കണ്ടവര്‍ കണ്ടവര്‍ ഞെട്ടി, പഴയ വിമാനത്തിന്റെ രൂപം കണ്ടോ, ആഡംബരവില്ലയ്‍ക്ക് ആരാധകനായി ആനന്ദ് മഹീന്ദ്രയും
2021 -ലാണ് ഡെമിൻ ഈ വിമാനം വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീഡിയോയിൽ ഡെമിൻ വില്ലയെ കുറിച്ച് വിശദമായി കാണിച്ചു തരുന്നുണ്ട്.
വ്യവസായിയായ ആനന്ദ് മഹീന്ദ്ര രസകരമായ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. അടുത്തിടെ ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോ അദ്ദേഹം ഷെയർ ചെയ്തിരുന്നു. അതിൽ ഒരാൾ ഒരു ഫ്ലൈറ്റ് ആഡംബര വില്ലയാക്കി മാറ്റുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്.
റഷ്യൻ സംരംഭകനായ ഫെലിക്സ് ഡെമിൻ എന്നയാളാണ് ഉപേക്ഷിക്കപ്പെട്ട ബോയിംഗ് 737 വിമാനത്തെ ആരും കൊതിച്ചുപോകുന്ന ആഡംബര വില്ലയാക്കി മാറ്റിയത്. രണ്ട് കിടപ്പുമുറികൾ, ഒരു ഇൻഫിനിറ്റി പൂൾ, ഒരു ടെറസ് എന്നിവയാണ് ഈ വില്ലയിൽ ഉള്ളത്. ഇന്തോനേഷ്യയിലെ ബാലിയിലെ ന്യാങ് ന്യാങ് ക്ലിഫുകൾക്ക് മുകളിലാണ് ഈ വില്ല ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
"ചില ആളുകൾക്ക് അവരുടെ സങ്കൽപ്പങ്ങളെ യാഥാർത്ഥ്യമാക്കാൻ സാധിക്കും. അത് ഭാഗ്യമാണ്. ഇദ്ദേഹത്തിനാവട്ടെ തന്റെ ഭാവനയിൽ ഒരു നിയന്ത്രണവും ഇല്ല! ഇവിടെ താമസിക്കുന്നതിന് വേണ്ടി ബുക്കുചെയ്യാൻ എനിക്ക് എപ്പോഴെങ്കിലും താൽപ്പര്യമുണ്ടോ എന്ന് ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ അനുഭവത്തിന്റെ വെളിച്ചത്തിൽ ജെറ്റ് ലാഗിനെക്കുറിച്ച് എനിക്ക് അൽപ്പം ആശങ്കയുണ്ട്" എന്നാണ് കാപ്ഷനിൽ ആനന്ദ് മഹീന്ദ്ര എഴുതിയത്.
2021 -ലാണ് ഡെമിൻ ഈ വിമാനം വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീഡിയോയിൽ ഡെമിൻ വില്ലയെ കുറിച്ച് വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോയിൽ പടിക്കെട്ടുകൾ കയറി ഡെമിൻ വില്ലയ്ക്കകത്തേക്ക് കയറുന്നത് കാണാം. ശരിക്കും പുറത്ത് നിന്ന് കാണുമ്പോൾ ഒരു വിമാനം നിർത്തിയിട്ടിരിക്കുന്നതായിട്ടാണ് തോന്നുന്നത്. വില്ലയുടെ മുറികളിൽ ഇരിക്കുമ്പോൾ പോലും സമുദ്രം കാണാവുന്ന തരത്തിലാണ് വിമാനത്തെ മാറ്റിയിരിക്കുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളും ഈ വില്ലയ്ക്ക് അകത്തുണ്ട്.
വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഈ വില്ല ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം