നിങ്ങളുടെ വിവരങ്ങള്‍ ആപ്പുകള്‍ വഴി ചോരുന്നു; വിവരങ്ങള്‍ വാങ്ങുന്നത് വമ്പന്മാര്‍
ആന്‍ഡ്രോയ്ഡ് ഫോണില്‍ ഉപയോഗിക്കുന്ന 70 ശതമാനം ആപ്ലിക്കേഷനുകളും ഉപയോക്താക്കളുടെ വിവരങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള കമ്പനികളാണ് ഇത്തരത്തില്‍ ആപ്പുകളില്‍ നിന്നും വിവരങ്ങള്‍ സ്വന്തമാക്കുന്നത്. ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് പേഴ്‌സണല്‍ ഡേറ്റയിലേക്ക് ആക്‌സസിനുള്ള അനുവാദം ചോദിക്കുന്നുണ്ട്. ഈ അനുവാദം ലഭിച്ചുകഴിഞ്ഞാല്‍ കമ്പനികള്‍ ഈ ഡേറ്റ ആവശ്യമുള്ള കമ്പനികള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ ഫോണില്‍നിന്നുള്ള വിവര മോഷണം പഠിക്കുന്നതിനായി സ്‌പെയിനിലെ ഗവേഷണ സ്ഥാപനമായ ഐഎംഡിഇഎ ലൂമെന്‍ പ്രൈവസി മോണിറ്റര്‍ എന്നൊരു ആന്‍ഡ്രോയിഡ് ആപ്പ് വികസിപ്പിക്കുകയും അത് ഒരു വര്‍ഷത്തേയ്ക്ക് 1600 സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. ഈ ആപ്പ് ഏതാണ്ട് 5000 ത്തോളം വരുന്ന ആപ്പുകളെ നിരീക്ഷിച്ചതില്‍നിന്നാണ് വ്യക്തിഗത വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടി കമ്പനികളില്‍ എത്തിച്ചേരുന്നുവെന്ന് കണ്ടെത്തിയത്.
പരസ്യങ്ങള്‍ക്കായി ആളുകളുടെ സ്വഭാവം പഠിക്കുന്നതിനും പ്രതികരണം അറിയുന്നതിനുമാണ് ഇത്തരത്തില്‍ മോഷ്ടിച്ചു കിട്ടുന്ന ഡേറ്റാ വലിയ കമ്പനികള്‍ ഉപയോഗിക്കുന്നത്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, യാഹു, വെരിസണ്‍ പോലുള്ള വലിയ കമ്പനികളാണ് ഈ ഡേറ്റ കൂടുതലായും ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.