പലഹാരം വാങ്ങാൻ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റ്, ഇത് പതിവെന്ന് നാട്ടുകാർ, പിന്നാലെ സസ്പെൻഷൻ

അതും ക്രോസിംഗിൽ നിയോഗിച്ചിരിക്കുന്ന റെയിൽവേ ജീവനക്കാരാണ് സമീപത്തെ കടയിൽ നിന്ന് കച്ചോടി വാങ്ങി ട്രെയിനിൽ എത്തിക്കുന്നത്. 

Driver stops train to collect kachori

മാസങ്ങൾക്ക് മുൻപ് പാകിസ്ഥാനിൽ ലോക്കോ പൈലറ്റ് അസിസ്റ്റന്റ് യാത്രക്കിടെ തൈര് വാങ്ങാൻ ട്രെയിൻ നിർത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഇന്ത്യയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കയാണ്. പ്രിയപ്പെട്ട പലഹാരം വാങ്ങാൻ സ്റ്റോപ്പില്ലാത്തിടത്ത് ട്രെയിൻ നിർത്തിയതിന്റെ പേരിൽ ലോക്കോ പൈലറ്റടക്കം അഞ്ച് പേരെ ഇന്ത്യൻ റെയിൽവേ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. രാജസ്ഥാനിലാണ് സംഭവം.

ഒരു പാക്കറ്റ് കച്ചോടി(Kachori) ശേഖരിക്കാൻ വേണ്ടി ഒരു ലോക്കോപൈലറ്റ്(loco pilot) അൽവാറിലെ ഒരു റെയിൽവേ ക്രോസിംഗിൽ(Alwar's Daudpur crossing) ട്രെയിൻ നിർത്തി. കച്ചോടി എന്നത് രാജസ്‌ഥാനിലെ ജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഒരു പലഹാരത്തിന്റെ പേരാണ്. സംഭവത്തിന്റെ വീഡിയോ ആരോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. പിന്നാലെ വീഡിയോ വൈറലായി തീർന്നു. ഇതോടെയാണ് അധികാരികൾ സംഭവം അറിയുകയും, ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. വീഡിയോവിൽ റെയിൽവേ ക്രോസ്സിങ്ങിൽ ഒരാൾ കച്ചോടിയുമായി കാത്ത് നില്കുന്നത് കാണാം.  അയാളുടെ അടുത്തെത്തിയപ്പോൾ ട്രെയിൻ നിന്നു.

അയാൾ ഉടനെ കൈയിലുള്ള പൊതി ലോക്കോ പൈലറ്റിന്റെ സഹായിക്ക് കൈമാറുന്നു. തുടർന്ന് ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങുന്നു. എൻജിൻ സ്റ്റാർട്ട് ആയ ശബ്ദവും നമുക്ക് കേൾക്കാം. എന്നാൽ, ഇത് നടക്കുന്ന സമയം അത്രയും ക്രോസിങിന്റെ ഇരുവശത്തും ആളുകൾ ട്രെയിൻ കടന്ന് പോകാൻ ക്ഷമയോടെ കാത്ത് നിൽക്കുന്നതും കാണാം. കാലത്ത് എട്ടു മണിക്കായിരുന്നു സംഭവം. അതും സ്കൂളും ഓഫീസും ഒക്കെയുള്ള തിരക്കുള്ള സമയമാണ് അത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്തു. “എല്ലാ ദിവസവും രാവിലെ 8 മണിയോടെ അൽവാറിലെ ദൗദ്പൂർ ഗേറ്റിൽ കാണുന്ന ഒരു സ്ഥിരം കാഴ്ചയാണ് ഇത്. ഹോൺ അടി കേൾക്കുന്ന സമയം റെയിൽ ഗേറ്റ് കുറച്ചുനേരത്തേയ്ക്ക് അടയുന്നു. കച്ചോടി ശേഖരിച്ച ശേഷം ലോക്കോ പൈലറ്റ് എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നത് വരെ ആളുകൾ ഇരുവശത്തും കാത്ത് നിൽപ്പാണ്” പത്രം റിപ്പോർട്ടിൽ പറയുന്നു.

അതും ക്രോസിംഗിൽ നിയോഗിച്ചിരിക്കുന്ന റെയിൽവേ ജീവനക്കാരാണ് സമീപത്തെ കടയിൽ നിന്ന് കച്ചോടി വാങ്ങി ട്രെയിനിൽ എത്തിക്കുന്നത്. അതേസമയം, ലോക്കോ പൈലറ്റിന്റെ ഈ ശീലത്തിന്റെ പേരിൽ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും രാവിലെ ബുദ്ധിമുട്ടുന്നത്. പൊതുജനങ്ങളിൽ നിന്നും വ്യാപകമായ വിമർശനമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. ഇത് വൈറലായതോടെ അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് ലോക്കോ പൈലറ്റുമാർ, രണ്ട് ഗേറ്റ്മാൻമാർ, ഒരു ഇൻസ്ട്രക്ടർ എന്നിങ്ങനെ അഞ്ച് പേരെ റെയിൽവേ സസ്പെൻഡ് ചെയ്തതായി ജയ്പൂർ ഡിവിഷണൽ റെയിൽവേ മാനേജർ നരേന്ദ്ര കുമാർ പറഞ്ഞു. ലോക്കോ പൈലറ്റിന്റെ നടപടിയെ അൽവാർ സ്റ്റേഷൻ സൂപ്രണ്ട് ആർഎൽ മീണയും അപലപിച്ചു. "ലോക്കോ പൈലറ്റിന് അങ്ങനെ സ്വന്തം ഇഷ്ടത്തിന് തോന്നുന്നിടത്ത് ട്രെയിൻ നിർത്താൻ കഴിയില്ലയെന്നും, കച്ചോടി വാങ്ങാനായി ട്രെയിൻ നിർത്തിയത് തെറ്റാണെന്നും മീണ കൂട്ടിച്ചേർത്തു.

Latest Videos
Follow Us:
Download App:
  • android
  • ios