മുഖം നോക്കാതെ കാര്യം പറയാന്‍ 'സറഹ' !
കഴിഞ്ഞ ഒരാഴ്ചയിലേറെയായി സോഷ്യൽ മീഡിയയിൽ ഏറെയും സംസാരവിഷയം സറഹ (Sarahah ) എന്ന അപ്ലിക്കേഷനാണ് . ആപ്പ് ആന്നിയുടെ കണക്കുകൾ പ്രകാരം ആപ്പിൾ സ്റ്റോറിൽ ഒന്നാമനും ഗൂഗിൾ ആപ്പ് സ്റ്റോറിൽ രണ്ടാമനുമായി ഈ പുത്തൻ അപ്ലിക്കേഷൻ നടന്നുകയറിയത് കുറച്ചുദിവസങ്ങൾക്കിടയിലാണ്. ആയിരം മെസേജെങ്കിലും കൈമാറ്റം ചെയ്യപ്പെടണം എന്ന ലക്ഷ്യവുമായി സൗദി അറേബ്യൻ പ്രോഗ്രാമർ സൈൻ അലബ്ദിൻ തൗഫീഖ് തുടങ്ങിയ ഈ അപ്ലിക്കേഷനുപയോഗിച്ചു മുന്നൂറു മില്യണിലധികം മെസ്സേജുകൾ അയക്കപ്പെട്ടു കഴിഞ്ഞെന്നാണ് അടുത്തിടെ പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത് . യു കെ, യു എസ് ഉൾപ്പെടെ മുപ്പതോളം രാഷ്ട്രങ്ങളിൽ കഴിഞ്ഞയാഴ്ച്ചത്തെ കണക്കുകളിൽ സറഹ അപ്ലിക്കേഷൻ ആപ്പിൾ സ്റ്റോറിൽ ഒന്നാമനാണ് .
എന്താണ് സറഹ ?
നമുക്ക് ഏറ്റവും കൂടുതൽ ആകാംക്ഷയുള്ള കാര്യങ്ങളിലൊന്നാണ് ചുറ്റുമുള്ളവർ എന്താണ് ഉള്ളിന്റെയുള്ളിൽ നമ്മളെ പറ്റി കരുതുന്നതെതെന്ന് . അതുകൊണ്ടൊക്കെ തന്നെയാണ് സറഹ എന്ന അപ്ലിക്കേഷൻ ഇത്രയും ശ്രദ്ധ നേടുന്നത് !
സറഹ എന്ന അറബി വാക്കിന്റെ അർഥം തന്നെ 'സത്യസന്ധത' എന്നാണ്.
സറഹ അപ്ലിക്കേഷൻ തുടങ്ങുമ്പോൾ ഉണ്ടായിരുന്ന ലക്ഷ്യം ജോലിസ്ഥലങ്ങളിൽ മേലധികാരികളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ നേരിട്ടല്ലാതെ പേരും മുഖവും മറച്ചുകൊണ്ട് തന്നെ അവരെ അറിയിക്കാനുള്ള ഒരു പ്ലാറ്ഫോമെന്നായിരുന്നു . ഇവിടെ ആർക്കും സ്വന്തമായി പ്രൊഫൈൽ ഉണ്ടാക്കാം . മുഖചിത്രം ചേർക്കണമോ വേണ്ടയോ എന്നതും എത്രത്തോളം വിവരങ്ങൾ ചേർക്കണമെന്നതും ഓരോ വ്യക്തിയുടെയും താല്പര്യങ്ങളാണ് .
