'അല്ലാഹുവിന്റെ കണ്ണ്' എന്ന് അമേരിക്കൻ പട്ടാളം പേരിട്ടുവിളിച്ചിരുന്ന, സൊലെമാനിയുടെ ഹൈടെക് 'ഇഎഫ്‌പി' മൈനുകൾ

ഒരു കൊക്കക്കോളാ കാനിന്റെ അത്രയും വലിപ്പം. എന്നാൽ കാണാൻ ഏകദേശം വാട്ടർ പാമ്പിന്റെ ഫുട് വാൽവ് പോലെയുള്ള ആകൃതി. പൊട്ടുമ്പോൾ സാധാരണ സ്ഫോടനങ്ങളിലേതുപോലെ വാഹനങ്ങൾ ചിന്നിച്ചിതറില്ല എങ്കിലും അതിനുള്ളിലുള്ളവർക്ക്  ഗുരുതരമായി പരിക്കേൽക്കും 

What are the EFP hi-tech mines that the US used to call the eye of Allah

'ഐഇഡി' എന്നുവെച്ചാൽ ഇമ്പ്രൂവൈസ്ഡ് എക്പ്ലോസിവ് ഡിവൈസ്. പുൽവാമയിലെ ആക്രമണത്തിൽ ഉപയോഗിക്കപ്പെട്ട സ്‌ഫോടകവസ്‌തു സാങ്കേതികവിദ്യ അതായിരുന്നു. മാവോയിസ്റ്റുകളുടെയും തമിഴ് പുലികളുടെയും ഒക്കെ പ്രിയപ്പെട്ട അക്രമണവിദ്യയായിരുന്നു അത്. 'ഐഇഡി'യുടെ പത്തിരട്ടി പ്രഹരശേഷിയുള്ള, ഒരു സ്ഫോടനസാങ്കേതികവിദ്യയാണ്‌ 'എക്‌സ്‌പ്ലോസീവ്‌ലി ഫോംഡ് പെനിട്രേറ്റർ' അഥവാ 'ഇഎഫ്‌പി'. 'ഐഇഡി' സ്ഫോടകവസ്തുക്കളിലെ 3G ആണെങ്കിൽ ചുരുങ്ങിയത് 5G എങ്കിലുമാണ് 'ഇഎഫ്‌പി'. 

അമേരിക്കയ്ക്ക് നേരെ സിറിയയിൽ, ഇറാഖിൽ, യെമനിൽ അങ്ങനെ മധ്യപൂർവേഷ്യയിൽ അവരുടെ സൈന്യം തങ്ങളുടെ ഹമ്മറുമായി ചെന്നിറങ്ങിയ എല്ലായിടത്തും അവർക്ക് നേരിടേണ്ടി വന്ന തീവ്രവാദികളുടെ കയ്യിലെ വജ്രായുധം ഈ സാങ്കേതിക വിദ്യയായിരുന്നു. അത് നൂറുകണക്കിന് അമേരിക്കൻ കവചിത വാഹനങ്ങളെ ആക്രിക്കടയിലെത്തിച്ചു. ആയിരക്കണക്കിന് അമേരിക്കൻ സൈനികരെ അംഗപരിമിതരാക്കി. നൂറുകണക്കിന് പേരുടെ ജീവനാശത്തിന് ഇരയാക്കി.

 പതിനായിരക്കണക്കിന് ഹൈടെക് 'ഇഎഫ്‌പി' ബോംബുകളാണ് ഇറാനിയൻ എക്സ്പ്ലോസീവ് വിദഗ്ധർ നിർമിച്ച്, വേണ്ട പരിശീലനം ലഭ്യമാക്കി, അമേരിക്കയ്‌ക്കെതിരെ പ്രയോഗിക്കാൻ വേണ്ടി  ഈ തീവ്രവാദികൾക്ക് വിതരണം ചെയ്തിട്ടുള്ളത്. ഇതിനു പിന്നിൽ പ്രവർത്തിച്ച തലച്ചോറായിരുന്നു ജനറൽ കാസിം സൊലെമാനിയുടേത്. അതുകൊണ്ടുതന്നെയായിരുന്നു, ഒരവസരം കൈവന്നപ്പോൾ അമേരിക്ക  തങ്ങളുടെ പക്കലുള്ള സകല സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി, പരമാവധി റിസ്കെടുത്ത്, വരാനിരിക്കുന്ന തിരിച്ചടികളെയും, വിമർശനങ്ങളെയും കണക്കാക്കാതെ ആ തലച്ചോർ എന്നെന്നേക്കുമായി പ്രവർത്തനരഹിതമാക്കാൻ തീരുമാനിച്ചത്.

