മണ്ണിനടിയിൽ കഴിയുന്ന പാമ്പ്, ഇന്ത്യയില്‍ പുതിയ ഇനം പാമ്പിനെ കണ്ടെത്തി
മണ്ണിനടിയിൽ കഴിയുന്ന പാമ്പ്, ഇന്ത്യയില്‍ പുതിയ ഇനം പാമ്പിനെ കണ്ടെത്തി
ഇന്ത്യയില്‍ പുതിയ ഒരിനം പാമ്പിനെ കൂടി കണ്ടെത്തി. പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്‍ഫിയർ റിസേർവിന്റെ ഭാഗം ആയ ആനക്കട്ടി മലനിരയിൽ നിന്നാണ് ഗവേഷകർ ഈ പാമ്പിനെ കണ്ടെത്തിയിരിക്കുന്നത്. കോയമ്പത്തൂർ സലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയിലെ (SACON) ഗവേഷകനായ ഡോ.ജിൻസും ലണ്ടൺ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ (NHM) ഗവേഷകരായ ഡോ.ഡേവിഡ്, ഫിലിപ്പ എന്നിവർ ചേർന്നുള്ള ഈ പുതിയ കണ്ടെത്തൽ അന്താരാഷ്ട്ര പ്രബന്ധമായ സൂടാക്സ (Zootaxa)യുടെ പുതിയ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Dr.Jins V Jലോകത്തിൽ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കണ്ടുവരുന്ന 'യൂറോപെൽറ്റിഡെ' (Uropeltidae) കുടുംബത്തിൽ പെടുന്ന ഈ പാമ്പിന് യൂറോപെൽറ്റിസ് ഭൂപതിയൈ (Uropeltis bhupathyi) എന്നാണ് നാമകരണം ചെയ്‍തിരിക്കുന്നത്. ജീവിതത്തിന്റെ ഭൂരിഭാഗവും മണ്ണിനടിയിൽ കഴിച്ചു കൂട്ടുന്ന ഈ വിഭാഗം പാമ്പുകൾ കൂടുതലും മഴക്കാലങ്ങളിൽ മാത്രമാണ് വെളിയിൽ വരുന്നത്. തന്റെ പിഎച്ച്ഡി സൂപ്പർവൈസർ ആയിരിക്കെ അഗസ്‍ത്യമലയിൽ ഫീൽഡ് സന്ദർശനത്തിടയിൽ അപകടത്തിൽപെട്ടു മരണമടഞ്ഞ പ്രശസ്‍ത ഉരഗഗവേഷകനായ (herpetologist) ഡോ. ഭൂപതിയോടുള്ള (Dr.S.Bhupathy) ആദരസൂചകമായാണ് പുതിയ പാമ്പിനത്തിനു ഡോ.ജിൻസ് ഈ പേര് നൽകിയിരിക്കുന്നത്. അഗസ്‍ത്യമലയിലെ ഉരഗങ്ങളെ കുറിച്ചുള്ള പഠനത്തിൽ അടുത്തയിടെ പിഎച്ച്‍ഡി പൂർത്തിയാക്കിയ ജിൻസ് കണ്ണൂർ ജില്ലയിലെ ചെറുപുഴയ്ക്കടുത്തുള്ള ചൂരപ്പടവ് സ്വദേശി ആണ്.