1,500 രൂപയുടെ 4ജി ഫോണുമായി ജിയോ
മുംബൈ: 1,500 രൂപയിൽ താഴെ വില വരുന്ന 4ജി ഫീച്ചർ ഫോണുകൾ വിപണിയിലിറക്കാൻ റിലയൻസ് ജിയോ തയാറെടുക്കുന്നു. ഇതിനായി ജിയോ ചൈനീസ് നിർമാതാക്കളുമായി ചർച്ച തുടങ്ങി. ജിയോ നെറ്റ്വർക്കിൽ പരമാവധി ഉപയോക്താക്കളെ ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി .
ഫീച്ചർ ഫോണുകളിൽ 4ജി എൽടിഇ വോയിസ് കോളിംഗ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, സ്മാർട്ട്ഫോണുകൾക്കു നല്കുന്ന ഇന്റർനെറ്റ് ആനുകൂല്യങ്ങളൊന്നും ഫീച്ചർഫോണുള്ള ജിയോ വരിക്കാർക്ക് ലഭിക്കില്ല എന്നാണു വിവരം.
ലൈഫ് ബ്രാൻഡിൽ റിലയൻസ് ജിയോ സ്മാർട്ട്ഫോണുകൾ ഇറക്കിയെങ്കിലും ചൈനീസ് ഫോണുകളുടെ കടന്നുകയറ്റം മൂലം ലൈഫിന് കാര്യമായ നേട്ടം ലഭിച്ചില്ല. സാധാരണക്കാരിലേക്ക് എത്തിപ്പെടാനാകുന്ന വിലയായിരുന്നില്ല ലൈഫ് മോഡലുകൾക്ക്. ഇതാണ് ചൈനീസ് മോഡലുകൾക്ക് നേട്ടമായത്.
സാധാരണഗതിയിൽ 2ജി അല്ലെങ്കിൽ 3ജി സപ്പോർട്ട് മാത്രമാണ് ഫീച്ചർഫോണുകൾക്കുള്ളത്. ഫെബ്രുവരിയിൽ 4ജി സംവിധാനമുള്ള ഫീച്ചർഫോൺ ലാവ ഇറക്കിയെങ്കിലും അതിന് 3,333 രൂപയായിരുന്നു വില.