ചൈനക്കുള്ള എട്ടിന്റെ പണിയോ? ലാപ്ടോപിന്റെയും ടാബിന്റെയും ഇറക്കുമതി നിയന്ത്രിച്ചത് എന്തിന്, വിലക്കയറ്റമുണ്ടാകുമോ

രാജ്യത്തെ ആഭ്യന്തര ഉൽപാദനം കൂട്ടാനാണ് നീക്കമെന്നാണ് വിശദീകരണം. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടിയാണ് നീക്കമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉദ്ദേശമെന്തായാലും മാർക്കറ്റിൽ ഉൽപന്നങ്ങളുടെ ലഭ്യത കുറയുമെന്നും, വില കൂടുമെന്നും ഉറപ്പാണ്.

Reason behind Laptop, tab import restriction to India prm

ദില്ലി: അപ്രതീക്ഷിതമായി വിപണിയെ ഞെട്ടിച്ച് ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പുകളുടെയും, ടാബുകളുടെയുമടക്കം  ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കമ്പ്യൂട്ടർ വിപണയിൽ വൻ വിലക്കയറ്റം സൃഷ്ടിക്കാനിടയുള്ള തീരുമാനമെന്നാണ് പുറത്തുവരുന്ന അഭിപ്രായം. HSN 8471 വിഭാഗത്തിൽപ്പെടുന്ന ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. എന്തിനാണ് ഇത്ര പെട്ടന്ന് ഇങ്ങനെയൊരു നീക്കമെന്നും ചോദ്യമുയരുന്നു. .

ഹാർമോണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചർ എന്നതിന്‍റെ ചുരുക്കെഴുത്താണ് HSN. നികുതി ആവശ്യങ്ങൾക്കായി വിവിധ ഉത്പന്നങ്ങളെ തരംതിരിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണിത്. ഡാറ്റ പ്രൊസസിങ്ങ് മെഷീനുകളാണ് എച്ച് എസ്എൻ 8471 എന്ന കോഡിനടിയിൽപ്പെടുന്നത്. ലാപ്ടോപ്പും ടാബ്ലറ്റും മാത്രമല്ല, ചെറിയ സർവ്വറുകളും, ആൾ ഇൻ വൺ പിസികളും അടക്കം കമ്പ്യൂട്ടറുകളുമൊക്കെ ഇതിൽപ്പെടും.

ആപ്പിളിന്റെ മാക് ബുക്കും, മാക് മിനിയുമൊക്കെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യൽ ഇനി എളുപ്പമല്ല. ഇറക്കുമതിക്ക് പ്രത്യേക ലൈസൻസ് എടുക്കണം. ആപ്പിളിന് മാത്രമല്ല പിസി, ലാപ്ടോപ്പ് മാർക്കറ്റിലെ പ്രധാനികളായ ഡെല്ലിന്റെയും, ലെനോവോയുടെയും, അസൂസിന്റെയും ഒക്കെ ഉൽപന്നങ്ങളുടെ ഇറക്കുമതി പ്രതിസന്ധിയിലായിരിക്കുയാണ്. അതുകൊണ്ടുതന്നെ, ലാപ്ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും വില വരും മാസങ്ങളിൽ കുതിച്ചുയരുമെന്ന് ചുരുക്കും.

രാജ്യത്തെ ആഭ്യന്തര ഉൽപാദനം കൂട്ടാനാണ് നീക്കമെന്നാണ് വിശദീകരണം. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടിയാണ് നീക്കമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉദ്ദേശമെന്തായാലും മാർക്കറ്റിൽ ഉൽപന്നങ്ങളുടെ ലഭ്യത കുറയുമെന്നും, വില കൂടുമെന്നും ഉറപ്പാണ്. ആഗസ്റ്റ് നാല് മുതൽ ഇറക്കുമതിക്കാർക്ക് ലൈസൻസിന് അപേക്ഷിക്കാൻ പറ്റുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. പക്ഷേ ലൈസൻസ് കിട്ടിയാലും കാര്യങ്ങൾ നേരത്തേത് പോലെ എളുപ്പമാവില്ല. വലിയ തുക കൂടുതൽ ചെലവാക്കേണ്ടിയും വരുമെന്നാണ് സൂചന.

ഗവേഷണത്തിനും പരിശോധനയ്ക്കും മറ്റുമായി ഒരു കൺസൈൻമെന്റിൽ പരമാവധി ഇരുപത് കമ്പ്യൂട്ടറുകൾ എന്ന നിലയിൽ ഇറക്കുമതി തുടരാമെന്ന ഇളവ് നൽകിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന കന്പ്യൂട്ടറുകൾ ആവശ്യം കഴിഞ്ഞാൽ തിരിച്ച് കയറ്റി അയക്കുകയോ നശിപ്പിച്ച് കളയുകയോ ചെയ്യണം, ഒരു കാരണവശാലം ഇവ വിൽപ്പന നടത്താൻ പാടില്ല.

ചൈനയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പുകളുടെയും ടാബുകളുടെയുമൊക്കെ പ്രധാന നിർമ്മാണ കേന്ദ്രം. നിയന്ത്രണം ചൈനയിൽ നിന്ന് ഉൽപാദനം മാറ്റാൻ കമ്പനികളെ പ്രേരിപ്പിക്കുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. എന്തായാലും ഇന്ത്യൻ കമ്പ്യൂട്ടർ വിപണിയെ അടിമുടി മാറ്റാൻ കെൽപ്പുള്ളതാണ് പുതിയ നിയന്ത്രണം. നിലവിൽ ഡെല്ലിനും എച്ച് പിക്കും ഇന്ത്യയിൽ നിർമ്മാണ കേന്ദ്രങ്ങളുണ്ട്.

2020ൽ സ്മാർട്ട് ടിവികളുടെ ഇറക്കുമതിക്ക് ഏ‌ർപ്പെടുത്തിയതിന് സമാനമായ നിയന്ത്രണമാണ്. കമ്പ്യൂട്ടറുകൾക്കും കൊണ്ടുവന്നിരിക്കുന്നത്. ഉത്സവകാലത്ത് വിൽപ്പന വർധിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കേന്ദ്ര നീക്കമെന്നതും ശ്രദ്ധേയമാണ്. സ്മാർട്ട് ടിവികൾക്ക് ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണം രാജ്യത്തെ ആഭ്യന്തര ഉത്പാദനം കൂട്ടിയെന്നാണ് കണക്കുകൾ. പക്ഷേ ടിവികളെക്കാൾ സങ്കീർണമാണ് കമ്പ്യൂട്ടിങ് ഉത്പന്നങ്ങളുടെ നിർമ്മാണം. ആഭ്യന്തര ഉൽപ്പാദനം ട്രാക്കിലാകാൻ സമയമെടുക്കും. അത് വരെ വിലക്കയറ്റവും ലഭ്യതക്കുറവും സഹിക്കേണ്ടി വരും.
 

Latest Videos
Follow Us:
Download App:
  • android
  • ios