തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് ബംഗാൾ കടുവ, കൂസലില്ലാതെ വന്ന് കൂടെക്കൂട്ടി ഉടമ!
എന്തായാലും വീഡിയോ കണ്ടവരെല്ലാം അമ്പരന്ന് പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റും ഷെയറുമായി എത്തിയതും.
രാവിലെ വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ മുന്നിലൂടെ ഒരു കടുവ നടന്നു വരുന്നത് കണ്ടാൽ എന്താവും അവസ്ഥ? മെക്സിക്കോ(Mexico)യിൽ സംഭവിച്ചതും അതാണ്. അവിടെ ഒരു റെസിഡൻഷ്യൽ ഏരിയയിലെ തെരുവുകളിൽ ഒരു ബംഗാൾ കടുവ (Bengal Tiger) അലഞ്ഞുതിരിഞ്ഞു നടന്നത് ഒരേ സമയം ആളുകളെ ഭയപ്പെടുത്തുകയും അവരിൽ കൗതുകമുണർത്തുകയും ചെയ്തു.
നയരിറ്റിലെ ടെക്വാലയിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലെ നടപ്പാതയിലൂടെ കടുവ നടക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ആകെ അമ്പരന്നുപോയ നാട്ടുകാർ ദൂരെ നിന്ന് അതിനെ നോക്കുന്നത് കാണാം. ഒരു കുട്ടി മമ്മീ എന്ന് വിളിച്ച് അലറുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, 'ഒച്ചവയ്ക്കാതിരിക്ക്, അത് മറുവശത്താണ് നിന്നെ ഒന്നും ചെയ്യില്ല' എന്നാണ് സ്ത്രീ കുട്ടിയോട് പറയുന്നത്.
എന്നാൽ, ഒരാൾ ദൂരെയാണ് എങ്കിലും കടുവ അപകടകാരിയാണ് എന്ന് സ്ത്രീയോടും കുട്ടിയോടും പറയുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോയുടെ അവസാനം കടുവയുടെ ഉടമ എന്ന് തോന്നുന്ന ഒരാൾ കയ്യിൽ ഒരു കയറുമായി വരികയും അതിന്റെ കഴുത്തിൽ ചുറ്റി അതിനെ നടത്തിക്കൊണ്ടുപോവുന്നതും കാണാം. കടുവ അയാളോട് അനുസരണയോടെയാണ് പെരുമാറുന്നത്.
എന്തായാലും വീഡിയോ കണ്ടവരെല്ലാം അമ്പരന്ന് പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റും ഷെയറുമായി എത്തിയതും. 'വെറുമൊരു പോമറേനിയനെ പോലെ നിങ്ങൾക്കൊരു കടുവയെ കൊണ്ടുപോവാനാകുമോ' എന്നാണ് ഒരാൾ അതിശയത്തോടെ വീഡിയോ ഷെയർ ചെയ്തുകൊണ്ട് എഴുതിയത്. എന്നാൽ, കടുവ ആകെ മെലിഞ്ഞിരിക്കുന്നു, അത് പട്ടിണി കിടക്കുകയായിരുന്നു എന്ന് തോന്നുന്നു. ആ മനുഷ്യൻ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന് കടുവയുടെ കാര്യത്തിൽ ആശങ്ക പുലർത്തിയ മൃഗസ്നേഹികളും ഉണ്ട്.
ഏതായാലും വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്.
കഴിഞ്ഞ ദിവസം യുഎസിലെ ടെക്‌സാസില്‍ ജനവാസ മേഖലയിൽ ഇതുപോലെ ഒരു ബംഗാൾ കടുവ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു. പിന്നീട് പൊലീസെത്തി കടുവയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അപ്പോഴേക്കും ഉടമയെത്തി കടുവയെ കൊണ്ടുപോവുകയായിരുന്നു. ഒടുവിൽ, കടുവയുടെ ഉടമയെന്ന് സംശയിക്കുന്ന 26 -കാരനായ വിക്ടര്‍ ഹ്യൂഗോ ക്യുവാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഇയാളുടെ അഭിഭാഷകൻ ഇയാൾ കടുവയെ വളർത്തുന്നില്ല എന്ന് വാദിച്ചു. വീട്ടിൽ നടത്തിയ പരിശോധനയിലും കടുവയെ വളർത്തുന്നതിന്റെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. എന്നാൽ, വാടകവീട്ടിലാണ് ഇയാൾ കടുവയെ വളർത്തുന്നത് എന്ന തരത്തിലുള്ള വാർത്തകളും ഉണ്ടായിരുന്നു.
ഏതായാലും ഈ ബംഗാൾ കടുവയുടെ വീഡിയോയും അന്ന് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.