യൂനികോണ്‍: അത്ഭുതമാണ് ഈ സ്മാര്‍ട്ട്ഫോണ്‍
അന്തരീക്ഷത്തിൽ തെളിയുന്ന കംപ്യൂട്ടർ ഡിസ്പ്ലേയിൽ വിരൽതൊട്ടു വിവരം കൈമാറുന്ന നായകൻ, വായുവിൽ തെളിഞ്ഞുനിൽക്കുന്ന സ്ക്രീനിലെ നായകന്റെ ചലനങ്ങൾ വീക്ഷിക്കുന്ന വില്ലൻ, ഹോളോഗ്രാം എന്ന സാങ്കേതികവിദ്യ അയേണ്മെന് പോലുള്ള സിനിമകളില്‍ നാം കണ്ടിട്ടുണ്ട്. നിങ്ങളുടെ കൈയ്യിലെ മൊബൈലില്‍ ഇത് സ്വപ്നം കാണുവാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല, അത് സത്യമാക്കിയിരിക്കുകയാണ് പ്രമുഖ കാമറ നിർമാതാക്കളായ റെഡ് (ആർഇഡി). യൂനികോണ്‍ എന്നാണ് ഫോണിന്റെ പേര്.
ഹൈഡ്രജൻ വണ്‍ എന്നപേരിൽ പുറത്തിറക്കുന്ന സ്മാർട്ട്ഫോണിലാണ് കാഴ്ചയുടെ മാന്ത്രികലോകം ഒളിഞ്ഞിരിക്കുന്ന ഹോളോഗ്രാം സംവിധാനം കമ്പനി അവതരിപ്പിക്കുന്നത്. 5.7 ഇഞ്ച് ഡിസ്പ്ലേയിൽ പുറത്തിറങ്ങുന്ന ഫോണിൽ 2ഡി, 3ഡി സങ്കേതങ്ങൾക്കു പുറമേ ഹോളോഗ്രാം കാഴ്ചയും ഒരുക്കിയിട്ടുള്ളതായി റെഡ് അവകാശപ്പെടുന്നു.
ലെൻസുകൾ ഉപയോഗിച്ചുള്ള സൂത്രപ്പണികളല്ല തങ്ങൾ ഉപയോഗിച്ചിരിക്കുന്നതെന്നും ഹെഡ്ഫോണോ പ്രത്യേക കണ്ണടയോ ഒന്നും കൂടാതെതന്നെ ഹോളോഗ്രാം ആസ്വദിക്കാനാകുമെന്നും റെഡ് സ്ഥാപകൻ ജിംജന്നാർഡ് പറഞ്ഞു. തികച്ചും നൂതനമായ ആവിഷ്കാരമാണിത്. പലരും പയറ്റി പരാജയപ്പെട്ട മേഖലയിൽ തങ്ങൾ വിജയം നേടിയിരിക്കുന്നു.
പറയാൻ വാക്കുകൾ പോരെന്നും ഹോളോഗ്രാം നേരിൽ കണ്ട് വിശ്വസിച്ചാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത വർഷം ആദ്യം ഫോണ്‍ വിപണിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വില 1,200 ഡോളർ (ഏകദേശം 80,000 രൂപ).