ഐഎസ്ആർഒ; സൂര്യ പഠനദൗത്യം 'ആദിത്യ എൽ 1' ന്‍റെ പ്രിൻസിപ്പൽ സയന്‍റിസ്റ്റായി ഡോ.ശങ്കരസുബ്രഹ്മണ്യത്തെ നിയമിച്ചു

ഗ്രഹണങ്ങളോ മറ്റ് തടസങ്ങളോ ഇല്ലാതെ പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ ഇവിടെ സ്ഥാപിക്കുന്ന പേടകത്തിന് കഴിയും.

ISRO appoints Dr Shankarasubramaniam as Principal Scientist for Aditya L1 Sun study mission


തിരുവന്തപുരം: ഐഎസ്ആർഒയുടെ സൂര്യ പഠന ദൗത്യം ആദിത്യ എൽ 1 ന്‍റെ പ്രിൻസിപ്പൽ സയന്‍റിസ്റ്റായി ഡോ.ശങ്കരസുബ്രഹ്മണ്യത്തെ നിയമിച്ചു. ഐഎസ്ആർഒയുടെ ഉപഗ്രഹ ഗവേഷണ കേന്ദ്രമായ ബെംഗളൂരു യു.ആർ റാവു സാറ്റലൈറ്റ് സെന്‍ററിലെ സീനിയർ സോളാർ സയന്‍റിസ്റ്റാണ്. 2023 ൽ പേടകം വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.

ആസ്ട്രോസാറ്റ്, ചന്ദ്രയാൻ 1, ചന്ദ്രയാൻ 2 ദൗത്യങ്ങളുടെ ഭാഗമായ ശാസ്ത്രജ്ഞനാണ് ഡോ.ശങ്കരസുബ്രഹ്മണ്യം. നിലവിൽ യുആർഎസ്‍സിയിലെ സ്പേസ് ആസ്ട്രോണമി ഗ്രൂപ്പിന്‍റെ മേധാവിയാണ്. ആദിത്യ എൽ 1 ന് പുറമേ, എക്സ്പോസാറ്റ്, ചന്ദ്രയാൻ 3 പ്രൊപ്പൽഷൻ മൊഡ്യൂൾ ദൗത്യങ്ങളിലെ ശാസ്ത്ര ഉപകരണങ്ങളുടെ വികസനവും സ്പേസ് ആസ്ട്രോണമി ഗ്രൂപ്പിൽ നടക്കുന്നുണ്ട്. ആദിത്യ എൽ1 സയൻസ് വർക്കിംഗ് ഗ്രൂപ്പിന്‍റെ മേധാവിയുമാണ് ഡോ.ശങ്കരസുബ്രഹ്മണ്യം.

ആദിത്യ എൽ 1

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമാണ് ആദിത്യ എൽ 1. സൂര്യനും ഭൂമിക്കും ഇടയിലുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്‍റിലാണ് പേടകം സ്ഥാപിക്കാൻ പോകുന്നത്. ഗ്രഹണങ്ങളോ മറ്റ് തടസങ്ങളോ ഇല്ലാതെ പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ ഇവിടെ സ്ഥാപിക്കുന്ന പേടകത്തിന് കഴിയും. ഭൂമിയിൽ നിന്ന് 15,00,000 ലക്ഷം കിലോമീറ്റർ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്‍റ്. അഞ്ച് ലഗ്രാഞ്ച് പോയിന്‍റുകളാണ് ഉള്ളത്. ഇതിൽ രണ്ടാം ലഗ്രാഞ്ച് പോയിന്‍റിലാണ് ജെയിംസ് വെബ്ബ് സ്പേസ് ടെലിസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നത്.

ഏഴ് പഠന ഉപകരണങ്ങളാണ് പേടകത്തിൽ ഉൾപ്പെടുത്തുക. സൂര്യന്‍റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ആദിത്യ ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. കൊറോണയെക്കുറിച്ചുള്ള പഠനത്തിന് പുറമെ സൗരവാതങ്ങൾ, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്‌ഷൻ, സൂര്യന്റെ കാന്തികക്ഷേത്രം, സൗരപ്രതിഭാസങ്ങൾ തുടങ്ങിയവയെല്ലാം ആദിത്യ എൽ 1 പഠന വിധേയമാക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സും, ഇന്റർ‍യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സും അടക്കം രാജ്യത്തെ വിവിധ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ ദൗത്യവുമായി സഹകരിക്കുന്നുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios