സ്മാര്‍ട്ട്‌ഫോണുകള്‍ കളയരുത്; അതില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിക്കാം
ലണ്ടന്‍: പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് സാധനങ്ങളില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാമെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ കണ്ടെത്തല്‍. ബ്രിട്ടനിലെ എഡിന്‍ബറോ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ രീതി വികസിപ്പിച്ചത്. നിലവില്‍ പഴയ ഇലക്ട്രോണിക് സാധനങ്ങളില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന രീതിയുണ്ട്. എന്നാല്‍ ഇത് വളരെ പ്രശ്നം നിറഞ്ഞതും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമാണ്.
ലോകത്ത് നിലവിലുള്ള സ്വര്‍ണ്ണത്തിന്റെ ഏഴ് ശതമാനം സ്മാര്‍ട്ട്‌ഫോണുകള്‍, ടിവി, കംപ്യൂട്ടറുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉത്പന്നങ്ങളിലാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാവുന്ന ലളിത മാര്‍ഗ്ഗമാണ് കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളിലെ സര്‍ക്ക്യൂട്ട് ബോര്‍ട്ടുകള്‍ പ്രിന്റ് ചെയ്യുന്നതിനാണ് സ്വര്‍ണ്ണം ഉപയോഗിക്കുന്നത്.
നമ്മുടെ ഊഹങ്ങള്‍ക്കും അപ്പുറത്താണ് ഇലക്ട്രോണിക് മേഖലയില്‍ ഉപയോഗിക്കുന്ന സ്വര്‍ണ്ണം. ഏകദേശ കണക്കനുസരിച്ച് ഇപ്പോള്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം കിലോഗ്രാം സ്വര്‍ണ്ണമാണ് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാത്രമായി ഉപയോഗിക്കുന്നത്.
ഇത് വര്‍ഷാ വര്‍ഷം കൂടി വരികയാണ്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന സ്വര്‍ണ്ണം തിരികെ വേര്‍തിരിച്ചെടുക്കാനായാല്‍ അത് വലിയ നേട്ടമായിരിക്കും. പ്രത്യേകിച്ച് ലോകം നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നായി ഇലക്ട്രോണിക് മാലിന്യം മാറിയ സാഹചര്യത്തില്‍.
സ്വര്‍ണ്ണം വേര്‍തിരിക്കുന്നതിന് ഇലക്ട്രോണിക് ഉപകരണങ്ങളിലെ സര്‍ക്ക്യൂട്ട് ബോര്‍ഡുകള്‍ ആദ്യമായി ആസിഡ് കലര്‍ത്തിയ ഒരു ലായനിയില്‍ ഇടുകയാണ് ചെയ്യുക. ഇതോടെ ലോഹഭാഗങ്ങള്‍ പൂര്‍ണ്ണമായും ആസിഡില്‍ അലിഞ്ഞു ചേരും. ഇതിന് ശേഷം എണ്ണമയമുള്ള മറ്റൊരു ലായനിയില്‍ ഇത് നിക്ഷേപിക്കുന്നു.
ഇതോടെ സ്വര്‍ണ്ണം മറ്റു ലോഹങ്ങളില്‍ നിന്നും വേര്‍തിരിയുന്നു. ഈ കണ്ടെത്തല്‍ ഇലക്ട്രോണിക് സാധനങ്ങളില്‍ നിന്നും വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്നതിന് കാരണമാകുമെന്നാണ് കരുതുന്നത്.