സ്വിഗിയെയും സൊമാറ്റൊയെയും ഡൊമിനോസ് കൈവിടുമോ ?
സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും മത്സര വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ)യുടെ രഹസ്യ ഫയലിംഗിലാണ് ഇന്ത്യയിൽ ഡൊമിനോസ്, ഡങ്കിൻ ഡോനട്ട്‌സ് ശൃംഖല നടത്തുന്ന ജൂബിലന്റ് ഫുഡ് വർക്ക്സ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
റേറ്റ് കൂട്ടിയാൽ ബിസിനസിൽ നിന്നും പിൻമാറുമെന്ന അറിയിപ്പുമായി ഡോമിനോസ് പിസ ഇന്ത്യ. ഡോമിനോസ് പിസ ഇന്ത്യ ഫ്രാഞ്ചൈസി തങ്ങളുടെ കമ്മീഷനുകൾ ഇനിയും ഉയർത്തിയാൽ സൊമാറ്റോ, സ്വിഗി എന്നിവയിൽ നിന്ന് പിൻമാറിയേക്കുമെന്നാണ് സൂചന. സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും മത്സര വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ)യുടെ രഹസ്യ ഫയലിംഗിലാണ് ഇന്ത്യയിൽ ഡൊമിനോസ്, ഡങ്കിൻ ഡോനട്ട്‌സ് ശൃംഖല നടത്തുന്ന ജൂബിലന്റ് ഫുഡ് വർക്ക്സ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
1,567 ഡൊമിനോയും 28 ഡങ്കിൻ ഔട്ട്‌ലെറ്റുകളും ഉൾപ്പെടെ 1,600-ലധികം ബ്രാൻഡഡ് റസ്റ്റോറന്റ് ഔട്ട്‌ലെറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ സേവന കമ്പനിയാണ് ജൂബിലന്റ്. മുൻഗണന, അമിത കമ്മീഷനുകൾ, മറ്റ് മത്സര വിരുദ്ധ രീതികൾ എന്നിവ ആരോപിച്ച് ഒരു ഇന്ത്യൻ റെസ്റ്റോറന്റ് ഗ്രൂപ്പ് സൊമാറ്റോ, സ്വിഗ്ഗി എന്നിവയ്ക്കെതിരെ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇരുവർക്കും എതിരെ ഏപ്രിലിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
സിസിഐ അന്വേഷണത്തിന്റെ ഭാഗമായി ഡോമിനോസ് ഇന്ത്യ ഫ്രാഞ്ചൈസിയിൽ നിന്നും മറ്റ് നിരവധി റെസ്റ്റോറന്റുകളിൽ നിന്നും പ്രതികരണങ്ങൾ തേടി. ഇന്ത്യയിലെ മൊത്തം ബിസിനസിന്റെ 26-27 ശതമാനം മൊബൈൽ ആപ്ലിക്കേഷനും വെബ്‌സൈറ്റും ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് എന്നാണ് കണ്ടെത്തൽ.
സ്‌മാർട്ട്‌ഫോണുകളുടെ വർദ്ധിച്ചുവരുന്ന ഉപയോഗവും ആകർഷകമായ ഓഫറുകളുമാണ് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളെ ഇന്ത്യയിൽ കൂടുതൽ ജനപ്രിയമാക്കിയത്. സൊമാറ്റോയും സ്വിഗ്ഗിയും ഇന്ത്യയിലെ പല റെസ്‌റ്റോറന്റുകളുടെയും ബിസിനസിനെ ദോഷകരമായി ബാധിക്കുന്നുവെന്ന ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ജൂബിലന്റിന്റെ വെളിപ്പെടുത്തൽ. 500,000-ത്തിലധികം അംഗങ്ങളുള്ള നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പരാതിയാണ് സിസിഐ കേസിന് കാരണമായത്.