മനുഷ്യകുലം വംശനാശ ഭീഷണിയില്‍; കാരണങ്ങള്‍ ഇവയാണ്
ലണ്ടന്‍: മനുഷ്യന്‍റെ ഭൂമിയിലെ വാസത്തിന് അടുത്ത 100 കൊല്ലത്തിന് ഉള്ളില്‍ തന്നെ കാര്യമായ ഭീഷണിവരുമെന്ന് ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്. ഭൂമിയിലെ വാസം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കേണ്ടതുണ്ട്, ഭൂമിക്ക് പുറത്ത് ആവാസ വ്യവസ്ഥയുണ്ടാക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണം. ഓക്സ്ഫഡ് സർവകലാശാലയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഹോക്കിങ്ങിന്‍റെ വെളിപ്പെടുത്തലുകള്‍.
നേരത്തെയും അടുത്തകാലത്ത് നടത്തുന്ന എല്ലാ പ്രഭാഷണങ്ങളിലും ഇത്തരം മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‍റെ ഈ പ്രഭാഷണം ഇപ്പോള്‍ ലോക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ആണവയുദ്ധം, ജനിതകപരിവർത്തനം നടത്തിയ വൈറസിന്‍റെ ആക്രമണം, ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് കൈവരിച്ച യന്ത്രങ്ങള്‍ എന്നിവയാണ് മനുഷ്യന് വെല്ലുവിളി ഉയര്‍ത്തുന്നത് എന്നാണ് ഹോക്കിങ് പറയുന്നത്.
തീര്‍ത്തും ദുര്‍ബലമാണ് ഇപ്പോള്‍ ഭൂമിയുടെ അവസ്ഥ. മറ്റു ഗ്രഹങ്ങളിലേക്ക് താമസം മാറ്റിയാലല്ലാതെ മനുഷ്യകുലത്തിന് നിലനിൽപുണ്ടാകില്ല. അതിനാൽത്തന്നെ ബഹിരാകാശ വിഷയങ്ങളിൽ സാധാരണക്കാരുൾപ്പെടെ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദ ഒറിജിൻ ഓഫ് ദ് യൂണിവേഴ്സ് എന്ന വിഷയത്തിലായിരുന്നു ഹോക്കിങ്ങിന്‍റെ പ്രഭാഷണം.