപ്പെടുന്നത്. ഹല്ല പാർട്ടികൾക്കുള്ള ശമ്പളം വനംവകുപ്പാണ് നൽകുന്നത്. ആറ് കാട്ടാനകൾ അടങ്ങിയ കൂട്ടമാണ് ജാർഗ്രാമിലെത്തിയത്. നാട്ടുകാരിൽ ഒരാൾ കാട്ടാനകളുടെ ആക്രമണത്തിന് ഇരയായി മരിച്ചിരുന്നു. കൂട്ടത്തിലെ അക്രമകാരിയായ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം സംഭവ സ്ഥലത്ത് ഉള്ളപ്പോഴാണ് ദാരുണ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ചെണ്ട കൊട്ടിയും വലിയ രീതിയിൽ ശബ്ദമുണ്ടാക്കിയും കാട്ടാനകളെ തുരത്തുന്നത് പ്രാദേശികമായി പിന്തുടരുന്ന രീതിയാണെങ്കിലും ചിലയിടങ്ങളിൽ ഇത്തരം വിരട്ടലുകൾ അക്രമങ്ങളിലേക്ക് വഴിമാറാറുണ്ട്. നേരത്തെ 2021ൽ തമിഴ്നാട്ടിലെ നീലഗിരിയിൽ ആനയയെ തുരത്താനായി ടയർ കത്തിച്ച് എറിഞ്ഞതിന് പിന്നാലെ ഒരാന കൊല്ലപ്പെട്ടത് വലിയ കോലാഹലങ്ങൾക്ക് കാരണമായിരുന്നു. സാധാരണ ഗതിയിൽ 25 മുതൽ 50 പേർ വരെയാണ് ഹല്ല പാർട്ടിയിൽ കാണാറുള്ളത്. വടികളും ഫ്ലാഷ് ലൈറ്റുകളും ഉപയോഗിച്ച് ജനവാസ മേഖലകളിൽ നിന്ന് കാട്ടാനകളെ തുരത്തുന്നതാണ് പ്രാഥമികമായി ഇത്തരം ഹല്ല പാർട്ടികൾ ചെയ്യാറ്. മനുഷ്യ മൃഗ സംഘർഷം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പശ്ചിമ ബംഗാളിൽ ഹല്ല പാർട്ടികൾ രൂപീകരിച്ചത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios