വ്യാജ സന്ദേശങ്ങൾക്ക് കടിഞ്ഞാണിട്ട് വാട്ട്സ് ആപ്പ്; ഇനി വ്യാജവാർത്തകൾ പ്രചരിക്കില്ല
- വ്യാജവാർത്തകൾ പ്രചരിക്കില്ല
- പുതിയ ഫീച്ചറുമായി വാട്ട്സ് ആപ്പ്
വ്യാജവാർത്തകൾക്കെതിരെ സർക്കാർ രംഗത്ത് വന്നതോടെ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള തിരുമാനമെടുത്ത് വാട്ട്സ് ആപ്പ്. പുതിയ പരീക്ഷണ ഉപകരണങ്ങൾ വാട്ട്സ് ആപ്പിൽ സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്ന ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള ലിങ്ക് ഡിറ്റക്ഷൻ ഫീച്ചർ ആണ് വാട്ട്സ് ആപ്പിലെ മെസ്സേജിംഗ് ആപ്ലിക്കേഷനിൽ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വാട്ട്സ് ആപ്പിൽ സ്വീകരിക്കുന്നതും അയയ്ക്കുന്നതുമായ മെസ്സേജുകൾ വ്യാജമാണോ യഥാർത്ഥമാണോ എന്ന് തിരിച്ചറിയാൻ ഇതുവഴി സാധിക്കും.
ഇത്തരത്തിൽ വ്യാജമായ ഒരു ലിങ്ക് കണ്ടെത്തുകയാണെങ്കിൽ അതിനെ സംശയാസ്പദമായ ലിങ്ക് എന്ന ലേബലിൽ ഉൾപ്പെടുത്തും. മാത്രമല്ല വാർത്ത വ്യാജമാണോ അല്ലയോ എന്ന കാര്യത്തിൽ ഒരു മുന്നറിയിപ്പും ലഭിക്കും. വളരെ ക്രിയാത്മകമായ രീതിയിൽ ഈ ലിങ്ക് പ്രവർത്തിക്കുമെന്നാണ് കരുതപ്പെടുന്നത്. വ്യാജ സന്ദേശങ്ങളുടെ പ്രചരണം തടയാനാകുമെന്നാണ് ഫീച്ചറിന്റെ ഏറ്റവും വലിയ ഗുണം. ഈ ഫീച്ചർ വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ് വാട്ട്സ് ആപ്പ്. ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്ന് ഡൗൺലോഡ‍് ചെയ്ത് ഉപയോഗിക്കാനും സാധിക്കും. തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ, ലിങ്കുകൾ എന്നിവ തടയാനാണ് പ്രധാനമായും ഈ ഫീച്ചർ ഉപയോഗിക്കുന്നത്.
ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിനെ അപകീർത്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വ്യാജവാർത്തകൾക്കുണ്ട്. ആസ്സാമിലും മധ്യപ്രദേശിലും ഉത്തർ പ്രദേശിലും സംഭവിച്ച ആൾക്കൂട്ട ആക്രമണങ്ങൾക്ക് പിന്നിൽ വാട്ട്സ് ആപ്പിലെ വ്യാജ സന്ദേശങ്ങളായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെക്കുറിച്ചുള്ള വ്യാജ സന്ദേശങ്ങളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൂട്ടക്കൊലയിലേയ്ക്ക് നയിച്ചത്. രണ്ട് മാസത്തിനിടെ ഇരുപത് പേരെയാണ് ആൾക്കൂട്ടം അടിച്ചു കൊന്നത്.