പ്രൊഫൈൽ ഉണ്ടാക്കി കഴിയുമ്പോൾ സ്വന്തമായി ഒരു ഐഡി ലഭിക്കുന്നു. യൂസർ നെയിമിനോടൊപ്പം .sarahah.com എന്ന ഐഡിയാണ് ലഭിക്കുക. ഈ ഐ ഡി സുഹൃദ്‌വലയത്തിലും ജോലിസ്ഥലത്തും പങ്കുവെയ്ക്കുകയാണെങ്കിൽ രജിസ്റ്റർ ചെയ്യാതെ തന്നെ ആർക്കും ഇതിൽ കയറി മെസ്സേജ് അയക്കാം. പ്രസ്തുത വ്യക്തിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാം . ഇനി ഐ ഡി ഇല്ലാതെ തന്നെയും യൂസർ നെയിം അറിയാമെങ്കിൽ അത് ഉപയോഗിച്ച് ഒരാൾക്ക് മെസ്സേജ് അയക്കാം .
എന്താണ് പ്രത്യേകത?
ഇവിടെയുള്ള ഏറ്റവും വലിയ പ്രത്യേകത രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും ആരാണ് മെസ്സേജ് അയക്കുന്നതെന്നു അയച്ചുകിട്ടുന്ന വ്യക്തിക്ക് അറിയുവാൻ കഴിയില്ല . തിരിച്ചു റിപ്ലൈ അയക്കാനുള്ള ഓപ്‌ഷൻ ഇപ്പോൾ ലഭ്യമല്ലെങ്കിലും അതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് ആപ്പിന്റെ ഡെവലപ്പേഴ്‌സ് പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ . സത്യസന്ധമായ അഭിപ്രായങ്ങൾ ഒരാളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണെങ്കിലും അതയാളുടെ നേരെ നിന്ന് പറയുവാൻ പ്രായവും അധികാരങ്ങളും തടസ്സമാണെന്നിരിക്കെ , ഒരു മുഖമൂടിയുടെ പിറകിൽ നിന്ന് പറയുവാനുള്ള അവസരമാണ് സറഹ തരുന്നത് . ഇവിടെ മെസേജയക്കുന്ന വ്യക്തി സ്വയം വേണമെന്ന് വെച്ചാലല്ലാതെ അയാളുടെ ഐഡൻറിറ്റി , അയച്ചുകിട്ടുന്ന വ്യക്തിക്ക് അറിയാൻ സാധ്യമല്ല .
അതുകൊണ്ടൊക്കെ തന്നെയും ലോലഹൃദയർക്ക് ഉള്ളതല്ല ഈ അപ്ലിക്കേഷൻ എന്ന് പലയിടത്തും എടുത്തു പറയുന്നുണ്ട് . ആൻഡ്രോയിഡ് ആപ്പ് സ്റ്റോറിൽ പതിനൊന്നായിരത്തിലധികം 5 / 5 റിവ്യൂകൾ ഉള്ളപ്പോൾ തന്നെയും പതിനായിരത്തിലധികം 1 / 5 റിവ്യൂകളും ഉള്ളത് അതുകൊണ്ടൊക്കെ തന്നെയായിരിക്കണം . തന്നെപറ്റിയുള്ള നല്ല കാര്യങ്ങളല്ലാതെ , വിമർശനങ്ങളും എതിരഭിപ്രായങ്ങളും നല്ല മനസോടെ ഉൾക്കൊള്ളാൻ കഴിയുന്നവർക്ക് മാത്രമേ രസച്ചരട് പൊട്ടാതെ ഈ അപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയുകയുള്ളു .
