ഞങ്ങള്‍ ഫോണ്‍ സ്ലോ ആക്കാറില്ലെന്ന് സാംസങ്ങ്
സോള്‍: ആപ്പിളിനെപ്പോലെ പഴയ ബാറ്ററികളുടെ പ്രവര്‍ത്തന വേഗത കുറച്ച് ഫോണിന്‍റെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്ന രീതി തങ്ങള്‍ക്കില്ലെന്ന് സാംസങ്ങ്. ആപ്പിള്‍ ബാറ്ററി സംഭവത്തില്‍ വിവാദത്തിലാകുകയും, മാപ്പ് പറയുകയും ചെയ്ത പാശ്ചാത്തലത്തിലാണ് ദക്ഷിണകൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനി തങ്ങളുടെ നയം വ്യക്തമാക്കിയത്.
ഉത്പന്നത്തിന്‍റെ ഗുണമേന്മായിലാണ് തങ്ങള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നത്. മള്‍ട്ടി ലെയര്‍ സംവിധാനങ്ങളോട് കൂടിയാണ് സാംസങ്ങ് ബാറ്ററി എത്തുന്നത്. സോഫ്റ്റ്വെയര്‍ അപ്ഡേറ്റിലൂടെ ബാറ്ററി ശേഷി കുറയ്ക്കാറില്ലെന്നും സാംസങ്ങ് പറയുന്നു.
ഐഫോണിന്‍റെ സ്ലോ ആകല്‍ രഹസ്യം കണ്ടെത്തിയത് പ്രൈമേറ്റ് ലാബ്‌സിന്‍റെ ഗവേഷകന്‍ ജോണ്‍ പൂള്‍ ആണ്. ഐഫോണുകളുടെയും ഐപാഡുകളുടെയും പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷമാണ് അദ്ദേഹം തന്റെ നിരീക്ഷണം നടത്തിയത്. ഇതിന് പിന്നാലെ പ്രശസ്തനായ ഐഒഎസ് ഡവലപ്പര്‍ ജി. റാംബോയും ഇതേ വാദവുമായി രംഗത്ത് എത്തി.
എന്നാല്‍ ഐഫോണ്‍ അപ്രതീക്ഷിതമായി സ്വിച്ച് ഓഫായി പോകുന്നത് തടയാനാണ് ബാറ്ററി ശേഷി പടിപടിയായി കുറയ്ക്കുന്നുണ്ടെന്നാണ് ആപ്പിള്‍ ഈ വിവാദത്തില്‍ ആദ്യം വ്യക്തമാക്കിയത്. പിന്നീട് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ബാറ്ററി റീപ്ലേസ്മെന്‍റ് ചാര്‍ജ് 50 ശതമാനത്തോളം ആപ്പിളിന് കുറയ്ക്കേണ്ടി വന്നു.
എല്‍ജി അടക്കമുള്ള കമ്പനികളും സാംസങ്ങിന് പുറമേ തങ്ങള്‍ സ്ലോ ആക്കുന്ന പരിപാടി നടത്താറില്ലെന്ന് പറഞ്ഞ് പ്രസ്താവന ഇറക്കിയിട്ടുണ്ട്.