ജനറലിന്റെ 'ഇഎഫ്‌പി' ബോംബുകളുടെ കുപ്രസിദ്ധി

ഇറാക്കിലെ കിർക്കുക്ക് എന്ന പ്രദേശം. 2006 -ലെ ഒരു നട്ടുച്ച. തീവ്രവാദികളുടെ ബോംബാക്രമണത്തിന് ഇരയായ ഒരു അമേരിക്കൻ കവചിതവാഹനം, ഹമ്മറിൽ നിന്ന് തെളിവുകൾ ശേഖരിക്കുകയായിരുന്നു അമേരിക്കൻ എയർഫോർസിന്റെ ബോംബ് എക്സ്പേർട്ട് ആയ ബ്രെയിൻ കാസ്റ്റ്നർ. ആ വാഹനം ഒറ്റനോട്ടത്തിൽ കണ്ടാൽ ആർക്കും തന്നെ അതിനുള്ളിൽ സംഭവിച്ച ദുരന്തത്തെപ്പറ്റി ധാരണയുണ്ടായെന്നു വരില്ല. 

What are the EFP hi-tech mines that the US used to call the eye of Allah

 

 

രണ്ടേരണ്ട്‌ ദ്വാരങ്ങൾ മാത്രം. ഒരു പ്രവേശന ദ്വാരം അഥവാ എൻട്രി ഹോൾ, ഒരു നിർഗമനദ്വാരം അഥവാ എക്സിറ്റ് ഹോൾ.  രണ്ടിന്റെയും റിമ്മിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉരുകിയ കോപ്പർ ഇപ്പോൾ തണുത്ത് ഉറഞ്ഞിരിക്കുന്നു. അതല്ലാതെ വാഹനത്തിന് വിശേഷിച്ച് ഉലച്ചിലൊന്നും പറ്റിയിട്ടില്ല. എന്നാൽ, അതിനുള്ളിൽ ഉണ്ടായിരുന്ന അമേരിക്കൻ സൈനികരുടെ ശരീരങ്ങൾ സ്‌ഫോടനത്തിൽ ഛിന്നഭിന്നമായിപ്പോയി. അവരിൽ ജീവനോടെ അവശേഷിച്ചിരുന്നവരെ എയർ ആംബുലൻസിൽ അടുത്തുള്ള സൈനിക ആശുപത്രിയിലേക്കു നീക്കിയിട്ടുണ്ട്. തലക്കുമീതെ ഉദിച്ചു നിൽക്കുന്ന ഇറാഖി സൂര്യന്റെ വെയിൽ നിലത്ത് തളം കെട്ടികിടക്കുന്ന ചോരയിൽ വെട്ടിത്തിളങ്ങുന്നുണ്ട്. 

 

What are the EFP hi-tech mines that the US used to call the eye of Allah

" വണ്ടിക്കകത്ത് ഒരു കാൽപാദം വീണുകിടപ്പുണ്ട്.  ഹമ്മറിൽ നിന്ന് സൈനികരെ രക്ഷിച്ചെടുത്ത് എത്രയും പെട്ടെന്ന് ആംബുലൻസിൽ കൊണ്ടുപോകുകയായിരുന്നു. ആ തിരക്കിനിടയിൽ കണ്ണിൽ പെടാതെ പോയതാകും." കാസ്റ്റ്നർ പറഞ്ഞു.

 ജനറൽ കാസിം സൊലെമാനിയെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണാക്രമണം അമേരിക്ക വളരെ വിജയകരമായി പൂർത്തിയാക്കി. സ്ഫോടനം നടന്ന സ്ഥലത്ത് അവശേഷിച്ച ലോഹാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്ത, മോതിരമണിഞ്ഞ ഒരു വിരൽ അതിന് സാക്ഷ്യം പറയുന്നു.  ഇനി എന്തൊക്കെ തിരിച്ചടികളാണ് ഇതിന്റെ പേരിൽ ഇറാന്റെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പോകുന്നത് എന്നറിയില്ല. പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രദേശത്തു പറക്കുന്നു. അതോടൊപ്പം, ഈ സംഭവം ചെയ്തിരിക്കുന്ന മറ്റൊരു കാര്യം,  ജനറൽ കാസിം സൊലെമാനി എന്ന ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സ് തലവന് ഇറാനിലുള്ള യശസ്സിലേക്ക്, ഇറാന്റെ കുപ്രസിദ്ധമായ അത്യാധുനിക സ്‌ഫോടകവസ്‌തു ഗവേഷണ ഉത്പന്നങ്ങൾ അമേരിക്കൻ സൈനികർക്കെതിരെ പ്രയോഗിക്കാൻ  ജനറൽ സൊലെമാനി നടത്തിയ ആസൂത്രിത ശ്രമങ്ങളെ ഒക്കെ മാധ്യമശ്രദ്ധയിലേക്ക് വീണ്ടും കൊണ്ടുവന്നു നിർത്തുകയാണ്. 


