നോക്കിയിരിപ്പ് മതിയാക്കാം; സ്മാർട്ടായി നോക്കിയ 6 ഇന്ത്യയിലെത്തുന്നു
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നോക്കിയ തിരിച്ചെത്തുകയാണ് ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിലേക്ക്. നോക്കിയ 6 എന്ന ആദ്യ ആൻഡ്രോയ്ഡ് സ്മാർട്‌ഫോണുമായാണ് വീണ്ടും വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനൊരുങ്ങുന്നത്. ആഗസ്റ്റ് 23 മുതൽ ആമസോണിലാണ് നോക്കിയ 6 ലഭിക്കുക. രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
5.5 ഇഞ്ച് ഫുൾ എച്ച്ഡിയിൽ വലിയ സ്‌ക്രീൻ ആണ് ഫോണിന്. 2.5 ഡി ഗൊറില്ല ഗ്ലാസ് സംരക്ഷണവും സ്‌ക്രീനിനു നൽകിയിരിക്കുന്നു. കൂടാതെ 403 പിപിഐ പിക്‌സൽ സാന്ദ്രതയാണ് ഡിസ്‌പ്ലേയുടെ സവിശേഷത. 3000 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 6ന് നല്‍കിയിരിക്കുന്നത്. ഫ്ലാഷോടുകൂടിയ 16 മെഗാപിക്‌സൽ പിൻകാമറയും സെൽഫികൾക്ക് കൂടുതൽ വ്യക്തത ലഭിക്കാനായി 8 മെഗാപിക്‌സൽ ഫ്രണ്ട് കാമറയും നോക്കിയ 6ലുണ്ട്. ഡ്യുവൽ സിം സൗകര്യവും ഫോണിലുണ്ട്. 4ജിബി റാം ആണ് ഫോണിൻ്റെ കരുത്ത്. 64 ജിബി ഇൻ്റേണൽ മെമ്മറിയും ഉണ്ട്. എസ്ഡി കാർഡ് വഴി 128 ജിബി വരെ മെമ്മറി വർധിപ്പിക്കുകയും ആകാം.
3ജി, 4ജി, ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി ഒ.ടി.ജി തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സവിശേഷതകൾ. അലുമിനിയം മെറ്റാലിക് ബോഡിയാണ് നോക്കിയ 6ന് രൂപഭംഗി നൽകുന്നത്. സുരക്ഷയ്ക്കായി ഫിംഗർപ്രിൻ്റ് സ്‌കാനറും ഫോണിലുണ്ട്. 14,999 രൂപയാണ് ഇന്ത്യൻ വിപണിയിൽ നോക്കിയ 6ൻ്റെ വില. ഈ ശ്രേണിയിലുള്ള മറ്റുഫോണുകൾക്ക് വെല്ലുവിളി ഉയർത്താൻ പോന്ന സവിശേഷതകൾ നോക്കിയയുടെ ആദ്യ ആൻഡ്രോയ്ഡ് ഫോണിനുണ്ടെന്ന് ഒറ്റനോട്ടത്തിൽ പറയാം. വളരെ പ്രതീക്ഷയാണ് നോക്കിയ പ്രേമികൾക്ക് ഫോണിനെക്കുറിച്ചുള്ളത്.