സംസ്ഥാനത്ത് ഭൂജല വിതാനത്തിൽ വൻ കുറവ്

kerala underground water level study

തിരുവനന്തപുരം: കടുത്ത വരൾച്ചക്കും കുടിവെള്ള ക്ഷാമത്തിനും പിന്നാലെ തിരുവനന്തപുരത്തെ ഭൂഗര്‍ഭ ജല നിരപ്പിലും ഗണ്യമായ കുറവ് . ഭൂജല വിതാനം നാല് അടിയോളം കുറഞ്ഞെന്നാണ് ഭൂജല വകുപ്പ് സര്‍ക്കാറിന് നൽകിയ റിപ്പോർട്ട്

കടുത്ത വരൾച്ച തലസ്ഥാന ജില്ലക്കുണ്ടാക്കിയ ആഘാതം വ്യക്തമാക്കുന്നതാണ് ഭൂജല വകുപ്പിന്‍റെ കണ്ടെത്തൽ . തിരുവനന്തപുരത്ത് മാത്രം ജല വിതാനം നാല് അടിയോളം താഴ്ന്നു. കുഴൽകിണറുകളുടെ ജലനിരപ്പ് വിശദമായി പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിരീക്ഷിച്ച 97 ശതമാനം കിണറുകളിലും വെള്ളത്തിന്‍റെ അളവ് ഗണ്യമായി കുറയുകയാണ്. 

അനധികൃതമായി കുഴൽ കിണറുകൾ കുഴിച്ചതും അശാസ്ത്രീയമായ ജലചൂഷണവും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ടെന്നും കര്‍ശന നിയന്ത്രണം വേണമെന്നും റിപ്പോര്‍ട്ട് പറയുന്നു. വേനൽമഴ ഉപരിതല ജലനിരപ്പിന്‍റെ അളവ് കൂട്ടിയെങ്കിലും ഭൂജല വിതാനത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കിയിട്ടില്ല. ജല ഉപയോഗത്തിൽ കര്‍ശന നിയന്ത്രണം വേണമെന്നാണ് ശുപാര്‍ശ.

കുഴൽ കിണറുകളുടെ ദുരുപയോഗത്തിനെതിരെ കര്‍ശന നടപടിയെടുക്കാനും ഭൂജല വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. തലസ്ഥാന ജില്ലയിൽ മാത്രമല്ല സംസ്ഥാനത്താകെ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ . വിശദമായ പഠന ശേഷം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios