കേരളവും സ്മാര്‍ട്ട്ഫോണും സാക്ഷരതയും തമ്മിലെന്ത്?!
- കേരളത്തിന്‍റെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗവും സാക്ഷരതാ നിരക്കും തമ്മിലുളള ബന്ധം ശ്രദ്ധേയമാണ്
ദില്ലി: സാക്ഷരതയും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും തമ്മിലെന്താണ് ബന്ധമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ അത്തരത്തില്‍ ഒരു പഠന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. ഡേറ്റാ അനലിറ്റിക്ക്സ് പ്രോഗ്രാമായ സൈബര്‍ മീഡിയ റിസര്‍ച്ച് ഉപയോഗിച്ച് മൊബൈലിറ്റിക്ക്സാണ് പ്രസ്തുത പഠനം നടത്തിയത്. സാക്ഷരത കൂടുന്നതിനനുസരിച്ച് സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗവും വര്‍ദ്ധിക്കും എന്നാണ് റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നത്.
സാക്ഷരത ഏറ്റവും കൂടിയ സംസ്ഥാനമായ കേരളമാണ് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ വ്യാപനത്തിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും. 94 ശതമാനം സാക്ഷരതയുളള കേരളമാണ് 62 ശതമാനം സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുമായി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 79 ശതമാനം സാക്ഷരതയുളള ഗുജറാത്ത് 56 ശതമാനം സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. 86 ശതമാനം സാക്ഷരതയുളള ഡല്‍ഹിയില്‍ 52 ശതമാനം സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുണ്ട്. ജനസംഖ്യയിലെ 52 ശതമാനം സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കളുമായി മഹാരാഷ്ട്ര നാലാം സ്ഥാനത്തും 52 ശതമാനം തന്നെ നേടി ഹിമാചല്‍ അഞ്ചാം സ്ഥാനത്തുമാണ്.
സാക്ഷരത കൂടുന്നതിനനുസരിച്ച് ജോലികിട്ടാനുളള സാധ്യതയും കൂടുതലാവും ഇത് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും സര്‍വേ പറയുന്നു. സാക്ഷരതയില്‍ പിന്നില്‍ നില്‍ക്കുന്ന ബിഹാറിലാണ് ഏറ്റവും കുറവ് സ്മാര്‍ട്ട് ഫോണ്‍ ശരാശരി ഉളളത്, 27 ശതമാനം.