നെറ്റ്ഫ്ലിക്സിന്റെ പേരിൽ വ്യാജ ഇമെയിലയച്ച് പണം തട്ടുന്നുവെന്ന് റിപ്പോർട്ട്
ഇമെയിലുകളിലൂടെ തട്ടിപ്പുകാർ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളെ കബളിപ്പിച്ച് പേയ്മെന്റ് വിശദാംശങ്ങൾ മോഷ്ടിക്കുന്നതായി ചെക്ക് പോയിന്റ് റിസർച്ചിൽ നിന്നുള്ള റിപ്പോർട്ട് വെളിപ്പെടുത്തി.
തട്ടിപ്പുകാരുടെ ഏറ്റവും പുതിയ ലക്ഷ്യമാണ് നെറ്റ്ഫ്ലിക്സ്. വ്യാജ ഇമെയിലുകളിലൂടെ തട്ടിപ്പുകാർ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളെ കബളിപ്പിച്ച് പേയ്മെന്റ് വിശദാംശങ്ങൾ മോഷ്ടിക്കുന്നതായി ചെക്ക് പോയിന്റ് റിസർച്ചിൽ നിന്നുള്ള റിപ്പോർട്ട് വെളിപ്പെടുത്തി.
ബ്രാൻഡ് ഫിഷിങ് ആക്രമണം സാധാരണമാണെന്നും മൈക്രോസോഫ്റ്റ് , ഗൂഗിൾ, ലിങ്ക്ഡ്ഇൻ, വാൾട്ട്മാർട്ട് തുടങ്ങിയ കമ്പനികളും ഇത്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നുണ്ട്. 2023ന്റെ ആദ്യമാണ് ഉപയോക്താക്കളെ കബളിപ്പിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ ബ്രാൻഡിങ്ങുള്ള വ്യാജ മെയിലുകൾ സജീവമായത്. ജനുവരി മുതൽ മാർച്ച് വരെ, അക്കൗണ്ടുകൾ താല്ക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ചുള്ള ഇമെയിലുകൾ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സ് തന്നെ ഉപയോക്താക്കൾക്ക് അയച്ചതാണെന്നാണ് പലരും കരുതിയത്. ഇമെയിലിന്റെ സബ്ജക്റ്റ് ലൈൻ "അപ്‌ഡേറ്റ് ആവശ്യമാണ് - അക്കൗണ്ട് ഹോൾഡ് ഓൺ" എന്നതായിരുന്നു. കൂടാതെ അടുത്ത ബില്ലിംഗ് സൈക്കിളിനുള്ള പേയ്‌മെന്റ് അക്സപ്പ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ഉപയോക്താവിന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് താൽക്കാലികമായി പ്രവർത്തന രഹിതമായെന്നും മെയിലിൽ പറയുന്നു. സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കുന്നതിനുള്ള ലിങ്കും പേയ്‌മെന്റ് വിശദാംശങ്ങൾ നൽകാൻ ഉപയോക്താവിനോട് അഭ്യർത്ഥിക്കുന്നതും വ്യാജ ഇമെയിലിൽ ഉൾപ്പെടുന്നു.
ഉപയോക്താക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ https://oinstitutoisis[.]com/update/login/ എന്ന വെബ്‌സൈറ്റിലേക്ക് എത്തപ്പെടും.ഇങ്ങനെയാണ് നിങ്ങളുടെ പണം നഷ്ടമാകുന്നത്. support@bryanadamstribute[.]dk എന്ന വിലാസത്തിൽ നിന്നാണ് മെയിൽ അയച്ചതെന്ന് റിപ്പോർട്ടിലുണ്ട്. ഇത്തരം മെയിലുകളിൽ നിന്ന് സന്ദേശം എത്തിയാൽ പരമാവധി അവഗണിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഉപയോകതാക്കൾ തങ്ങളുപയോഗിക്കുന്ന സേവനങ്ങളുടെ മെയിലുകളെ കുറിച്ച് ആശങ്കയുള്ളവരായിരിക്കും. ഉദാഹരണമായി നിങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് സസ്‌പെൻഷനും അതിന്റെ സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കലും സംബന്ധിച്ച് ഒരു ഇമെയിൽ ലഭിച്ചാൽ ആദ്യം ആപ്പ് പരിശോധിക്കണം. കൂടാതെ അവരുടെ ഔദ്യോഗിക വെബ്സൈറ്റും ചെക്ക് ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്.
Read Also: ഡിസപ്പിയറിങ് മെസേജുകൾ ഇനി സേവ് ചെയ്യാം ; അപ്ഡേഷനുമായി വാട്ട്സാപ്പ്