തിമിംഗലങ്ങളുടെ ശവപ്പറമ്പായി ഓസ്ട്രേലിയയിലെ കടല്‍തീരം

  • പടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെ ഹാമലിന്‍ ഉള്‍ക്കടലിന്‍റെ തീരത്താണ് 150 ഒളം തിമിംഗലങ്ങള്‍ ചത്തടിഞ്ഞത്
Most of over 150 stranded whales die on Australian beach

സിഡ്‌നി :  തിമിംഗലങ്ങളുടെ ശവപ്പറമ്പായി ഓസ്ട്രേലിയയിലെ കടല്‍തീരം. പടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെ ഹാമലിന്‍ ഉള്‍ക്കടലിന്‍റെ തീരത്താണ് 150 ഒളം തിമിംഗലങ്ങള്‍ ചത്തടിഞ്ഞത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് കടല്‍ തീരത്ത് താമസിക്കുന്ന മത്സ്യബന്ധന തൊഴിലാളികളാണ് ഈ പ്രതിഭാസം ആദ്യം കണ്ടത്.

കരയ്ക്കടിഞ്ഞ തിമിംഗലങ്ങളില്‍ 65 എണ്ണത്തിന് ആദ്യം ജീവനുണ്ടായിരുന്നു. മത്സ്യബന്ധന തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സമുദ്ര സംരക്ഷണ സംഘടനക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും, സര്‍ക്കാര്‍ അധികാരികളും സ്ഥലത്ത് എത്തി. 15 തിമിംഗലങ്ങളില്‍ മാത്രമേ ഇപ്പോള്‍ ജീവന്‍ അവശേഷിക്കുന്നുള്ളു. ജീവനോടെ അവശേഷിക്കുന്ന തിമിംഗലങ്ങളെ ആഴക്കടലിലെത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് സന്നദ്ധ സംഘടനകള്‍.

തിമിംഗലത്തിന്റെ ഇറച്ചി കഴിക്കാനായി കടലില്‍ നിന്നും പല തരം ജീവികളും കരയിലേക്ക് കയറി വരാനുള്ള സാധ്യതയുള്ളതായും അതുകൊണ്ട് തന്നെ പ്രദേശ വാസികള്‍ സംഭവ സ്ഥലത്ത് നിന്നും അകന്ന് നില്‍ക്കണമെന്നും മത്സ്യ ബന്ധന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിനെ തുടര്‍ന്ന് പ്രദേശ വാസികളും ആശങ്കയിലാണ്. 

തിമിംഗലങ്ങളുടെ മൃതദേഹങ്ങള്‍ പ്രദേശത്ത് നിന്നും നീക്കം ചെയ്തു വരികയാണ്. ഇവയുടെ മരണ കാരണം അറിയുവാനായി രക്ത സാംപിളുകള്‍ എടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 2009 ലും ഈ പ്രദേശത്ത് സമാനമായി 80 തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയിരുന്നു. കടലിലെ വിഷബാധ ആയിരിക്കാം മരണ കാരണം എന്നാണ് ചില ഓസ്ട്രേലിയന്‍ സയന്‍സൈറ്റുകളില്‍ വരുന്ന റിപ്പോര്‍ട്ട്. അടുത്തിടെ സമുദ്രമലിനീകരണം കൂടിയ പ്രദേശമാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയ.

Latest Videos
Follow Us:
Download App:
  • android
  • ios