നീല്‍ ആംസ്ട്രോങിനൊപ്പം ചന്ദ്രനിൽ പോയ ബാഗ് ലേലത്തിൽ വിറ്റത് 1.8 മില്യൺ ഡോളറിന്
നീല്‍ ആംസ്ട്രോങ് ചന്ദ്രനിൽ നിന്നുള്ള പൊടിയുടെ സാമ്പിൾ കൊണ്ടുവന്ന ബാഗ് ലേലത്തിൽ വിറ്റത് 1.8 മില്ല്യൺ ഡോളറിന്. പേര് വെളിപ്പെടുത്താത്ത വ്യക്തിയാണ് ബാഗ് ലേലത്തിൽ പിടിച്ചത്. മുഷ്യന്‍ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ 48-ാം വാർഷികത്തിൽ ആയിരുന്നു ബാഗ് ലേലം ചെയ്തത്.
വർഷങ്ങളോളം ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ തിരിച്ചറിയപ്പെടാതെ ഇരിക്കുകയായിരുന്നു ബാഗ്. ഫോണ്‍ വഴി ലേലത്തില്‍ പങ്കെടുത്താണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആള്‍ ബാഗ് സ്വന്തമാക്കിയത്. രണ്ട് മുതല്‍ നാല് മില്യണ്‍ ഡോളര്‍ വരെയായിരുന്നു ലേലത്തില്‍ ബാഗിന് പ്രതീക്ഷിച്ച വില.
നീല്‍ ആംസ്ട്രോങിൻ്റെ 1969ലെ ദൗത്യത്തിന് ശേഷം 12 ഇഞ്ച് നീളവും 8.5 ഇഞ്ച് വീതിയുമുള്ള ലൂണാർ സാമ്പിൾ റിട്ടേൺ എന്നെഴുതിയ ബാഗിനെ സംബന്ധിച്ച് പതിറ്റാണ്ടുകളോളം വിവരമൊന്നുമുണ്ടായില്ല.
പിന്നീട് ജോൺസൺ സ്പെയ്സ് സെൻ്ററിൽ നിന്ന് അപ്രത്യക്ഷമായ ബാഗ് പിന്നീട് കൻസാസ് മ്യൂസിയം മാനേജർ മാക്സ് എറിയുടെ ഗാരേജിൽ നിന്ന് കണ്ടെത്തുകയും മോഷണത്തിന് ഇയാളെ ശിക്ഷിക്കുകയും ചെയ്തെന്നാണ് കോടതി രേഖകൾ.