ജിയോ സൗജന്യ ഫോണ്‍; ഒരു നിരാശയും, ഒരു സന്തോഷവും
മുംബൈ: "ഇന്ത്യാ കാ സ്മാർട്ട്ഫോൺ' എന്ന വിളിപ്പേരിലാണ് അംബാനി പുതിയ ഫീച്ചർഫോൺ ഇന്നലെ മുകേഷ് അംബാനി റിലയന്‍സ് വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ചത്. സൗജന്യമായാണ് ഈ ഫീച്ചർഫോൺ നല്കുന്നു എന്നായിരുന്നു പ്രഖ്യാപനം. എങ്കിലും 1,500 രൂപ അടയ്ക്കണം. ഈ 1,500 രൂപ ഒരു സുരക്ഷാനിക്ഷേപം പോലെ വാങ്ങുന്നു എന്നാണ് അംബാനി പറയുന്നത്. മൂന്നു വർഷത്തെ കാലാവധി തീരുമ്പോൾ ഉപയോക്താക്കൾക്ക് ഈ തുക തിരിച്ചുനല്‍കും. ഫോൺ തിരിച്ചുനല്കുമ്പോഴാണ് റീഫണ്ട് ലഭിക്കുക. 22 ഇന്ത്യൻ ഭാഷകൾ സപ്പോർട്ട് ചെയ്യുന്ന ഫോണിൽ ശബ്ദനിർദേശം നല്കി മെസേജ് അയയ്ക്കാനും കോൾ ചെയ്യാനും ഇന്റർനെറ്റിൽ സെർച്ച് ചെയ്യാനും കഴിയും.
എന്നാല്‍ ഈ ഫോണിന്റെ പ്രധാന പ്രത്യേകത ജിയോ ആപ്പുകൾ മുഴുവൻ ഫോണിലുണ്ടാകുമെന്നതാണ്. വീഡിയോകൾ സ്ട്രീം ചെയ്യാൻ കഴിയും. ഒപ്പം ഫേസ്ബുക്ക്, മൻ കി ബാത്ത് പോലുള്ള മറ്റ് ആപ്പുകളും ഉപയോഗിക്കാം. അതേസമയം ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വാട്ട്സ്ആപ്പ് ഫോണില്‍ ഉണ്ടാകില്ല. എന്നാൽ, പിന്നീട് ഉൾപ്പെടുത്താനുള്ള സാധ്യതകൾ ജിയോ തള്ളിക്കളയുന്നില്ല. കൂടാതെ, യുപിഐ (യുണിഫൈഡ് പേമെന്റ് ഇന്റർഫേസ്) വഴി പണം കൈമാറാനുള്ള സംവിധാനവും ഫോൺ നല്‍കുന്നുണ്ട്. പാനിക് ബട്ടണും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജിയോഫോൺ വാങ്ങുന്നവർക്ക് രണ്ടു പ്രവേശന ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിധിയില്ലാത്ത ഡാറ്റയ്ക്കൊപ്പം പരിധിയില്ലാതെ കോൾ, എസ്എംഎസ് സേവനങ്ങൾ ആസ്വദിക്കാം. 153 രൂപ, 309 രൂപ ഓഫറുകളാണ് ഫീച്ചർഫോണുകൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി തുല്യമാണെങ്കിലും 309 രൂപയുടെ പായ്ക്കിൽ ജിയോഫോൺ ടിവി സേവനം ലഭ്യമാകും. കേബിൾ ഉപയോഗിച്ച് ടിവിയുമായി ബന്ധിപ്പിച്ചാൽ കാഴ്ച കൂടുതൽ സൗകര്യപ്രദമാകും. എന്നാൽ, 153 രൂപയുടെ വരിക്കാർക്ക് 500 എംബി വരെ മാത്രമേ അതിവേഗ ഇന്റർനെറ്റ് ലഭിക്കൂ. 500 എംബി കടന്നാൽ വേഗം കുറയും.
ഇതു കൂടാതെ രണ്ടു ദിവസത്തേക്ക് 24 രൂപ, ഒരാഴ്ചത്തേക്ക് 54 രൂപ പായ്ക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മേൽപ്പറഞ്ഞ പായ്ക്കുകളെല്ലാം ജിയോഫോൺ വരിക്കാർക്കു മാത്രമുള്ളതാണ്. നിലവിലുള്ള വരിക്കാർക്ക് ലഭ്യമാകില്ല.
ഓഗസ്റ്റ് 24 മുതൽ പ്രീ ബുക്കിംഗ് നടത്താനാകും.
മൈജിയോ ആപ്, ജിയോ ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവ വഴി ബുക്ക് ചെയ്യാം. ബുക്ക് ചെയ്തവർക്ക് സെപ്റ്റംബർ മുതൽ ഫോൺ വിതരണം ചെയ്തു തുടങ്ങും. ബുക്കിംഗ് നടത്തിയതിന്റെ മുൻഗണനാ ക്രമത്തിലായിരിക്കും വിതരണവും നടക്കുക. ഓരോ ആഴ്ചയും 50 ലക്ഷം ഫോണുകൾ വിതരണം ചെയ്യുകയാണ് അംബാനിയുടെ ലക്ഷ്യം.