സാംസങ്ങ് ഗ്യാലക്സി നോട്ട് 9 പൊട്ടിത്തെറിച്ചു
അമേരിക്കയിലെ ലോങ് ഐലന്‍റിലെ ഡയന്‍ ചാങ് സ്ത്രീയുടെ ഫോണാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്
ന്യൂയോര്‍ക്ക്: സാംസങ്ങിന്‍റെ ഏറ്റവും പുതിയ ഫോണായ ഗ്യാലക്സി നോട്ട് 9 പൊട്ടിത്തെറിച്ച് തീപിടിച്ചതായി പരാതി. അമേരിക്കയിലെ ലോങ് ഐലന്‍റിലെ ഡയന്‍ ചാങ് സ്ത്രീയുടെ ഫോണാണ് പൊട്ടിത്തെറിച്ച് തീപിടിച്ചത്. ഈ സമയം ഫോണ്‍ ഇവരുടെ പേഴ്സിലായതിനാല്‍ ആപത്ത് ഒഴിഞ്ഞെങ്കിലും ഇവര്‍ സാംസങ്ങിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നുവെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്‍റാണ് ഡയന്‍. സെപ്തംബര്‍ 3നാണ് സംഭവം നടന്നത് എന്നാണ് ഇവര്‍ പറയുന്നത്. ഒരു കെട്ടിടത്തിന്‍റെ ലിഫിറ്റിലായിരുന്നു ഇവര്‍. തന്‍റെ കയ്യില്‍ സൂക്ഷിച്ച പേഴ്സിലായിരുന്നു ഇവര്‍ ഫോണ്‍ സൂക്ഷിച്ചിരുന്നത്. പേഴ്സിന്‍റെ പുറത്തുകൂടി പിടിച്ചപ്പോള്‍ ഫോണ്‍ ചൂടാകുന്നതായി അനുഭവപ്പെട്ടെന്ന് ഇവര്‍ പറയുന്നു. പെട്ടന്ന് ഒരു വിചിത്രമായ ശബ്ദം കേട്ടു. ഇതോടെ പേഴ്സില്‍ നിന്നും പുകയും തീനാളവും ഉണ്ടായി.
പെട്ടെന്ന് ലിഫ്റ്റില്‍ നിന്നും പുറത്ത് എത്തിയ ഇവര്‍ ഫോണ്‍ വലിച്ചെറിഞ്ഞു. അപ്പോഴും ഫോണ്‍ കത്തുകയായിരുന്നു എന്നിവര്‍ പറയുന്നു. ഫോണിന് മുകളില്‍ ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാണ് ഫോണില്‍ നിന്നും ഉയര്‍ന്ന അഗ്നിനാളങ്ങള്‍ അണച്ചത്. അധികം വൈകാതെ തന്നെ ക്യൂന്‍സ് സുപ്രീംകോടതിയില്‍ നിയമനടപടികള്‍ തുടങ്ങും എന്നാണ് ഡയന്‍ പറയുന്നത്. നോട്ട് 9 വില്‍പ്പന നടത്തുന്നത് വിലക്കണം എന്നാണ് ഇവരുടെ ഹര്‍ജിയിലെ പ്രധാന വാദം. ഒപ്പം തനിക്ക് നഷ്ടപരിഹാരം നല്‍കാനും ഇവര്‍ ആവശ്യപ്പെടുന്നു.
അതേ സമയം ഫോണിന്‍റെ ബാറ്ററിയില്‍ പ്രശ്നമില്ലെന്ന നിലപാടിലാണ് സാംസങ്ങ്. 2016ല്‍ സാംസങ്ങിന്‍റെ ഗ്യാലക്സി നോട്ട് 7ന്‍റെ ബാറ്ററി പ്രശ്നം നേരിട്ടിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പൊട്ടിത്തെറി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സാംസങ്ങ് അന്ന് ഗ്യാലക്സി നോട്ട് 7 വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.