2030ഓടെ ചൊവ്വയില്‍ മനുഷ്യ കോളനി.!
ചെന്നൈ: 2030ഓടെ മനുഷ്യന് താമസിക്കാനുള്ള സൗകര്യം ചൊവ്വയില്‍ ഒരുക്കാനാകുമെന്ന് നാസ. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കാണ് ഇപ്പോള്‍ നാസ പ്രധാന്യം നല്‍കുന്നത് എന്ന് നാസ ഡെപ്യൂട്ടി ഡയറക്ടര്‍, ലഫ്റ്റനെറ്റ് ജനറല്‍ ലാറി ജെയിംസ് പറയുന്നു. ഇതിന് വേണ്ടിയുള്ള ശാസ്ത്രജ്ഞന്മാരെയും റോക്കറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് നാസയെന്നും ചെന്നൈയിലെ ബിര്‍ള പ്ലാനെറ്റോറിയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
മനുഷ്യന് ചന്ദ്രനില്‍ വസിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള പ്രയത്നത്തിലാണ് നാസയെന്നും അദ്ദേഹം പറയുന്നു. കൂടുതല്‍ കാലം ചന്ദ്രനില്‍ തങ്ങാനുള്ള അവസ്ഥയുണ്ടാക്കാനാണ് നാസ ശ്രമിക്കുന്നത്. ചൊവ്വയിലേക്ക് എത്തുന്നതിന് അഞ്ച് മുതല്‍ ആറ് വരെ മാസം എടുക്കും. ഒരു വര്‍ഷം ചൊവ്വയില്‍ തന്നെ തങ്ങി, ചൊവ്വ ഭുമിയോട് അടുക്കുന്ന സമയത്ത് തിരിച്ചെത്തുന്ന തരത്തിലാണ് ഗവേഷണം നടക്കുന്നത്.
ഇത്രയും കാലം ബഹിരാകാശത്ത് തുടരുന്ന ശാസ്ത്രജ്ഞരുടെ ജീവന് നിലനിര്‍ത്തുന്നതിനുള്ള പഠനം നടക്കേണ്ടതുണ്ട്. ഇതിന് വേണ്ടിയുള്ള പുതു റേക്കറ്റിന്റെ നിര്‍മാണത്തിലാണ് നാസയിപ്പോള്‍. പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും, 2019ല്‍ ആദ്യ വിക്ഷേപണം നടക്കും.2030ഓടെ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനാകുമെന്ന് അദ്ദേഹം പറയുന്നു. വൈകാതെ മനുഷ്യന് താമസിക്കാവുന്ന തരത്തില്‍ താവളം ഒരുക്കാനാകും എന്നാണ് നാസയുടെ പ്രതീക്ഷ.
ഭൂമിക്ക് സമാനമായി നാസയുടെ കെപ്ലര്‍ ഉപഗ്രഹം കണ്ടെത്തിയ ഗ്രഹങ്ങളില്‍ ജീവനുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിലൊരു ഗൃഹമുണ്ടെന്നും അതിന്റെ അടിസ്ഥാന വിവരങ്ങളും അല്ലാതെ മറ്റ് വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.