മണ്‍സൂണിന്‍റെ സ്വഭാവം മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദില്ലി: ഇന്ത്യയില്‍ ഇത്തവണ പെയ്യുന്ന മണ്‍സൂണിന്‍റെ സ്വഭാവം മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയിലും വളരെ സമയമെടുത്തുമാത്രമെ ഇന്ത്യയുടെ മധ്യഭാഗത്ത് ഇത്തവണ കാലവര്‍ഷമെത്തുവെന്നും കലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്. സാധാരണ ഗതിയില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് മധ്യ ഇന്ത്യയിലേക്കും അവിടെ നിന്ന് ക്രമേണ ഉത്തരേന്ത്യയിലേക്കും കാലവര്‍ഷം കടക്കുകയാണ് പതിവ്.
എന്നാല്‍ ഇത്തവണത്തെ കാലവര്‍ഷം ആ പതിവ് തെറ്റിക്കുമെന്നാണ് പ്രവചനം. അതായത് ഇത്തവണ മധ്യ ഇന്ത്യയില്‍ തങ്ങാതെ നേരിട്ട് ഉത്തരേന്ത്യയില്‍ കാലവര്‍ഷം എത്തും. ഈ പ്രതിഭാസം ഇന്ത്യയുടെ മധ്യഭാഗത്ത് മഴലഭ്യത കുറയ്ക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ 23 ന് ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്,ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ മഴയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മധ്യ ഇന്ത്യയില്‍ കാലവര്‍ഷം കുറയാന്‍ കാരണം ആന്റി സൈക്ലോണ്‍ പ്രതിഭാസമാണെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി ശാസ്ത്രജ്ഞനായിരുന്ന ജെ. ആര്‍ കുല്‍ക്കര്‍ണി പറയുന്നത്. കാലവര്‍ഷം ആരംഭിച്ച അന്നുമുതല്‍ തുടങ്ങിയ ഈ പ്രതിഭാസം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ജെ. ആര്‍ കുല്‍ക്കര്‍ണി പറയുന്നു.