തൊപ്പിയിൽ 735 മുട്ടകൾ, ഒരെണ്ണം പോലും പൊട്ടാതെ ബാലൻസിംഗ്, ഗിന്നസ് വേൾഡ് റെക്കോർഡുമായി യുവാവ്
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയവരുടെ പട്ടികയിൽ പല രാജ്യത്തുനിന്നുള്ള ആളുകളുമുണ്ട്. എന്നാൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുന്നത്.
സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ, എളുപ്പത്തിൽ പൊട്ടാൻ സാധ്യതയുള്ള ഒന്നാണ് മുട്ട(egg). എന്നാൽ, ഏറ്റവും കൂടുതൽ മുട്ടകൾ തൊപ്പിയിൽ വച്ച് ബാലൻസ് ചെയ്‌ത് ഗിന്നസ് വേൾഡ് റെക്കോർഡ്(Guinness World Record) നേടിയിരിക്കുകയാണ് ഗ്രിഗറി ഡാ സിൽവ(Gregory Da Silva). പടിഞ്ഞാറൻ ആഫ്രിക്കയിലെ ബെനിൻ സ്വദേശിയാണ് ഗ്രിഗറി. 735 മുട്ടകളാണ് ഒരുസമയം അദ്ദേഹം തന്റെ തൊപ്പിയിൽ വഹിച്ചത്.
ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക പേജിൽ ഗ്രിഗറിയുടെ നേട്ടത്തിന്റെ ഒരു വീഡിയോ അവർ പോസ്റ്റ് ചെയ്തിരുന്നു. "735 മുട്ടകളും ഒരൊറ്റ തൊപ്പിയിൽ വച്ചു ഗ്രിഗറി ഡാ സിൽവ" എന്നായിരുന്നു പോസ്റ്റിൽ എഴുതിയിരുന്നത്. വീഡിയോ 60,000 -ത്തിൽ അധികം ലൈക്കുകൾ നേടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കഴിഞ്ഞു. ഇത്രയധികം മുട്ടകൾ തന്റെ തൊപ്പിയിൽ ഒട്ടിച്ച് വയ്ക്കാൻ ഗ്രിഗറിക്ക് മൂന്ന് ദിവസമെടുത്തുവെന്നാണ് പറയുന്നത്. ചൈനയിലെ സിസിടിവിക്കായുള്ള ജിഡബ്ല്യുആർ സ്പെഷ്യൽ ഷോയിലാണ് ഈ മികച്ച പ്രകടനം അദ്ദേഹം കാഴ്ച വച്ചത്.
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയവരുടെ പട്ടികയിൽ പല രാജ്യത്തുനിന്നുള്ള ആളുകളുമുണ്ട്. എന്നാൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിക്കുന്നത്. ഈയിടെ, 215.16 സെന്റിമീറ്റർ ഉയരമുള്ള തുർക്കിയിലെ റുമെയ്സ ഗെൽഗിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. 2014 -ൽ ജീവിച്ചിരുന്ന ഏറ്റവും ഉയരമുള്ള കൗമാരക്കാരിയെന്ന റെക്കോർഡും അവർ നേടിയിരുന്നു.