എസ് ഐക്ക് സ്ഥലംമാറ്റം, പൊട്ടിക്കരഞ്ഞുകൊണ്ട് യാത്രയാക്കി ജനങ്ങൾ, തേങ്ങലടക്കാനാവാതെ എസ്ഐ -യും
ആളുകൾ കെട്ടിപ്പിടിച്ചപ്പോൾ അദ്ദേഹത്തിന് കണ്ണീർ അടക്കാനായില്ല. ജനങ്ങളുടെ സ്നേഹം കണ്ട് അദ്ദേഹവും കരഞ്ഞു പോയി. അദ്ദേഹം കണ്ണുനീർ തുടയ്ക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
പൊലീസു(police)കാർക്ക് സ്ഥലം മാറ്റം വരുമ്പോൾ, പ്രദേശത്തെ ജനങ്ങൾ വികാരാധീനരാകുന്നത് അപൂർവമായി മാത്രമേ കാണാനാകൂ. ഒന്നും രണ്ടുമല്ല, നൂറുകണക്കിനാളുകളാണ് ഗുജറാത്തി(Gujarat) -ലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകാനായി എത്തിച്ചേർന്നത്. പൊലീസുകാരും ജനങ്ങളും കരഞ്ഞ് കൊണ്ടാണ് അദ്ദേഹത്തെ യാത്ര അയച്ചത്. ഈ സമയത്ത്, അദ്ദേഹത്തിനും തന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ജനങ്ങളുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങിയതോടെ പൊലീസുകാരന്റെയും കണ്ണ് നിറഞ്ഞൊഴുകി. ഹൃദ്യമായ ഈ യാത്രയയപ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്നു വിശാൽ പട്ടേൽ. വളരെക്കാലം അവിടെ സേവനമനുഷ്ഠിച്ച അദ്ദേഹം ആളുകളുടെ കണ്ണിലുണ്ണിയായിരുന്നു. പരാതികളുമായി ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. കൊവിഡ് കാലത്ത് നിരവധി ജീവനുകളാണ് അദ്ദേഹം രക്ഷിച്ചത്. വിശാലിനെ ആര് എപ്പോൾ വിളിച്ചാലും അവരുടെ ആവശ്യങ്ങൾ എല്ലാം അദ്ദേഹം ഉപേക്ഷ കൂടാതെ നടത്തി കൊടുക്കുമായിരുന്നു. ഇക്കാരണങ്ങളാൽ വിശാൽ നഗരത്തിൽ ജനപ്രിയനായി.
എന്നാൽ, ഇപ്പോൾ അദ്ദേഹത്തെ മറ്റൊരു നഗരത്തിലേക്ക് സ്ഥലം മാറ്റിയിരിക്കയാണ്. എസ്ഐയുടെ സ്ഥലംമാറ്റത്തെ കുറിച്ച് അറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. തുടർന്ന് വിശാലിന് ജനങ്ങൾ ഒരു യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. അതിന്റെ വിഡിയോയാണ് ഇത്. ആളുകൾ അദ്ദേഹത്തിന് മേൽ പൂക്കൾ വർഷിക്കുന്നതും, അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നതും വീഡിയോയിൽ കാണാം.
ആളുകൾ കെട്ടിപ്പിടിച്ചപ്പോൾ അദ്ദേഹത്തിന് കണ്ണീർ അടക്കാനായില്ല. ജനങ്ങളുടെ സ്നേഹം കണ്ട് അദ്ദേഹവും കരഞ്ഞു പോയി. അദ്ദേഹം കണ്ണുനീർ തുടയ്ക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അതേസമയം പൊലീസ് ഉദ്യോഗസ്ഥനോട് വിടപറയുമ്പോൾ ജനങ്ങൾ മാത്രമല്ല കൂടെ ജോലി ചെയ്തിരുന്ന പല പൊലീസുകാരുടെയും കണ്ണ് നനഞ്ഞു. വീഡിയോ കണ്ട ആളുകൾ സ്തുത്യർഹമായ സേവനം കാഴ്ചവച്ച ഈ ഉദ്യോഗസ്ഥനെ അഭിനന്ദിക്കുകയാണ്.