ഐഫോണ്‍ എക്സിന്‍റെ പ്രീ ഓഡര്‍ ആരംഭിച്ചു
ഐഫോണ്‍ എക്സിന്‍റെ പ്രീ ഓഡര്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ നിശ്ചിത എണ്ണം ഐഫോണ്‍ എക്സ് മാത്രമേ വിപണിയില്‍ എത്തു എന്നതിനാല്‍ വലിയ തിരക്കാണ് പ്രീ ഓഡറില്‍ പ്രതീക്ഷിക്കുന്നത്. ഏകദേശം 30 ലക്ഷം ഐഫോണ്‍ എക്സുകള്‍ ആദ്യഘട്ടത്തില്‍ ഉപയോക്താക്കളില്‍ എത്തിക്കാനാണ് നീക്കം. ഇത് ആദ്യമായി ഒരു ഐഫോണ്‍ ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുമുണ്ട്. പ്രീ ഓര്‍ഡര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 5,000 രൂപ ഇന്ത്യയിലെ ചില തിരഞ്ഞെടുത്ത വില്‍പ്പനക്കാര്‍ക്കു നല്‍കി പ്രീ ഓര്‍ഡര്‍ ഉറപ്പിക്കാം.
പ്രീ ഓര്‍ഡര്‍ ചെയ്യുന്നവർക്ക് നവംബര്‍ 3നു തന്നെ വിതരണം ചെയ്യാന്‍ സാധിക്കും എന്നാണ് സൂചന. ആദ്യ ഘട്ടത്തില്‍ സ്റ്റോറുകളൊന്നും ഈ ഫോണിന് ക്യാഷ് ബാക്ക് നല്‍കുന്നില്ല. 89,000 രൂപയാണ് ഐഫോണ്‍ എക്സിന്‍റെ ഇന്ത്യന്‍ വില. അരികുകള്‍ ഇല്ലാത്ത 436 x 1125 പിക്‌സല്‍ റെസലൂഷനുള്ള, 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് ഐഫോണ്‍ എക്സിന്‍റെ പ്രധാന പ്രത്യേകതത. ഒഎല്‍ഇഡി സ്‌ക്രീനുമായി ഇറങ്ങുന്ന ആദ്യ ഐഫോണുമാണിത്.
ഐഫോണ്‍ എക്സിന്‍റെ മറ്റൊരു സവിശേഷത ഫെയ്‌സ്‌ഐഡിയാണ്. ഐഫോണ്‍ എക്സിന്‍റെ ട്രൂഡെപ്ത് ക്യാമറാ സിസ്റ്റമാണ് ഇതിനെ കുറ്റമറ്റതാക്കുന്നത്. ഐഒഎസ് 11ല്‍ ഓടുന്ന ഫോണിന് 12എംപി റെസലൂഷനുള്ള ഇരട്ട പിന്‍ ക്യാമറകളുമുണ്ട്. ക്യാമറകളും മറ്റു പല ഫീച്ചറുകളും ഐഫോണ്‍ 8 പ്ലസിന്റേതിനു സമാനമാണ്.
64GB, 256GB എന്നീ രണ്ടു സംഭരണശേഷികളുമായാണ് ആപ്പിളിന്റെ പത്താം ഐഫോണ്‍ വാര്‍ഷികം ആഘോഷിക്കാന്‍ ഇറക്കിയിരിക്കുന്ന ഫോണ്‍ എത്തുന്നത്.