എന്താണ് ഇത്രയധികം നാശം വിതച്ചിട്ടുള്ള ഈ 'ഇഎഫ്‌പി' ബോംബുകൾ ?


കാസ്റ്റ്നർ പരിശോധിച്ച ആ ഹമ്മറിൽ ഇത്രകണ്ട് നാശം വിതച്ച സ്ഫോടനസാങ്കേതികവിദ്യയുടെ പേരാണ് 'ഇഎഫ്‌പി'  അഥവാ  'എക്‌സ്‌പ്ലോസീവ്‌ലി ഫോംഡ് പെനിട്രേറ്റർ'. ഇറാനിയൻ എഞ്ചിനീയറിങ്ങിന്റെ ഒരു അത്ഭുതമാണീ സാങ്കേതികവിദ്യ. ഇറാൻ പിന്തുണച്ചിരുന്ന ഷിയാ പക്ഷ തീവ്രവാദികളുടെ ആവനാഴിയിൽ ഈ സർവ്വനാശത്തിന്റെ ബീജം എന്നുമുണ്ടായിരുന്നു. വളരെ ഒതുക്കമുള്ള ഒരു ബോംബ്. അതാണ്  'എക്‌സ്‌പ്ലോസീവ്‌ലി ഫോംഡ് പെനിട്രേറ്റർ'. 

 

ഒരു കൊക്കക്കോളാ കാനിന്റെ അത്രയും വലിപ്പം. എന്നാൽ കാണാൻ ഏകദേശം വാട്ടർ പാമ്പിന്റെ ഫുട് വാൽവ് പോലെയുള്ള ആകൃതി. 'ഷേയ്പ്പ്ഡ് ചാർജ്' എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്‌ഫോടക വസ്തുവിന് അതിന്റെ സ്ഫോടനശക്തി ഒരു പ്രത്യേക ബിന്ദുവിലേക്ക് കേന്ദ്രീകരിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇത് ട്രിഗർ ആകുന്ന ആ നിമിഷം, ഒരു പീരങ്കിയുണ്ടപോലെ എത്ര ശക്തമായ ആർമറുകളെയും തുളച്ച് കയറും. സ്‌ഫോടകവസ്‌തു വെടിക്കുമ്പോൾ ഉണ്ടാകുന്ന ഊർജം ലോഹകവചങ്ങളെ ഉരുക്കാൻ പര്യാപ്തമാണ്. പൊട്ടിത്തെറിച്ചാൽ ഇത് നിമിഷനേരം കൊണ്ട് പതിനായിരക്കണക്കിന് ലോഹച്ചീളുകൾ കവചിത വാഹനങ്ങൾക്കുള്ളിൽ ഇരിക്കുന്ന സൈനികരുടെ ദേഹത്തേക്ക് കയറ്റിവിടുകയായി. ഇത് തോക്കിൽ നിന്ന് വരുന്ന ഉണ്ട പോലെ, വാഹനങ്ങളിൽ എൻട്രി, എക്സിറ്റ് ദ്വാരങ്ങളുണ്ടാക്കും. സ്‌ഫോടനത്തിന്റെ ഫലസിദ്ധി അത്രയ്ക്ക് അക്രമാസക്തമായി ദൃശ്യമല്ലെങ്കിലും, അവിടെ നിൽക്കുന്ന മനുഷ്യർക്ക് അതുണ്ടാക്കുന്ന പ്രയാസങ്ങൾ സാധാരണ സ്ഫോടനങ്ങളെക്കാൾ ഒക്കെ ഏറെ അധികമായിരിക്കും. താൻ ഇന്നുവരെ കണ്ടതിൽ വെച്ച് ഏറ്റവും മാരകമായ ഓൺ ഫീൽഡ് മൈൻ ആണ്   'ഇഎഫ്‌പി' എന്നാണ് കാസ്റ്റ്നർ പറയുന്നത്. 

