2-ാം തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് വിദഗ്ധർ; ഒറിജിനലിനെ വെല്ലും വ്യാജൻ
ഇപ്പോഴത്തെ പ്രതിസന്ധി മുതലാക്കി സൈബര്‍ ആക്രമണങ്ങള്‍ കൂടുവാന്‍ സാധ്യതയുണ്ടെന്നും ഡിജിറ്റല്‍ സേവനങ്ങളെ ആകെ ബാധിക്കുന്ന രണ്ടാം തരംഗത്തിനുള്ള സാധ്യതയാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.
വിന്‍ഡോസ് പണി മുടക്കിയപ്പോള്‍ ടെക് ലോകമാകെ സ്തംഭിച്ചു. വിമാനങ്ങള്‍ മുടങ്ങി, ബാങ്കുകള്‍ പ്രതിസന്ധിയിലായി, സര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിച്ചു. ഇത് ഒരു തവണ മാത്രം സംഭവിച്ച് തീരുന്ന ഒന്നല്ല എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ വിദഗ്ദര്‍. ഇപ്പോഴത്തെ പ്രതിസന്ധി മുതലാക്കി സൈബര്‍ ആക്രമണങ്ങള്‍ കൂടുവാന്‍ സാധ്യതയുണ്ടെന്നും ഡിജിറ്റല്‍ സേവനങ്ങളെ ആകെ ബാധിക്കുന്ന രണ്ടാം തരംഗത്തിനുള്ള സാധ്യതയാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.
നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന വാഗ്ദാനവുമായി ക്രൗഡ്‌സ്‌ട്രൈക്കിന്റെ പേരില്‍ ഹാക്കര്‍മാര്‍ വ്യാജ സോഫ്റ്റ്‌വെയര്‍ ഇറക്കിയിട്ടുണ്ട്. പ്രതിസന്ധി നേരിട്ട ഉപഭോക്താക്കള്‍ക്ക് ഹാക്കര്‍മാര്‍ ഈ സോഫ്റ്റ്‌വെയറുകള്‍ അയച്ച് നല്‍കുന്നുമുണ്ട്. ഒറിജിനലെന്ന് തോന്നുന്ന രീതിയിലുള്ള തനി വ്യാജന്‍. മൈക്രോസോഫ്റ്റിന്‍റെയും ക്രൗഡ് സ്‌ട്രൈക്കിന്റെയും പേരില്‍ വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടി വന്നേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
വിന്‍ഡോസ് ഒഎസ് സിസ്റ്റങ്ങള്‍ പണമുടക്കിയതോടെ സംഭവിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ ഐടി പ്രതിസന്ധിയെന്ന് ഉറപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 85 ലക്ഷം മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി എന്നാണ് മൈക്രോസോഫ്റ്റ് തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന കണക്ക്. ലോകത്തിലെ എറ്റവും കൂടുതല്‍ കമ്പ്യൂട്ടറുകളെ ബാധിച്ച സാങ്കേതിക പ്രശ്‌നമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ലോകത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താല്‍ ഒരു ശതമാനത്തിലും താഴെ കമ്പ്യൂട്ടറുകള്‍ മാത്രമേ പ്രശ്‌നം നേരിട്ടുള്ളൂ എന്നാണ് കമ്പനിയുടെ വിശദീകരണം. എന്നിട്ടുപോലും പ്രശ്നം പൂര്‍ണമായും പരിഹരിക്കാന്‍ ക്രൗഡ്‌സ്‌ട്രൈക്കിനും മൈക്രോസോഫ്റ്റിനും ഇതുവരെയായിട്ടില്ല എന്നത് സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലുള്ള കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ആവുകയും, സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്' സ്‌ക്രീനില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ ആഗോളവ്യാപകമായി വിവിധ മേഖലകളുടെ പ്രവര്‍ത്തനം താളംതെറ്റുകയും ശതകോടികളുടെ നഷ്ടമുണ്ടാവുകയും ചെയ്തു. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ എന്ന സുരക്ഷാ സോഫ്റ്റ്‌വെയറിലെ അപ്ഡേറ്റില്‍ വന്ന പിഴവ് മൂലമാണ് ഇത് സംഭവിച്ചത്.
റഷ്യൻ നിര്‍മിത ഇഗ്ള മിസൈലടക്കമുണ്ട്, ലുലു മാളിലേക്ക് പറന്നിറങ്ങി ഇന്ത്യൻ വ്യോമസേന
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം