വിന്‍ഡോസിലെ പാളിയ അപ്‌ഡേറ്റ്, ചോദ്യത്തിന് മുന്നില്‍ ഉത്തരംമുട്ടി, വെള്ളം കുടിച്ച് ക്രൗഡ്‌സ്ട്രൈക്ക് സിഇഒ
ഒരൊറ്റ അപ്‌ഡേറ്റ് എങ്ങനെ എല്ലാം കുളമാക്കി? ചോദ്യത്തിന് മുന്നില്‍ വിറയ്ക്കുന്ന ക്രൗഡ്‌സ്ട്രൈക്ക് സിഇഒയുടെ ദൃശ്യങ്ങള്‍
വാഷിംഗ്‌ടണ്‍: സൈബര്‍ സുരക്ഷാ സേഫ്റ്റ്‌വെയര്‍ വിതരണക്കാരായ ക്രൗഡ്‌സ്ട്രൈക്കിന്‍റെ അപ്‌ഡേറ്റിലെ ഒരൊറ്റ പിഴവാണ് ലോകം മൊത്തം നിശ്ചലമാക്കിയ മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒഎസ് തകരാറിന് കാരണമായത്. ഇക്കാര്യം ക്രൗഡ്‌സ്ട്രൈക്ക് സഹസ്ഥാപകനും സിഇഒയുമായ ജോര്‍ജ് കുര്‍ട്‌സ് മുമ്പ് സ്ഥിരീകരിച്ചിരുന്നു. എങ്ങനെയാണ് അപ്‌ഡേറ്റില്‍ വന്ന ഒരു പിഴവ് ലോകത്തെ മൈക്രോസോഫ്റ്റ് ശൃംഖലയാകെ താറുമാറാക്കിയത് എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മുന്നില്‍ തൊണ്ടയിടറി, വിയര്‍ത്ത്, ഉത്തരംമുട്ടി, വെള്ളംകുടിക്കുന്ന കുര്‍ട്‌സിനെയും ലോകം കണ്ടു. ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്.
ഒരൊറ്റ അപ്‌ഡേറ്റിലുണ്ടായ പിഴവാണ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളില്‍ പ്രശ്‌നം സൃഷ്ടിച്ചത് എന്നായിരുന്നു എക്‌സിലൂടെ ക്രൗഡ്‌സ്ട്രൈക്ക് സിഇഒ ജോര്‍ജ് കുര്‍ട്‌സിന്‍റെ വിശദീകരണം. ഇതിനെ കുറിച്ചായിരുന്നു എന്‍ബിസി ചാനലിലെ ഡുഡേ ഷോയില്‍ അവതാകരയുടെ ചോദ്യം. 'ഒരൊറ്റ് അപ്‌ഡേറ്റിലുണ്ടായ പിഴവാണ് വ്യോമയാന രംഗം താറുമാറാക്കിയതും ക്രഡിറ്റ് കാര്‍ഡ് പെയ്‌മെന്‍റുകളും ബാങ്കിംഗ് സേവനങ്ങളും ചാനല്‍ ബ്രോഡ്‌കാസ്റ്റുകളും എമര്‍ജന്‍സി സര്‍വീസുകളും താറുമാറാക്കിയത് എന്നാണ് താങ്കളുടെ വിശദീകരണത്തില്‍ നിന്ന് മനസിലാവുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയൊരു കമ്പനിക്ക് മതിയായ ബാക്ക്‌അപ്പ് ഇല്ലാതെവന്നത്. എങ്ങനെയാണ് ഒരേയൊരു സോഫ്റ്റ്‌വെയര്‍ ബഗ് ഇത്രയും വേഗത്തില്‍ വലിയ ആഗോള പ്രശ്നത്തിന് കാരണമായത്?'- ടെലിവിഷന്‍ അവതാരക ചോദിച്ചു.
എന്നാല്‍ ഈ ചോദ്യത്തിന് മുന്നില്‍ ക്രൗഡ്‌സ്ട്രൈക്ക് സിഇഒ ജോര്‍ജ് കുര്‍ട്‌സ് വിയര്‍ത്തു. തൊണ്ടയിടറിയ കുര്‍ട്‌സിന് തന്‍റെ വാക്കുകള്‍ മുഴുമിപ്പിക്കാനായില്ല. ഉടന്‍ വെള്ളമെടുത്ത് കുടിച്ച ശേഷമാണ് അദേഹം മറുപടി തുടര്‍ന്നത്. ചോദ്യത്തിന് മുന്നില്‍ അടിമുടി പതറിയ ജോര്‍ജ് കുര്‍ട്‌സിന്‍റെ ദൃശ്യങ്ങള്‍ക്ക് ലക്ഷക്കണക്കിന് വ്യൂവാണ് ഇതിനകം എക്‌സില്‍ ലഭിച്ചത്.
വെള്ളിയാഴ്‌ചയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 85 ലക്ഷം കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടത്. സൈബർ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്സ്ട്രൈക്കിന്‍റെ ഫാൽക്കൺ സെൻസർ എന്ന സുരക്ഷാ സോഫ്റ്റ്‍വെയറിലെ അപ്‌ഡേറ്റില്‍ വന്ന പിഴവാണ് മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളെ സാങ്കേതിക പ്രശ്നത്തിലേക്ക് തള്ളിവിട്ടത്. അമേരിക്കയിലും, യുകെയിലും, ഓസ്ട്രേലിയയിലും ഇന്ത്യയിലും വിമാന സർവീസുകളെ പ്രശ്നം കാര്യമായി ബാധിച്ചു. ബാങ്കിംഗ്, ബിസിനസ്, സര്‍ക്കാര്‍ സംവിധാനങ്ങളെയും വിന്‍ഡോസ് പണിമുടക്കിയത് സാരമായി ബാധിച്ചു. എത്ര കോടിയുടെ നഷ്‌ടമാണ് ഇതിലൂടെ സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ഐടി പ്രതിസന്ധി എന്നാണ് ക്രൗഡ്‌സ്ട്രൈക്ക് അപ്‌ഡേറ്റുണ്ടാക്കിയ വിന്‍ഡോസ് പ്രശ്‌നത്തെ വിശേഷിപ്പിക്കുന്നത്.
Read more: ഉറപ്പായി, ലോകം നേരിട്ടത് ഏറ്റവും വലിയ ഐടി പ്രതിസന്ധി തന്നെ; മൈക്രോസോഫ്റ്റിന്‍റെ കണക്കുകള്‍ സാക്ഷി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം