സഹാറ മരുഭൂമിയില്‍ മഞ്ഞുകാലം
സഹാറ: ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. മരുഭൂമിയെന്നു പറയുന്പോൾ ചുട്ടുപഴുത്ത മണലാരണ്യങ്ങളാണ് നമ്മുടെ ഓർമയിലേക്കു വരുന്നതെങ്കിലും സഹാറയിലെ ഇപ്പോഴത്തെ അവസ്ഥ തികച്ചും വ്യത്യസ്തം. ആദ്യമായി സഹാറ കാണുന്നവർ ഇപ്പോൾ അവിടെയെത്തിയാൽ തങ്ങൾക്ക് വഴിതെറ്റിയോ എന്ന് ഒരു നിമിഷമെങ്കിലും ശങ്കിക്കും. കാരണം സഹാറയിലെ മണൽപ്പരപ്പുകളെല്ലാം ഇപ്പോൾ മഞ്ഞുമൂടി കിടക്കുകയാണ്.
സഹാറ മരുഭൂമി ഉൾപ്പെടുന്ന വടക്കൻ ആഫ്രിക്കൻ മേഖലയിലെ താപനില ക്രമാതീതമായി കുറഞ്ഞതാണ് ഇപ്പോഴത്തെ ഈ മഞ്ഞു വീഴ്ചയ്ക്ക് കാരണം. ലോകത്തിൽ ഏറ്റവും ചൂടുള്ള ഈ പ്രദേശത്ത് ഇപ്പോൾ 40 സെന്റീമീറ്റർ കനത്തിൽവരെ മഞ്ഞ് മൂടി കിടക്കുകയാണ്. കഴിഞ്ഞ 40 വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് സഹാറ മരുഭൂമിയിൽ മഞ്ഞു പെയ്യുന്നത്. താപനില ഉയരുന്നതോടെ മഞ്ഞ് ഉരുകും.