ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ; യോഗത്തിൽ പങ്കെടുക്കാൻ രാഹുൽ അമേരിക്കയിലേക്ക്
ദില്ലി: നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ വിദഗ്ദ്ധരുടെ യോഗത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി അമേരിക്കയിലേക്ക്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് രാഹുൽ ഗാന്ധി സിലിക്കൺ വാലിയിലേക്ക് പോകുന്നത്. സെപ്തംബർ 11 ന് ഈ രംഗത്തെ വിദഗ്ദ്ധരുടെ യോഗത്തിൽ രാഹുൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വാർത്ത.
രാജ്യാന്തര തലത്തിൽ സോഫ്റ്റ്‌വെയർ രംഗത്ത് ഇന്ത്യ നേടിയ മുന്നേറ്റത്തിന് പിന്നാലെ രാജ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വഴിയെ നയിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് രാഹുലിൻ്റെ ഈ സന്ദർശനം. ചൈന അടക്കമുള്ള രാജ്യങ്ങൾ ഈരംഗത്ത് വൻ നിക്ഷേപം തുടങ്ങിയ സാഹചര്യത്തിലാണിത്.
അടുത്തിടെ നടത്തിയ നോർവെ സന്ദർശനത്തിനിടെ ബയോ ടെക്‌നോളജി രംഗത്തെ വിദഗ്ദ്ധരുമായി രാഹുൽ ചർച്ച നടത്തിയിരുന്നു. ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡയാണ് രാഹുലിൻ്റെ സന്ദർശനത്തിന് ചുക്കാൻ പിടിക്കുന്നത്.