 

What are the EFP hi-tech mines that the US used to call the eye of Allah

സ്ഫോടകഫലമായി രൂപം കൊള്ളുന്ന കോപ്പർ സ്ലഗ്ഗുകൾക്ക് ( copper slugs) മാക് 6 വേഗം വരെ എത്താനാകും. അതായത് ഏകദേശം 2000 m/s    വേഗം. ഒരു അമേരിക്കൻ സേന ഇറാഖിൽ ഉപയോഗിക്കുന്ന .50 കാലിബർ സ്നൈപ്പർ റൈഫിളിൽ നിന്ന് പുറപ്പെടുന്ന ഉണ്ട പരമാവധി ആർജ്ജിക്കുന്ന വേഗത 900 m/s ആണ് എന്നോർക്കുക.  സ്ഫോടനശക്തി ഒരു പ്രത്യേക ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്ന ഷേയ്പ്പ്ഡ് ചാർജ്ജുകൾ ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നത് രണ്ടാം ലോക മഹായുദ്ധത്തിനിടെയാണ് എങ്കിലും, അതിനെ ഇത്രമേൽ സോഫിസ്റ്റിക്കേറ്റഡ് ആയ ഒരു സാങ്കേതിക വിദ്യയോട് ചേർത്തുകൊണ്ട്  ഇറാൻ 'ഇഎഫ്‌പി' ബോംബ് ആക്കി അവതരിപ്പിക്കുന്നത് നമ്മൾ കണ്ടത് 1990 -ൽ പലസ്തീനിലാണ്. ഇസ്രയേലികളുമായി പോരാടി, ഒടുവിൽ ഇറാഖിലേക്ക് പലായനം ചെയ്യും മുമ്പ് ഹിസ്‌ബൊള്ളകളാണ് 'ഇഎഫ്‌പി' ബോംബുകളുടെ പ്രഹരശേഷി ഇസ്രായേലി സൈനികരെ ബോധ്യപ്പെടുത്തുന്നത്. അന്നുതൊട്ടിന്നുവരെ പ്രദേശത്തെ സകല തീവ്രവാദികൾക്കും വേണ്ട 'ഇഎഫ്‌പി' ഡിസൈൻ ചെയ്ത്, നിർമ്മിച്ച് എത്തിച്ചു നൽകിയിരുന്നത് ജനറൽ കാസിം സൊലെമാനി എന്ന സൈനികത്തലവന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു.

വളരെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യേണ്ടുന്ന ഈ ബോംബുകളുടെ പ്രവർത്തന രീതികളും, അത് എങ്ങനെ സെറ്റ് ചെയ്യണം എന്നതും ഒക്കെ അടങ്ങുന്ന സിഡി റോമുകളും അവർ നിർമിച്ചു. ഒറ്റനോട്ടത്തിൽ കണ്ടാൽ പാറക്കഷ്ണം പോലിരിക്കുന്ന തെർമോക്കോൾ ബ്ലോക്കുകൾക്കുളിൽ ഒളിപ്പിച്ച നിലയിലാണ് ഈ ബോംബുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ കണ്ടെത്തുക ഏറെ ദുഷ്കരമാണ്. 

What are the EFP hi-tech mines that the US used to call the eye of Allah

അതിനുള്ളിൽ നിന്ന് ചെറിയൊരു ഇൻഫ്രാറെഡ് ലെൻസ് പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടാകും എന്നത് മാത്രമാണ് ഇത് ബോംബ് ആണെന്ന് ഉറപ്പിക്കാനുള്ള വരെയുള്ള മാർഗം. ഈ ഇൻഫ്രാറെഡ് ഐ ആണ് ഇതിന്റെ ട്രിഗറിങ് മാർഗം. ഇതിലൂടെ വരുന്ന ഇൻഫ്രാറെഡ് ബീം മുറിച്ചു കടന്ന് വാഹനം പോകുമ്പോഴാണ് ബോംബ് ട്രിഗർ ആകുന്നതും സ്ഫോടനം നടക്കുന്നതും. ഷോപ്പിംഗ് മാളുകളിലും മറ്റും നമ്മൾ കണ്ടുവരുന്ന ഓട്ടോമാറ്റിക് ഡോറുകളിലൊക്കെ ഇതേ സാങ്കേതികതയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  ഈ ഇൻഫ്രാറെഡ് കണ്ണുകളെ സൂചിപ്പിക്കാൻ വേണ്ടി അമേരിക്കൻ സൈനികർ പ്രസ്തുത 'ഇഎഫ്‌പി' ബോംബുകൾ വിളിച്ചിരുന്ന പേര് 'അല്ലാഹുവിന്റെ കണ്ണുകൾ' എന്നായിരുന്നു.

