അര്‍ബുദത്തെ ചെറുക്കുന്ന നെല്ലിനങ്ങള്‍ കണ്ടെത്തി
റായ്‌പുര്‍: അര്‍ബുദത്തെ ചെറുക്കാന്‍ ഛത്തിസ്‌ഗഡിലെ മൂന്നിനം പരമ്പരാഗത നെല്ലുകള്‍ക്കു കഴിയുമെന്നു കണ്ടെത്തല്‍. ഛത്തീസ്‌ഗഡിന്‍റെ തനത് നെല്ലിനങ്ങളായ ഗാത്‌വാന്‍, മഹാരാജി, ലെയ്‌ച എന്നിവയില്‍ അര്‍ബുദത്തെ തടയാന്‍ശേഷിയുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നു ശാസ്‌ത്രജ്‌ഞന്‍ ദീപക് ശര്‍മ പറഞ്ഞു.
റായ്‌പുര്‍ ഇന്ദിരാ ഗാന്ധി കൃഷി വിശ്വവിദ്യാലയ(ഐ.ജി.കെ.വി), മുംബൈ ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്റര്‍(ബി.എ.ആര്‍.സി) എന്നീ സ്‌ഥാപനങ്ങള്‍ സംയുക്‌തമായാണു ഇതുസംബന്ധിച്ച പഠനം നടത്തിയത്. കൃഷി വിശ്വവിദ്യാലയത്തിന്റെ ജനിതക ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന നെല്‍വിത്തുകളാണു പഠനത്തിനുപയോഗിച്ചത്. ശ്വാസകോശ അര്‍ബുദം, സ്‌തനാര്‍ബുദം എന്നിവയെ ഫലപ്രദമായി ചികിത്സിക്കാനും നേരിടാനും കഴിയുന്ന ഘടകങ്ങള്‍ ഇവയിലടങ്ങിയിട്ടുണ്ടെന്നു ദീപക് ശര്‍മ പറഞ്ഞു.
അര്‍ബുദ കോശങ്ങളെ നശിപ്പിക്കാ ന്‍ ലെയ്‌ച അരി കൂടുതല്‍ ഫലപ്രദമാണെന്നു കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭാഭ ആറ്റമിക് റിസര്‍ച്ച് സെന്ററിന്റെ കീഴിലുള്ള ബയോ സയന്‍സ് ഗ്രൂപ്പ് അസോസിയേറ്റ് ഡയറക്‌ടര്‍ വി.പി. വേണുഗോപാലന്റെ നേതൃത്വത്തിലായിരുന്നു ഇതുസംബന്ധിച്ച ഗവേഷണം നടന്നത്.