ടെക്സ്റ്റ് ചെയ്ത് നടക്കുന്നവര്‍ ശ്രദ്ധിക്കുക
ലണ്ടന്‍: കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത ജീവിതം ഇന്നില്ല, ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എന്തിന് ബാത്ത്റൂമില്‍ പോലും ഫോണ്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. എന്നാല്‍ നടക്കുമ്പോള്‍ മുന്നിലേക്ക് നോക്കാതെ ഫോണില്‍ നോക്കി നടക്കുന്നവരെ കാണാറില്ലെ. റോഡിലൂടെ കയ്യിലെ മൊബൈല്‍ സ്‌ക്രീനും നോക്കി നടക്കുന്നവരില്‍ പലരും അപകടത്തിനിരയാവാറുണ്ട്.എന്നാലും ഇങ്ങനെ നടക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതാണ് സത്യം.
എന്നാല്‍ ഈ സ്വഭാവം മൂലം ഈ ശീലമുള്ള വ്യക്തിയുടെ ജീവിതത്തിലെ നടത്ത ശീലങ്ങള്‍ മാറുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആംഗ്ലിക്ക റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഇതുസംബന്ധിച്ച് ഒരു പഠനം തന്നെ നടത്തി. ഇത്തരത്തില്‍ സ്ഥിരമായി ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ നടത്തം സാധാരണ നിലയില്‍ പോലും സ്ലോ ആയി മാറും എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.
സ്വാഭാവികമായി ചില സമയങ്ങളില്‍ വേഗതയില്‍ നടക്കാനുള്ള ശേഷി കാലക്രമത്തില്‍ കുറയും. ഇത് ചിലപ്പോള്‍ പെട്ടെന്ന് പ്രതികരിക്കേണ്ട അവസ്ഥയില്‍ ഒരു വ്യക്തിക്ക് പ്രശ്നം സൃഷ്ടിക്കും. ഫോണ്‍ ഉപയോഗിക്കുന്ന ഒരു വ്യക്തി മുന്നോട്ട് നയിക്കുമ്പോള്‍ ഫോണില്‍ തന്നെയാണ് ശ്രദ്ധയെങ്കിലും ചുറ്റിലും ഉള്ള കുഴിയിലോ, ചവറ് കൂനയിലോ വീഴാതിരിക്കാന്‍ ശ്രദ്ധിച്ചാണ് നടക്കുക. ഇതിനാല്‍ തന്നെ തീര്‍ത്തും സ്ലോയായി നടക്കുന്ന രീതി പിന്നീട് ജീവിതത്തില്‍ കയറിക്കൂടും.
ആയിരക്കണക്കിന് പേരിലാണ് സര്‍വ്വകലാശാല ശാസ്ത്രകാരന്മാര്‍ പഠനം നടത്തിയത്. നേരത്തെ തന്നെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത്തരം മൊബൈല്‍ ഉപയോഗത്തിന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ മനസിലാക്കിയെന്നും. ബെല്‍ജിയത്തിലെ ആന്‍റിപേര്‍ നഗരം ടെക്സ്റ്റ് ചെയ്യുന്ന കാല്‍നടക്കാര്‍ക്കും, അല്ലാത്തവര്‍ക്കുമായി പ്രത്യേക പാത തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ചൈനയിലും ഇത്തരം പ്രത്യേക പാതകള്‍ വഴിയാത്രക്കാര്‍ക്ക് വേണ്ടി കാണാം.
പ്ലോസ് വണ്‍ എന്ന മെഡിക്കല്‍ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. അതേ സമയം ഫോണില്‍ സംസാരിച്ച് നടക്കുന്നവരെക്കാള്‍ അധികമാണ് ടെക്സ്റ്റ് ചെയ്ത് നടക്കുന്നവരുടെ ബിഹേവീയര്‍ മാറ്റം എന്നാണ് പഠനം പറയുന്നത്.