മരണത്തിന് ശേഷവും ജീവിതം; നിര്‍ണ്ണായകമായ കണ്ടെത്തല്‍

Scientists confirm life after death exists with ground breaking study

ലണ്ടന്‍: ഹൃദയം പ്രവര്‍ത്തനം നിലച്ചശേഷവും മനുഷ്യന്‍റെ ബോധം മറയുന്നില്ലെന്ന് പുതിയ കണ്ടുപിടുത്തം‍. ഹൃദയം നിലച്ച് 30 സെക്കന്‍റിനുള്ളില്‍ മസ്തിഷ്‌കം പ്രവര്‍ത്തനം നിര്‍ത്തുമെന്നും പിന്നീട് തിരിച്ചു വരില്ലെന്നുമാണ് നമ്മുടെ ഇതുവരെയുള്ള ധാരണ. മസ്തിഷ്‌കം പ്രവര്‍ത്തനം നിര്‍ത്തിയാല്‍ ബോധം മറയുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ലെന്നതാണ് പുതിയ കണ്ടെത്തല്‍. 

സൗത്താംടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനമാണ് മരണാനന്തര ജീവിതത്തിന് തെളിവുകള്‍ നിരത്തുന്നത്. ഹൃദയം നിലച്ച ശേഷം മൂന്ന് മിനിറ്റുവരെ മനുഷ്യന്റെ ബോധം മറയുന്നില്ലെന്നതാണ് ഇവരുടെ കണ്ടെത്തല്‍. ഒരു നിമിഷം കൊണ്ട് സംഭവിക്കുന്നതല്ല മരണം എന്നതാണ് ഈ ഗവേഷകര്‍ ഉയര്‍ത്തുന്ന പ്രധാന വാദം. മരണം എന്നത് ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിയാലും സാവധാനത്തില്‍ സംഭവിക്കുന്ന ഒന്നാണെന്ന് ഇവര്‍ പറയുന്നു. 

ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം മുന്നില്‍ കണ്ട 2060 മനുഷ്യര്‍ക്കിടയിലാണ് പഠനം നടത്തിയത്. അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രിയ തുടങ്ങി രാജ്യങ്ങളിൽ നിന്നുള്ളവരെയായിരുന്നു പഠനവിധേയരായത്. വൈദ്യശാസ്ത്രം മരിച്ചെന്ന് വ്യക്തമാക്കിക്കഴിഞ്ഞ ശേഷവും ഏതെങ്കിലും തരത്തിലുള്ള ബോധം ഇവരില്‍ 40 ശതമാനത്തിനും ഉണ്ടായിരുന്നു. ഹൃദയം നിലച്ചശേഷവും എല്ലാവരിലും ബോധം ഉണ്ടായിരുന്നിരിക്കണമെന്നും പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്നതിന് ശേഷം പലരും ഈ സമയത്തെ സംഭവങ്ങള്‍ മറന്നതാകാമെന്നും ഗവേഷക സംഘത്തിലെ ഡോ. പാര്‍നിയ പറയുന്നു. 

ചികിത്സക്കിടെ കഴിക്കുന്ന ശക്തിയേറിയ മരുന്നുകളും മറവിക്ക് കാരണമായേക്കാം. ഇതില്‍ രണ്ട് ശതമാനം പേര്‍ മാത്രമാണ് ശരീരം വിട്ടു പോകുന്നതുപോലുള്ള അനുഭവം തങ്ങള്‍ക്കുണ്ടായതായി പറയുന്നത്. അതേസമയം, ചുറ്റും നടക്കുന്നതെന്തെന്ന് ഇവര്‍ക്കും വ്യക്തമായ ധാരണയുണ്ടായിരുന്നു. പഠനത്തില്‍ പങ്കെടുത്ത പകുതിയോളം പേരും ആ സമയത്തെ പേടിയോടെയാണ് ഓര്‍ക്കുന്നത് തന്നെ. ഇതില്‍ 57കാരനായ ഒരാള്‍ മാത്രമാണ് തനിക്ക് ശരീരം വിട്ടു പോയതു പോലുള്ള അനുഭവമുണ്ടായെന്ന് വ്യക്തമാക്കുന്നത്. മൂന്ന് മിനിറ്റോളം നിലച്ച ശേഷമാണ് ഇയാളുടെ ഹൃദയം വീണ്ടും പ്രവര്‍ത്തിച്ചത്. ഹൃദയം പ്രവര്‍ത്തനം നിലച്ചശേഷം 20-30 നിമിഷങ്ങള്‍ക്കുള്ളില്‍ മസ്തിഷ്‌കം പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കരുതുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios