ഫോണ്‍ വില്‍ക്കുന്നുണ്ടോ? എങ്കില്‍ ഇത് തീര്‍ച്ചയായും അറിയുക
സെക്കന്‍ഹാന്‍റ് ഫോണ്‍ വിപണി ഇന്ന് സജീവമാണ്. മാത്രവുമല്ല പരമാവധി ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താവ് ഒന്നോ രണ്ടോ കൊല്ലമേ ഒരു ഫോണ്‍ ഉപയോഗിക്കാറുള്ളൂ. പിന്നീട് ഓണ്‍ലൈന്‍ സൈറ്റിലോ, അല്ലെങ്കില്‍ പരിചയക്കാര്‍ക്കോ ഫോണ്‍ വില്‍ക്കും ഇതാണ് പതിവ്. ഇന്നത്തെക്കാലത്ത് സ്മാര്‍ട്ട്ഫോണ്‍ എന്നത് ഒരു വ്യക്തിയുടെ സ്വകാര്യവിവരങ്ങളുടെ ഖനിയാണ്. അതിനാല്‍ തന്നെ വില്‍ക്കുമ്പോള്‍ നന്നായി ഒന്ന് ഫോര്‍മാറ്റ് ചെയ്യുകയാണ് പതിവ്.
എന്നാല്‍ ഫോര്‍മാറ്റ് ചെയ്തശേഷം വില്‍പ്പനയ്ക്ക് വച്ചാലും നിങ്ങളുടെ സ്വകാര്യതയുടെ സംരക്ഷണം സാധ്യമാകുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. സ്റ്റെല്ലാര്‍ ഡാറ്റ റിക്കവറിയാണ് ഇത് സംബന്ധിച്ച പഠനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഒരു ഫോണ്‍ ഫോര്‍മാറ്റ് ചെയ്താല്‍ മാത്രം അതിലെ ഫയലുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടുന്നില്ല. നല്ലൊരു ഡാറ്റ ഇറേസര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ഫയലുകള്‍ മായിച്ച് കളഞ്ഞില്ലെങ്കില്‍ ഹാക്കര്‍മാര്‍ക്കും, സൈബര്‍ ആക്രമണങ്ങള്‍ക്കും നിങ്ങളുടെ വിവരങ്ങള്‍ എളുപ്പം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സെക്കന്‍ഹാന്‍റ് വിപണിയില്‍ നിന്ന് ചില ഫോണുകള്‍ വാങ്ങിയാണ് പഠനത്തിന് ആവശ്യമായ പരീക്ഷണം സ്റ്റെല്ലാര്‍ ഡാറ്റ റിക്കവറി നടത്തിയത്. തങ്ങള്‍ വാങ്ങിയ ഫോണില്‍ 90 ശതമാനത്തില്‍ നിന്നും മുന്‍ ഉപയോക്താവിന്‍റെ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പഠനം പറയുന്നത്.