അമേരിക്കൻ സൈനിക ഗവേഷകരും ഇറാനിയൻ ബോംബ് ഡിസൈനർമാരും തമ്മിൽ ക്രിയേറ്റിവിറ്റിയുടെ കാര്യത്തിൽ ഒരു മത്സരമായിരുന്നു അക്കാലത്ത് നടന്നിരുന്നത്. ഈ 'ഇഎഫ്‌പി' ബോംബുകളുടെ ഇൻഫ്രാറെഡ് കണ്ണുകളെ പറ്റിക്കാൻവേണ്ടി, വാഹനം അടുത്തെത്തും മുമ്പ് ബീമിനെ കട്ടുചെയ്യാൻ വേണ്ടി കണ്ടാമൃഗത്തിന്റെ കൊമ്പ് ( Rhino's Horn) എന്ന പേരിൽ ഒരു ആന്റിന വെക്കാൻ തുടങ്ങി. അതോടെ ആ ബോംബുകൾ വാഹനങ്ങൾക്ക് ചില്ലറ തകരാറു പറ്റിക്കൊണ്ടിരുന്നു എങ്കിലും,   ആളപായമുണ്ടാവുന്നത് കുറഞ്ഞു. 

 

എന്നാൽ അടുത്ത ഡിസൈനുകളിൽ ഈ ആന്റിനകളെക്കൂടി പരിഗണിച്ചുകൊണ്ട്, വേണ്ടത്ര ഡിലേ സംവിധാനം ഏർപ്പെടുത്തി, കൃത്യം വാഹനത്തിന്റെ പാസഞ്ചർ ചേംബർ അടുത്തെത്തുമ്പോൾ മാത്രം ബോംബ് പൊട്ടുന്ന രീതിയിൽ സാങ്കേതികത മെച്ചപ്പെടുത്തി ഇറാനിയൻ എക്സ്പ്ലോസീവ് ഡിസൈനർമാർ. ഇങ്ങനെയുള്ള ഹൈ ടെക്ക് ഡിസൈനുകൾ ചെയ്യാനും മാത്രമുള്ള സാങ്കേതികവിദ്യാപരിജ്ഞാനം ഇറാനിയൻ സൈനികശാസ്ത്രജ്ഞർക്ക് ഇല്ല എന്നായിരുന്നു അതുവരെ അമേരിക്കൻ സൈനികർ ധരിച്ചുവെച്ചിരുന്നത്. എന്നാൽ, ഈ ഡിസൈനുകൾ വാഹനങ്ങളെ വീണ്ടും വളരെ ഫലപ്രദമായി ചിന്നഭിന്നമാക്കാൻ തുടങ്ങിയതോടെ അത് അവർക്ക് നല്ലപോലെ ബോധ്യപ്പെട്ടു. അതുകൊണ്ടാണ് അതിനു പിന്നിലെ രാസത്വരകത്തെത്തന്നെ ഇല്ലാതാക്കാൻ അമേരിക്ക തീരുമാനിച്ചതും. 

What are the EFP hi-tech mines that the US used to call the eye of Allah


ലിസ് വീലർ എന്ന അമേരിക്കൻ ടെലിവിഷൻ ജേർണലിസ്റ്റിന്റെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പോലും റ്റീട്വീറ്റ് ചെയ്തിട്ടുള്ള ഒരു ട്വീറ്റിൽ ജനറൽ കാസിം സൊലെമാനിയെപ്പറ്റിയുള്ള പരാമർശം ഇങ്ങനെ

" സൊലെമാനി ഇന്നോളം കൊന്നിട്ടുള്ളത് 603 അമേരിക്കൻ സൈനികരെയാണ്.  
  ആയിരക്കണക്കിന് സൈനികരെ ആജീവനാന്തം വീൽചെയറിലാക്കിയതും അയാളാണ്.
  അമേരിക്കൻ എംബസിക്കു നേരെ നടന്ന ആക്രമണത്തിന് അംഗീകാരം നൽകിയത് സൊലെമാനിയാണ്.
  അമേരിക്കൻ പൗരന്മാരെ വധിക്കാനുള്ള ഗൂഢാലോചനയിലായിരുന്നു അയാൾ അന്നും.
  അയാൾ കൊല്ലപ്പെടാൻ അർഹനാണ്. എല്ലാ അർത്ഥത്തിലും.
  അയാളുടെ മരണത്തിൽ നിങ്ങൾക്ക് അനുശോചിക്കാൻ തോന്നുന്നുണ്ട് എങ്കിൽ
  ട്രംപിനെ നിങ്ങൾ ഒരു തീവ്രവാദിയെക്കാൾ എത്രയോ ഇരട്ടി വെറുക്കുന്നുണ്ടാകണം. "

 

Latest Videos
Follow Us:
Download App:
  • android
  • ios