വ്യക്തിഹത്യ ലക്ഷ്യം വെച്ചുള്ള മെസേജുകൾ ലഭിക്കുകയാണെങ്കിൽ അതയച്ച ആളെ, ആരാണെന്നു അറിഞ്ഞില്ലെങ്കിൽ തന്നെയും ബ്ലോക്ക് ചെയ്യാൻ ഓപ്‌ഷനുണ്ട്. അയച്ചുകിട്ടുന്ന മെസ്സേജുകൾ ഫോർവേഡ് ചെയ്യാനും ഡിലീറ്റ് ചെയ്യാനുമൊക്കെയുള്ള ഓപ്‌ഷനുകളുമുണ്ട് . ഇങ്ങനെ അയച്ചുകിട്ടുന്ന മെസേജുകൾ തിരിച്ചുള്ള മറുപടിയോടുകൂടി വേണമെങ്കിൽ ഫേസ്ബുക് പോലുള്ള സോഷ്യൽ സ്പേസിൽ ഷെയർ ചെയ്യാം . സോഷ്യൽ മീഡിയയിൽ പ്രസ്തുത വ്യക്തിയെ ഫോളോ ചെയ്യുന്നുണ്ടെങ്കിൽ അയക്കുന്ന വ്യക്തിക്ക് അത് കാണുവാനും വേണമെങ്കിൽ കൂടുതൽ മെസ്സേജ് അയക്കുവാനും കഴിയും . സ്നാപ്പ് ചാറ്റും , ഇൻസ്റാഗ്രാമുമായി സറഹ ലിങ്ക് ചെയ്യാനുള്ള ഓപ്‌ഷനുകളും ലഭ്യമാണ് .
യിക് യാക്ക് , സീക്രെട് ,വിസ്പർ എന്നിവ ഇതിനുമുൻപ് ഇതേ ആശയവുമായി വന്നതാണെങ്കിലും അവർ പൊതു ഇടങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തത് . അതുപോലെ അയച്ചുകിട്ടുന്ന മെസ്സേജുകൾക്ക് തിരിച്ചു മറുപടിയയാക്കാനും കഴിയുമെന്നതായതോടെ സ്‌കൂൾ വിദ്യാർത്ഥികൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു . അതുകൊണ്ടുതന്നെ പല സ്‌കൂളുകളും ഈ ആപ്പുകൾ നിരോധിക്കുകയായിരുന്നു .
ഗുണങ്ങള്‍/ ന്യൂനതകള്‍
ഇവിടെ സറഹ മുന്നിലേക്ക് വെയ്ക്കുന്ന ആശയം പ്രൈവസിയും , മെസ്സേജുകൾ മാത്രമാണെന്ന വിശ്വാസ്യതയുമാണ്. തിരിച്ചു മറുപടി അയക്കുവാൻ കഴിയില്ലെന്നതും പ്രതീക്ഷ തരുന്നുണ്ട് . ചെറുപ്പക്കാർക്കിടയിൽ ഈ മെസ്സേജ് ആപ്പ് ഉപയോഗിച്ച് വ്യക്തിഹത്യകളും വംശീയാധിക്ഷേപങ്ങളും വർധിക്കുന്നുണ്ടെന്നുള്ള പരാതിയും ഉയരുന്നുണ്ട്. ഇതൊന്നുമില്ലെങ്കിൽ തന്നെയും പക്വതയെത്താത്ത പ്രായത്തിൽ തങ്ങളെപ്പറ്റി അയച്ചുകിട്ടുന്ന തുറന്ന വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും കടുത്തവിഷാദത്തിലേക്ക് തന്നെ നയിച്ചേക്കാമെന്നുള്ളത് കൊണ്ട് കുട്ടികളിൽ ഇത്തരം ആപ്പിന്റെ ഉപയോഗങ്ങൾ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടത് ആവശ്യമാണെന്ന് കൂടെ തോന്നുന്നു .
ശരിയായി ഉപയോഗിക്കാൻ കഴിയുകയാണെങ്കിൽ സറഹ ഒരു വ്യക്തിയുടെ കൃത്യമായ ഫീഡ്ബാക്ക് പ്ലാറ്ഫോമാണ് .
ആരെയും വെറുപ്പിക്കാതെ തന്നെ നമുക്ക് എവിടെയൊക്കെ മെച്ചപ്പെടുത്താനുണ്ടെന്നു പറഞ്ഞുതരാൻ കഴിവുള്ള ഈ ആപ്ലിക്കേഷനു കോർപറേറ് ലോകത്തിൽ സാധ്യതതകളും ധാരാളമുണ്ട് .