നിന്നെയിനിയീ പരിസരത്ത് കാണരുത്; മുട്ടയെടുക്കാൻ കിളിക്കൂട്ടിലെത്തിയ പാമ്പിനെ കൊത്തിയോടിച്ച് കിളികൾ
കൂടിനരികിലെത്തിയ പാമ്പ് ഒട്ടും അമാന്തിക്കാതെ അതിനുള്ളിലേക്ക് തലയിട്ടു. പിന്നീട് നടന്നത് പൊരിഞ്ഞ പോരാട്ടമായിരുന്നു.
എല്ലാ ജീവജാലങ്ങൾക്കും ചില സവിശേഷതകൾ ഉണ്ട്. അതിൽ പ്രധാനമാണ് അവയുടെ സന്താനങ്ങളെ പുനരുൽപ്പാദിപ്പിക്കാനും സംരക്ഷിക്കാനുമുള്ള അവയുടെ കഴിവ്. അതിന് വെല്ലുവിളിയാകുന്ന സാഹചര്യങ്ങളെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമവും ഉണ്ടാകും. അത്തരത്തിൽ ഒരു ചെറുത്തുനിൽപ്പിന്റെയും സംരക്ഷണ വലയം തീർക്കുന്നതിന്റെയും കൗതുകകരമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വരികയുണ്ടായി. ട്രാവൽ എക്സ്പ്ലോർ പ്രൊട്ടക്റ്റ് എന്ന സോഷ്യൽ മീഡിയ ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ തങ്ങളുടെ കൂട്ടിൽ കയറി മുട്ട മോഷ്ടിക്കാൻ ശ്രമം നടത്തുന്ന ഒരു പാമ്പിനെ നാല് കിളികൾ ചേർന്ന് കൊത്തി ഓടിക്കുന്നതാണ്.
ബൂംസ്ലാംഗ് ഇനത്തിൽപ്പെട്ട ഒരു പാമ്പാണ് ഈ വീഡിയോയിലെ വില്ലൻ. അത് കിളിക്കൂടുകൾ തൂങ്ങിക്കിടക്കുന്ന ഒരു മരത്തിന്റെ ശിഖരത്തിലൂടെ കൂടുകൾ ലക്ഷ്യമാക്കി ഇഴഞ്ഞു വരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. കിളിക്കൂടുകൾക്ക് സമീപത്തായി ശത്രുവിനെ നിരീക്ഷിച്ച് ഏതാനും കിളികളും പറക്കുന്നത് കാണം. കൂടിനരികിലെത്തിയ പാമ്പ് ഒട്ടും അമാന്തിക്കാതെ അതിനുള്ളിലേക്ക് തലയിട്ടു. പിന്നീട് നടന്നത് പൊരിഞ്ഞ പോരാട്ടമായിരുന്നു. പാമ്പിനെ തുരത്തിയോടിച്ച് തങ്ങളുടെ മുട്ടകൾ സംരക്ഷിക്കുക എന്ന ഒറ്റലക്ഷ്യത്തോടെ കിളികൾ ഒറ്റക്കെട്ടായി. അവ പാമ്പിനെ പറന്നു നടന്ന് തലങ്ങും വിലങ്ങും കൊത്തി. ആദ്യം പാമ്പ് അത് അത്ര കാര്യമാക്കിയില്ല എന്നു മാത്രമല്ല ഒരു കൂസലുമില്ലാതെ മുട്ട മോഷണം തുടരുകയും ചെയ്യുന്നു. പക്ഷേ, അധികം വൈകാതെ കളിമാറി, കളികളുടെ ആക്രമണം സഹിക്കവയ്യാതെ ആശാൻ ജീവനും കൊണ്ട് രക്ഷപ്പെടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ നിരവധിയാളുകളാണ് ഇതിനോടകം കണ്ടത്. 2023 ഡിസംബർ 30 -ന് സമാനമായ മറ്റൊരു വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരുന്നു, ഇതിലും ഒരു പക്ഷി പാമ്പിനോട് പോരാടുന്ന ദൃശ്യങ്ങളാണ് ഉള്ളത്. തുടക്കത്തിൽ, പക്ഷിയുടെ ശ്രമങ്ങൾ പരാജയപ്പെടുകയും, ഒടുവിൽ, അത് പാമ്പിനെ കൊത്തി നിലത്ത് വീഴ്ത്തുകയും ചെയ്യുന്നതാണ് വീഡിയോ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം