കൊച്ചി മെട്രോയ്ക്ക് മാത്രം അവകാശപ്പെട്ട 4 പ്രത്യേകതകള്‍
ഒടുവില്‍ കേരളസമൂഹം കാത്തുകാത്തിരുന്ന ടൂറിസം ഉള്‍പ്പെടെയുള്ള വന്‍ സാധ്യതകള്‍ വരുന്ന കൊച്ചി മെട്രോ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ വാതില്‍ തുറക്കും. എന്നാല്‍ രാജ്യത്തെ ഇതര മെട്രോകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊച്ചി മെട്രോയെ ഇന്ത്യയില്‍ ആദ്യമാക്കുന്ന ഏറെ പ്രസക്തമാകുന്ന നാല് കാര്യങ്ങളുണ്ട്.
ഭാവിയില്‍ റെയില്‍ മെട്രോയെ പരിപോഷിപ്പിക്കുന്ന വിധത്തില്‍ വാട്ടര്‍ മെട്രോ കൂടി സാധ്യമായാല്‍ അത്തരത്തില്‍ ഒരു സൗകര്യം നല്‍കുന്ന ആദ്യ മെട്രോയായും ഇന്ത്യയിലെ ആദ്യ മള്‍ട്ടി മോഡല്‍ ഗതാഗത സംവിധാനമായും അത് മാറിയേക്കും. എന്നാല്‍ കേവലം സാധ്യതാപഠനം മാത്രം തുടങ്ങിയിട്ടുള്ള ഇക്കാര്യത്തില്‍ മെട്രോ-ബസ്-ബോട്ട് എന്നീ സംവിധാനങ്ങള്‍ ഭാവിയില്‍ ഒരുമിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന വിധം മെട്രോ പദ്ധതി സഫലമാകാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരും. വിശദമായ പദ്ധതി നിര്‍ദേശം നാലു മാസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ. നാലു വര്‍ഷം കൊണ്ടു പൂര്‍ത്തിയായേക്കുന്ന പദ്ധതിയില്‍ കനാല്‍ കയ്യേറിയവരുമായി വിശദമായ ഒഴിപ്പിക്കല്‍ ചര്‍ച്ചകള്‍ വേണ്ടിവരും.
ഇന്ത്യയിലെ ഏതൊരു പൗരനേയും പോലെ ഭിന്നലിംഗക്കാരേയും പരിഗണിക്കുന്ന ലിംഗ സമത്വത്തിന്‍റെ ഉത്തമ മാതൃകകൂടി കൊച്ചി മെട്രോ സൃഷ്ടിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ ഉദ്ഘാടനയാത്ര 23 ഭിന്നലിംഗക്കര്‍ക്ക് ജോലി നല്‍കിക്കൊണ്ടാണ്. ഇത്രയും ഭിന്നലിംഗക്കാരെ ജോലിക്ക് എടുക്കുന്ന ഒരു പക്ഷേ രാജ്യത്തെ ആദ്യ ഗവണ്‍മെന്റ് ഏജന്‍സിയായിരിക്കും കൊച്ചിമെട്രോ.
വ്യാപകമായി സോളാര്‍ പാനല്‍ ഉപയോഗിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യ മെട്രോ കൂടിയാണ് കൊച്ചി. റെയില്‍ ലൈന്‍ പണി പൂര്‍ത്തിയാകുമ്പോള്‍ 22 സ്‌റ്റേഷനുകള്‍ വരുന്ന 25 കിലോമീറ്ററോളം സൗരോര്‍ജ്ജ പാനലുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തനമാകും. ആവശ്യമുള്ള 25 ശതമാനത്തോളം വൈദ്യുതി സോളാര്‍ പാനലില്‍ നിന്നു തന്നെ കണ്ടെത്താനാണ് കൊച്ചി മെട്രോയുടെ പദ്ധതി.
തൂണുകളില്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് മറ്റൊരു പദ്ധതി. മുനിസിപ്പല്‍ വേസ്റ്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കമ്പോസ്റ്റു വളം ഉപയോഗിക്കുന്ന ആദ്യ മെട്രോയും ഇതായിരിക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 600 കോണ്‍ക്രീറ്റ് തൂണുകളില്‍ ഓരോ ആറാമത്തെ തൂണും പൂന്തോട്ടമാണ്. ഇടയിലുള്ള തൂണുകളില്‍ പരസ്യവും. ഓരോ തൂണും ഓരോ പൂമരമായിരിക്കും. 13 കിലോമീറ്ററാണ് ആദ്യ സര്‍വീസ് നടത്തുക.