മാര്‍ച്ച് മുതല്‍ മെയ് വരെ രാജ്യം ചുട്ടുപൊള്ളും
ദില്ലി: മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങള്‍ ചുട്ടുപൊള്ളുമെന്ന് ഇന്ത്യന്‍ കാലവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇതുവരെ രാജ്യം കാണാത്ത ചൂടാണ് വരാന്‍ പോകുന്നത്. ഇത്തവണ ചൂട് ഉയര്‍ന്ന പ്രദേശങ്ങളെയും ബാധിക്കും എന്നാണ് കലാവസ്ഥ വകുപ്പ് പറയുന്നത്. അതായത് ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഹില്‍ സ്റ്റേഷന്‍ തേടിപ്പോയാലും കഴിയില്ലെന്ന് ചുരുക്കം.
116 വര്‍ഷത്തിനുള്ളില്‍ ഏറ്റവും ചൂടുകൂടിയ എട്ട് ജനുവരികളില്‍ ഒന്നാണ് 2017 ലെ ജനുവരി മാസം. ഒരു ഡിഗ്രിയില്‍ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസത്തിലെ അന്തരീക്ഷ താപനിലയില്‍ കാലവസ്ഥ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്ന ശരാശരി വര്‍ദ്ധനവ്. നോര്‍ത്ത് വെസ്റ്റ് മേഖലയില്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ ചൂട് ഈ മാസങ്ങളില്‍ അനുഭവപ്പെടുക എന്നാണ് ഐഎംഡി പറയുന്നത്.
ആഗോളതാപനവും, കാലവസ്ഥ വ്യതിയാനവുമാണ് ഈ കൂടിയ ചൂടിന് കാരണം എന്നാണ് രാജ്യത്തെ ഔദ്യോഗിക കാലവസ്ഥ ഏജന്‍സി പറയുന്നത്. ഉഷ്ണതാപങ്ങളുടെ ഫ്രീക്വന്‍സിയില്‍ വലിയ വര്‍ദ്ധനവാണ് പഠനങ്ങളിലൂടെ രേഖപ്പെടുത്തുന്നത്. ഇതിന് കാരണമാകുന്നത് ഹരിതഗൃഹ വാതകങ്ങളുടെ കൂടിയ ഉത്പാദനമാണ് ഐഎംഡി ഡയറക്ടര്‍ ജനറല്‍ ദ ഹിന്ദു പത്രത്തോട് പറയുന്നു.
ഇത്തവണ രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ എങ്കിലും സാധാരണ വേനല്‍ കാലവസ്ഥയേക്കാള്‍ കൂടിയ ചൂടും, അന്തരീക്ഷ വ്യതിയാനവും ഉണ്ടാകും എന്നാണ് ഐഎംഡി പറയുന്നത്.