പഴയ അഞ്ഞൂറ് പഴ്വസ്തുവല്ല; പ്രധാനമന്ത്രിയെ അത്ഭുതപ്പെടുത്തിയ 17 കാരന്‍റെ കണ്ടുപിടുത്തം
ഭുവനേശ്വര്‍: പാഴായി പോയ പഴയ 500 ന്‍റെ നോട്ട് എന്തു ചെയ്യുമെന്ന് ആള്‍ക്കാരുടെ ആശങ്ക ഇതുവരെ തീര്‍ന്നിട്ടുമില്ല. എന്നാല്‍ ഒന്നിനും കൊള്ളാതായ ഈ നോട്ടുകള്‍ പ്രയോജനപ്പെടുത്താമെന്ന് കണ്ടെത്തിയിരിക്കുന്നത് ഒഡീഷയില്‍ നിന്നുള്ള ഒരു 17 കാരന്‍. പഴയ പാഴായിപ്പോയ 500 ന്‍റെ നോട്ടില്‍ നിന്നും കക്ഷി നിര്‍മ്മിച്ചത് വൈദ്യുതിയാണ്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ കണ്ടുപിടുത്തത്തിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഒഡീഷയിലെ നുവാപാഡയിലെ സയന്‍സ് വിദ്യാര്‍ത്ഥിയായ ലാച്മാന്‍ ഡണ്ടിയാണ് കണ്ടുപിടുത്തം നടത്തിയിട്ടുള്ളത്. ഖാരിയാര്‍ കോളേജിലെ വിദ്യാര്‍ത്ഥി ദേശീയ ശ്രദ്ധയാകര്‍ഷിച്ചതോടെ കണ്ടുപിടുത്തത്തിന്റെ വിശദമായ റിപ്പോര്‍ട്ട് വാങ്ങാന്‍ ഒഡീഷ സയന്‍സ് ആന്റ് ടെക്‌നോളജി ഡിപ്പാര്‍മെന്റിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. നോട്ടിലെ സിലിക്കണ്‍ ആവരണമാണ് പയ്യന്‍ വൈദ്യുതി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. നോട്ട് കീറിയ ശേഷം അതിലെ സിലിക്കണ്‍ കോട്ടിംഗ് സൂര്യപ്രകാശത്തിന് നേരെ തുറന്നു വെയ്ക്കും.
ഈ സിലിക്കണ്‍ പ്‌ളേറ്റ് ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് ഒരു ട്രാന്‍സ്‌ഫോമറുമായി ബന്ധിപ്പിക്കും. ഈ രീതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഈ ട്രാന്‍സ്‌ഫോമറില്‍ ശേഖരിക്കും. ഇങ്ങിനെ 500 ന്റെ ഒരു നോട്ടില്‍ നിന്നും അഞ്ച് വോള്‍ട്ട് വരെ ഉല്‍പ്പാദിപ്പിക്കാനാകും. ഡണ്ടിയുടെ വാദം ശരിയാണോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഏപ്രില്‍ 12 ന് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. ഡണ്ടിയുടെ പ്രൊജക്ട് വിശദമായി പഠിച്ച ഒഡീഷാ സര്‍ക്കാര്‍ മെയ് 17 ന് പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോര്‍ട്ട് അയച്ചിരിക്കുകയാണ്.
തന്‍റെ കണ്ടുപിടുത്തത്തേക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അഭിനന്ദനങ്ങള്‍ തനിക്ക് അഭിമാന മുഹൂര്‍ത്ഥമാണെന്ന് ഡണ്ടി പ്രതികരിച്ചു. നോട്ട് നിരോധനത്തിന് ശേഷം നിഷ്‌ക്രിയമായി പോയ നോട്ടുകളെ എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന ചിന്തയില്‍ നിന്നാണ് കണ്ടുപിടുത്തമുണ്ടായത്. നോട്ട് കീറി നോക്കിയപ്പോള്‍ സിലിക്കണ്‍ പ്‌ളേറ്റുകള്‍ കണ്ടെത്തിയത് മുതലാണ് ഗവേഷണം തുടങ്ങിയതെന്നും അത് വൈദ്യുതി നിര്‍മ്മാണത്തില്‍ അവസാനിച്ചെന്നും ഡണ്ടി പറഞ്ഞു.
പരിപാടി കണ്ടു പിടിക്കാന്‍ 15 ദിവസം വേണ്ടി വന്നെന്നും കൗമാരക്കാരന്‍ പറയുന്നു. പരിപാടി ആദ്യമാണി ഡണ്ടി അവതരിപ്പിച്ചത് കോളേജില്‍ ആയിരുന്നെങ്കിലും ആരും പരിഗണിക്കാതെ വന്നതോടെയാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എഴുതിയത്. കര്‍ഷകന്റെ മകനായ ഡണ്ടി ബള്‍ബ് വിറ്റാണ് ഉപജീവനം നടത്തുന്നത്.