126 യാത്രക്കാരുമായെത്തിയ വിമാനത്തിന് റണ്‍വേയില്‍ ഇറങ്ങിയ പാടെ തീപ്പിടിച്ചു

റണ്‍വേയില്‍ ഇറങ്ങിയ ഉടനെ തെന്നിപ്പോയ വിമാനം സമീപത്തെ പുല്‍ത്തകിടിയില്‍ പോയി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന്, വിമാനത്തിന്റെ ചിറകുകള്‍ക്ക് തീപ്പിടിച്ചു. അതോടെ പരിഭ്രാന്തരായ യാത്രക്കാരെ അതിവേഗം വിമാനത്തില്‍നിന്നും പുറത്തിറക്കി.

Airliner crash lands at Miami airport

126 യാത്രക്കാരുമായി വരികയായിരുന്ന യാത്രാ വിമാനത്തിന് വിമാനത്താവളത്തില്‍ ഇറങ്ങിയതിനു പിന്നാലെ തീപ്പിടിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍നിന്ന് വരികയായിരുന്ന വിമാനമാണ് അമേരിക്കയിലെ മിയാമി ര്ാജ്യാന്തര വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ടത്. ലാന്‍ഡിംഗ് ഗിയറിനുണ്ടായ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക അനുമാനം. തീപ്പിടിച്ച വിമാനത്തില്‍നിന്നും യാത്രക്കാരെ മുഴുവന്‍ അതിവേഗം പുറത്തിറക്കിയെങ്കിലും മൂന്ന് പേര്‍ക്ക് ചെറിയ പരിക്കുപറ്റി. വിമാനത്തിന് തീപ്പിടിച്ചതിനു പിന്നാലെ, എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി താറുമാറായെങ്കിലും വൈകാതെ പ്രശ്‌നം പരിഹരിച്ചു. 

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഡൊമിനിക്കന്‍ റിപ്പബ്ലിക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ് എയറിന്റെ ചെലവു കുറഞ്ഞ യാത്രാവിമാനമായ മക്‌ഡോനല്‍ ഡഗ്‌ളസ് എം ഡി-80 വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം റണ്‍വേയിലിറങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. റണ്‍വേയില്‍ ഇറങ്ങിയ ഉടനെ തെന്നിപ്പോയ വിമാനം സമീപത്തെ പുല്‍ത്തകിടിയില്‍ പോയി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന്, വിമാനത്തിന്റെ ചിറകുകള്‍ക്ക് തീപ്പിടിച്ചു. അതോടെ പരിഭ്രാന്തരായ യാത്രക്കാരെ അതിവേഗം വിമാനത്തില്‍നിന്നും പുറത്തിറക്കി. കുട്ടികളും ബാഗേജുകളുമായാണ് പലരും വിമാനത്തില്‍നിന്ന് സാഹസികമായി പുറത്തുകടന്നത്. അതിനിടെ, അഗ്‌നിശമന സേന പാഞ്ഞെത്തി തീകെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. ഇന്ന് കാലത്താണ് വിമാനത്തെ റണ്‍വേയില്‍നിന്നും മാറ്റിയത്. പരിക്കേറ്റ മൂന്ന് യാത്രികരെയും ഉടനെ തന്നെ ശുപത്രിയിലേക്ക് മാറ്റി.

വിമാനത്തിന് തീപിടിച്ചതു കണ്ട യാത്രക്കാര്‍ പരിഭ്രാന്തരായതായി യാത്രക്കാരിലൊരാളായ വെസ്റ്റണ്‍ സ്വദേശി മൗറീസിയോ ഡേവിസ് പറഞ്ഞു. ''വിമാനം മറിഞ്ഞുവീഴുമോ എന്നു ഭയന്ന യാത്രക്കാര്‍ സീറ്റുകളില്‍ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. കുട്ടികളും വൃദ്ധരുമെല്ലാം ഭയന്ന് നിലവിളിച്ചു. വിമാനത്തിന് തീപ്പിടിക്കുന്നത് അറിഞ്ഞതോടെ എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.''-മൗറീസിയോ ഡേവിസ് പറഞ്ഞു.

വിമാനം അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ രണ്ട് റണ്‍വേകള്‍ അടച്ചിട്ടു. ഇത് കാരണം നിരവധി വിമാനങ്ങള്‍ ഏറെ നേരം വൈകി. എന്നാല്‍, വിമാനത്താവളത്തിലെ ഏറ്റവും തിരക്കുള്ള വടക്കന്‍ ഭാഗത്തെ ഈ പ്രശ്‌നം ബാധിച്ചില്ല. അമേരിക്കന്‍ വിമാനങ്ങളുടെ 70 ശതമാനവും പ്രവര്‍ത്തിക്കുന്നത് ഈ ഭാഗത്താണ്. 

 

 

മക്‌ഡോനല്‍ ഡഗ്‌ളസ് എം ഡി-80 വിമാനം ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നാണ് അമേരിക്കയിലേക്ക് വന്നത്. രാജ്യത്തെ നാലാമത്തെ വിമാനക്കമ്പനിയാണ് റെഡ് എയര്‍. വിമാനത്തിന് കൃത്യമായ അറ്റകുറ്റപ്പണികളെല്ലാം നടത്തിയതായും ലാന്റിംഗ് ഗിയറിന് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റിന്റെ ഭാഗത്തുനിന്നുളള പ്രശ്‌നമായിരിക്കുമോ ഇതെന്നാണ് കമ്പനി അധികൃതര്‍ സംശയം പ്രകടിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് യു എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. 
 

Latest Videos
Follow Us:
Download App:
  • android
  • ios