ഷവോമിക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ കൊടുങ്കാറ്റായി എൽ ഇ ഇക്കോ ബ്രാന്‍റ്
ദില്ലി: ഇന്ത്യന്‍ വിപണിയില്‍ തരംഗമാകുകയാണ് ഒരു ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റുകൂടി. എൽ ഇ ഇക്കോ എന്ന ചൈനീസ് കമ്പനിയുടെ ഫോണുകളാണ് സാംസങ്ങ് ഗ്യാലക്സി ഫോണുകളെക്കാള്‍ വില്‍പ്പന ഓണ്‍ലൈനില്‍ ഉണ്ടാക്കിയത്. എൽഇ മാക്സ് , എൽഇ 1 എസ് എന്നീ മോഡലുകളാണ് ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ ഫ്ലിപ്കാർട്ടിലൂടെ ഫ്ലാഷ് സെയിൽ വഴി എൽഇ ഇക്കോ ആദ്യം വിൽപ്പനയ്ക്കായെത്തിച്ചത്. ബീജിങ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലെഷി ഇന്റർനെറ്റ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി എന്ന കമ്പനിയുടെ ഗാഡ്ജറ്റ് വിഭാഗമാണ് എൽ ഇ ഇക്കോ.
ആദ്യഘട്ടത്തിലെ മിന്നല്‍ വില്‍പ്പനയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് എൽഇ ഇക്കോ സ്മാർട്ട് ഫോണുകൾ വിറ്റ എൽഇ ടിവി ഇന്ത്യൻ മൊബൈൽ വിപണിയിലെ മുന്‍നിരക്കാരെ ഞെട്ടിച്ചു. ഒരു മാസത്തിനുള്ളിൽ രണ്ടു ലക്ഷം സ്മാർട്ട് ഫോണുകൾ വിറ്റ റിക്കോർഡ് എൽഇ ഇക്കോ എന്ന മൊബൈൽ ബ്രാൻഡിലൂടെ ഇവർ സ്വന്തമാക്കിയിരുന്നു.
ഓൺലൈൻ ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഫോൺ' എന്ന പുതിയ റെക്കോർഡും സ്വന്തം പേരിലാക്കി. സാംസങ് ഗ്യാലക്സി ജെ 5, ഷവോമിയുടെ റെഡ് മി 2 എന്നിവയുടെ മുന്‍ റെക്കോഡാണ് എൽഇ 1 എസ് മോഡലിലൂടെ എൽ ഇ ഇക്കോ തകര്‍ത്തത്. ഷവോമിക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വലിയ വരവേല്‍പ്പാണ് ഈ ചൈനീസ് കമ്പനിക്ക് കിട്ടിയത്.
എൽഇഡി ഫ്ലാഷോട് കൂടിയ 13 മെഗാപിക്സൽ പ്രധാന കാമറയും 5 മെഗാ പിക്സൽ മുൻക്യാമറയുമായി എത്തിയ എൽഇ 1 എസിന്റെ പ്രോസസർ 2.2 ജിഗാ ഹെട്സ് വേഗത നൽകുന്നതാണ്. 1080 X 1920 പിക്സൽ റെസലൂഷൻ നൽകുന്ന 5.5 ഇഞ്ച് സ്ക്രീനോട് കൂടിയ ഈ ഫോണിന് 3 ജിബി റാമും 32 ജിബിയുടെ ആന്തരിക സംഭരണ ശേഷിയുമാണുള്ളത്. ആൻഡ്രോയിഡ് 5.0 ലോലിപോപ്പിലാണ് ഈ ഫോണിന്റെ ഒഎസ്. 3000 എംഎഎച്ച് ശേഷിയുള്ള കരുത്തുറ്റ ബാറ്ററിയാണ് എൽഇ 1 എസിന്‍റെത്.
ഈയിടെ എൽഇ ഇക്കോ എൽഇ 2, എൽഇ 2 പ്രോ, എൽഇ മാക്സ് 2 എന്നീ മൂന്ന് പുതിയ സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചു. മെറ്റാലിക് രൂപകൽപ്പനയുമായി എത്തുന്ന ഈ സ്മാർട്ട് ഫോണുകൾ ആൻഡ്രോയിഡ് 6.0 മാഷ്മല്ലോ അടിസ്ഥാനമാക്കിയുള്ള ഇമോഷൻ യുഐ സ്കിന്നിലാണ് പ്രവർത്തിക്കുന്നത്.