ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട്

Telangana Police to Introduce Police Robot in Hyderabad

ഹൈദരബാദ്: ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ടിനെ ഒരുക്കി തെലുങ്കാന പോലീസ്. എച്ച്-ബോട്ട്സ് റോബോട്ടിക്സ് ആണ് ഇത് ഒരുക്കുന്നത്. അവസാനഘട്ട സുരക്ഷ പരിശോധനയിലാണ് ഇപ്പോള്‍ ഇന്ത്യയിലെ ആദ്യ 'റോബോകോപ്പ്'. നടക്കുകയും ആളുകളെ തിരിച്ചറിയുകയും പരാതികള്‍ സ്വീകരിക്കുകയും ബോംബുകള്‍ നിര്‍വീര്യമാക്കുകയും ചെയ്യുന്ന റോബോട്ട് ആണിതെന്ന് തെലുങ്കാന ഐടി സെക്രട്ടറി ജയേഷ് രഞ്ജന്‍ പറഞ്ഞു.

ദുബായില്‍ വിന്യസിച്ചതിനു ശേഷം ലോകത്ത് രണ്ടാമതായി ഇങ്ങനെ ഉപയോഗിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ട് ആണിത്. ഈ റോബോട്ട് ചക്രങ്ങളിലാണ് സഞ്ചരിക്കുന്നത്. ദുബായിലുള്ള റോബോട്ട് ഫ്രാന്‍സിലാണ് നിര്‍മിക്കപ്പെട്ടത്. എന്നാല്‍ ഇത് ഇന്ത്യയിലാണ് പൂര്‍ണ്ണമായും നിര്‍മിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തോടെ ഇതിന്റെ പ്രോട്ടോടൈപ്പ് പൂര്‍ത്തിയാവും. 

രണ്ടു മാസത്തേയ്ക്ക് പരീക്ഷണഘട്ടമായിരിക്കും. ജൂബിലി ഹില്‍സിലെ ചെക്ക്‌പോസ്റ്റില്‍ ഈ വരുന്ന ഡിസംബര്‍ 31 ന് പൊലീസ് റോബോട്ട് സ്ഥാപിക്കും. ഇതിനായി കൂടുതല്‍ ചര്‍ച്ചകള്‍ പൊലീസുമായും സർക്കാരുമായും നടത്തേണ്ടതുണ്ടെന്ന് റോബോട്ടിന്റെ നിർമാതാവ് കിഷാൻ പറഞ്ഞു. 

ഇതേപോലെയുള്ള പത്തു റോബോട്ടുകള്‍ കൂടി നിര്‍മിക്കാനാണ് പദ്ധതി. ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങിയ ഇടങ്ങളിലെ സ്വകാര്യ സുരക്ഷാ സംവിധാനമായും ഉപയോഗിക്കാം. ഒരു വര്‍ഷം ഇത്തരം പത്തു റോബോട്ടുകള്‍ നിര്‍മിക്കാം. ഓരോന്നിനും മൂന്നു ലക്ഷം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് പോളിസി നടപ്പാക്കുമെന്നും ഇത് അതിന്റെ ഭാഗമായിരിക്കുമെന്നും ജയേഷ് രഞ്ജന്‍ പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, ആനിമേഷൻ, സൈബർ സുരക്ഷ തുടങ്ങി എട്ടു മേഖലകളില്‍ പുതിയ പദ്ധതിയ്ക്ക് ആലോചിക്കുന്നുണ്ട്. വരുന്ന മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ പോളിസി കാര്യങ്ങള്‍ക്ക് തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഇലക്ട്രോണിക്‌സ് പ്രോട്ടോടൈപ്പിങ് സെന്ററായ ടി ഹബ് വരുന്ന ഈ വര്‍ഷം അവസാനത്തോടെ ഗച്ചിബൗലിയില്‍ ആരംഭിക്കും. അമ്പതു കോടി രൂപ ചെലവിലാണ് ഇത് വരുന്നത്.

(പ്രതീകാത്മക ചിത്രം)
 

Latest Videos
Follow Us:
Download App:
  • android
  • ios