നോക്കിയ 8 വിപണിയിലേക്ക് എത്തുന്നു
ദില്ലി: നോക്കിയ 8 വിപണിയിലേക്ക് എത്തുന്നു. ഒക്ടോബർ 20 നാണ് നോക്കിയയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ എത്തുന്നത്. 6 ജിബി റാം, 128 ജിബി ശേഖരണ ശേഷിയുള്ള നോക്കിയ 8ന്‍റെ പ്രത്യേകതകള്‍ പുറത്തുവന്നിട്ടുണ്ട്.
നോക്കിയയുടെ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഫോണ്‍ യൂറോപ്പിലാണ് ആദ്യം അവതരിപ്പിക്കുന്നത്. പോളിസ്ഡ് ബ്ലൂ വേരിയന്റ് ഹാൻഡ്സെറ്റ് ഒക്ടോബർ 20 ന് ജർമ്മനിയിൽ അവതരിപ്പിക്കുമെന്നാണ് നോക്കിയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചില ടെക് സൈറ്റുകളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 51,700 രൂപയാണ് ഈ ഫോണിന്‍റെ പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ വില.
പുതിയ സ്റ്റോറേജും മെമ്മറിയും കൂടാതെ നോക്കിയ8 വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളിലൊന്നും വലിയ മാറ്റങ്ങളില്ല. ഗൊറില്ല ഗ്ലാസ് 5 സംരക്ഷണത്തോടെ 5.3 ഇഞ്ച് 2 കെ എൽസിഡി ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 835 എസ്ഒസി പ്രോസസർ എന്നിവ പ്രധാന ഫീച്ചറുകളാണ്. നോക്കിയ 8 ന്‍റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് ഡ്യുവൽ റിയർ ക്യാമറ. മോണോക്രോം സെൻസറുകളുള്ള 13 മെഗാപിക്സലിന്റെ രണ്ടു ക്യാമറകളാണ്.
രാജ്യാന്തര വിപണി പിടിക്കാനായി മികച്ച ക്യാമറ ഫീച്ചറുകളാണ് നോക്കിയ പരീക്ഷിക്കുന്നത്. ഫോട്ടോയും വിഡിയോയും ഒരേസമയം ക്യാപ്ചർ ചെയ്യാനും സാധിക്കും. കാൾ സീയസ് ടെക്നോളജിയും നോക്കിയ 8 കാമറകളിലുണ്ട്. ഐപി54 റേറ്റുചെയ്തിരിക്കുന്ന നോക്കിയ 8ന് സ്പ്ലാഷ് പ്രൂഫ് സുരക്ഷയുണ്ട്. 3090 എംഎഎച്ചാണ് ബാറ്ററി.