അന്‍റാര്‍റ്റിക്കയില്‍ നിന്നും മഞ്ഞുമല എത്തിക്കാന്‍ യുഎഇ
ദുബൈ: ജലക്ഷാമം പരിഹരിക്കാന്‍ പുതിയ തയ്യാറെടുപ്പിലാണ് യു.എ.ഇ. 25 വര്‍ഷത്തിനിടെ യു.എ.ഇ കടുത്ത ജലക്ഷാമത്തിലേയ്ക്ക് നീങ്ങുമെന്ന സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം മറികടക്കാനാണ് അന്‍റാറ്റിക്കയില്‍ നിന്നും മഞ്ഞുമല എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത തീരുമാനത്തിലേയ്ക്ക് യു.എ.ഇ നീങ്ങുന്നത്.
ഓരോ മഞ്ഞുമലയിലും നൂറ് കോടിയില്‍ ഏറെ ഗ്യാലന്‍ ശുദ്ധജലം ഉള്ളതായാണ് സൂചന. അന്‍റിക്കയോട് ചേര്‍ന്നുള്ള ഹേഡ് ദ്വീപുകളിലെ മഞ്ഞുമലകളാണ് ഇത്തരത്തില്‍ യു.എ.യില്‍ എത്തിക്കുക. യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ ഫുജൈറയില്‍ നിന്നും ഹേഡ് ദ്വീപുകളിലേക്ക് ഏകദേശം 8800 കിലോമീറ്റര്‍ ദൂരമുണ്ട്.
ഇത്രയും ദൂരം കടലിലൂടെ കപ്പലിന്‍റെ സഹായത്തില്‍ കെട്ടിവലിച്ച് മഞ്ഞുമല എത്തിക്കാനാണ് പദ്ധതി. യുഎഇയുടെ തീരത്തെത്തിച്ചതിന് ശേഷം മഞ്ഞുമലയുടെ ഭാഗങ്ങള്‍ കുടിവെള്ള പ്ലാന്‍റിലേക്ക് മാറ്റും. പദ്ധതി യാഥാര്‍ഥ്യമായാല്‍ മഞ്ഞുമല കാണുന്നതിന് പോലും ധാരാളം പേര്‍ എത്തുമെന്നാണ് കരുതുന്നത്. ഇത് മേഖലയിലെ വിനോദസഞ്ചാരമേഖലക്കും ഉണര്‍വ്വാകുമെന്ന പ്രതീക്ഷയുണ്ട്.
യു.എ.ഇയിലെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ എന്ന സ്ഥാപനമാണ് വിചിത്രമായ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുന്നത്. പത്തുലക്ഷത്തോളം ജനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേയ്ക്ക് ശുദ്ധജലം നല്‍കാന്‍ ഒരു മഞ്ഞുമല തന്നെ ധാരാളമാണെന്നാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോയുടെ വിലയിരുത്തല്‍.