കാത്തിരുന്ന നോക്കിയ 3310ന്റെ ഇന്ത്യയിലെ പുനര്‍ജന്മം ജൂണില്‍
ഒരുകാലത്ത് തരംഗമായിരുന്ന നോക്കിയ 3310ന്റെ പുനര്‍ജന്മം അടക്കം നാല് നോക്കിയ ഫോണുകള്‍ വരുന്ന ജൂണില്‍ ഇന്ത്യന്‍ വിപണിയിലെത്തും. 3310ന്റെ രണ്ടാം വരവ് സംബന്ധിച്ച് വ്യത്യസ്ഥ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഏറെക്കുറെ സ്ഥിരീകരിച്ച മട്ടിലാണ് കാര്യങ്ങള്‍. നേരത്തെ ഏപ്രിലില്‍ വരുമെന്നും പിന്നീട് മേയില്‍ എത്തുമെന്നുമൊക്കെ പല കോണുകളില്‍ നിന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ജൂണില്‍ മാത്രമേ നോക്കിയ 3310 ഇന്ത്യയിലെത്തൂ എന്നാണ് നിര്‍മ്മാതാക്കളായ എച്ച്.എം.ഡി ഗ്ലോബലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നോക്കിയ 6, നോക്കിയ 3, നോക്കിയ 5 എന്നീ അന്‍ഡ്രോയിഡ് മോഡലുകളാണ് നോക്കിയ 3310ന്റെ രണ്ടാം വരവിന് ഒപ്പമെത്തുന്നത്. ഒരുമിച്ചായിരിക്കുമോ ഇവ നാലും വിപണിയിലെത്തിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നോക്കിയ 3ന് 12,400 രൂപയും നോക്കിയ 6ന് 19,000 രൂപയും നോക്കിയ 5ന് 15,700 രൂപയും ആയിരിക്കും ഏകദേശ വിലയെന്നാണ് കരുതുന്നത്. ഏകദേശം 4900 രൂപയോളം നല്‍കിയാല്‍ നോക്കിയ 3310ഉം സ്വന്തമാക്കാനാവും. 2.4 ഇഞ്ച് സ്ക്രീനോട് കൂടിയ നോക്കിയ 3310ല്‍ 2 എം.പി ബാക് ക്യാമറയും 1200 MAh ബാറ്ററിയും ഉണ്ടാകും. മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്ടും 2ജി ഇന്റര്‍നെറ്റ് സപ്പോര്‍ട്ടും ഉണ്ടെങ്കിലും വൈഫൈ സപ്പോര്‍ട്ട് ചെയ്യില്ല.