നാവിക്- ഇനി ഇന്ത്യയ്ക്ക് വഴികാട്ടും

India's very own GPS is ready with seventh navigation satellite launch

ഗതിനിര്‍ണയ രംഗത്ത് സ്വന്തമായി പുതിയ സിസ്റ്റം ഉണ്ടാക്കിയെടുക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ. 2013 ജൂലൈ ഒന്നിനാണ് ഇന്ത്യ സ്വന്തമായി നാവിഗേഷന്‍ സംവിധാനം ഉണ്ടാക്കുന്നതിന് ആദ്യ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1എ വിക്ഷേപിക്കുന്നത്. 2014ല്‍ 1ബിയും 1സിയും, 2015ല്‍ 1ഡിയും, ഈ വര്‍ഷം തന്നെ 1ഇ, 1എഫും വിക്ഷേപിച്ചു. ലോകത്തെ തന്നെ ഏറ്റവും വിശ്വാസ്യതുള്ള റോക്കറ്റായ പിഎസ്എല്‍വിയുടെ സി33 എക്‌സ് എല്‍വേര്‍ഷനാണ് വിക്ഷേപത്തിന് ഉപയോഗിച്ചത്. വ്യാഴാഴ്ച ഐആര്‍എന്‍എസ്എസ് 1ജി വിക്ഷേപണം പിഎസ്എല്‍വിയുടെ മുപ്പത്തിയഞ്ചാം ഉദ്യമമായിരുന്നു ഇത്, ഇതിലും പിഎസ്എല്‍വി ഐഎസ്ആര്‍ഒയുടെ വിശ്വാസം കാത്തു.

നാവികില്‍ മൊത്തം ഒന്‍പത് ഉപഗ്രഹങ്ങളാണ് ഉള്ളത്. ഏഴെണ്ണം മുകളിലും, രണ്ടെണ്ണം ഭൂമിയിലും. ബഹിരാകാശത്തെ ഏഴെണ്ണത്തില്‍ ഏതിനെങ്കിലും തകരാറുണ്ടായാല്‍, പകരം വിക്ഷേപിക്കാനുള്ളതാണ് ഭൂമിയില്‍ സൂക്ഷിച്ചിട്ടുള്ള ഉപഗ്രഹങ്ങള്‍. മുകളിലുള്ള ഏഴ് ഉപഗ്രഹങ്ങളില്‍ മൂന്നെണ്ണം ഭൂസ്ഥിര ഭ്രമണപഥത്തിലും നാലെണ്ണം ജിയോസിങ്ക്രണസ് ഭ്രമണപഥത്തിലുമാകും സ്ഥിതിചെയ്യുക. ഈ ഉപഗ്രഹ സംവിധാനം നിയന്ത്രിക്കാന്‍. 15 ഗ്രൗണ്ട് സ്റ്റേഷനുകളുണ്ട്.

ഇന്ത്യയും 1500 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും വരുതിയിലാക്കുന്ന ഇന്ത്യയുടെ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിലെ അവസാന ഉപഗ്രഹം വ്യാഴാഴ്ച ഉച്ചക്ക് 12:50നാണ് വിക്ഷേപിച്ചത്. ആന്ധ്രാ പ്രദേശിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍നിന്ന് കുതിച്ചുയര്‍ന്ന ഐആര്‍എന്‍എസ്എസ്1ജി 20 മിനിറ്റ് 19 സെക്കന്റില്‍ ഭ്രമണപഥത്തിലെത്തി. വിക്ഷേപണം തത്സമയം വീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ഗതി നിര്‍ണ്ണയ സംവിധാനം നാവിക് എന്ന് അറിയപ്പെടുമെന്ന് പറഞ്ഞു.


നാവിക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച തീയ്യതികള്‍

ഐആര്‍എന്‍എസ്എസ് – 1എ – ജൂലൈ 1, 2013
ഐആര്‍എന്‍എസ്എസ് – 1ബി – ഏപ്രില്‍ 4, 2014
ഐആര്‍എന്‍എസ്എസ് – 1സി – ഒക്ടോബര്‍ 16, 2014
ഐആര്‍എന്‍എസ്എസ് – 1ഡി – മാര്‍ച്ച് 28, 2015
ഐആര്‍എന്‍എസ്എസ് – 1ഇ – ജനുവരി 20, 2016
ഐആര്‍എന്‍എസ്എസ് – 1എഫ് – മാര്‍ച്ച് 10, 2016


സ്മാര്‍ട്ട്‌ഫോണുകളുടെ കാലത്ത് ഗതിനിര്‍ണയ സംവിധാനങ്ങള്‍ എന്നത് കൊച്ചുകുട്ടികള്‍ക്ക് പോലും പരിചിതമാണ്. പക്ഷെ നാം ഉപയോഗിക്കുന്ന ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) ഒരു അമേരിക്കന്‍ സാങ്കേതികതയാണ്. ഏതാണ്ട് 24 കൃത്രിമ ഉപഗ്രഹങ്ങള്‍ തമ്മില്‍ ചേര്‍ത്താണ് ഈ സിസ്റ്റം ഉണ്ടാക്കിയിരിക്കുന്നത്.  അമേരിക്കയെ കൂടാതെ റഷ്യയുടെ ഗ്ലോനസ്, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഗലീലിയോ, ചൈനയുടെ ബെയ്ദൂ, ജപ്പാന്റെ ക്യൂഇസഡ്എസ്എസ് എന്നിവയാണ് ലോകത്തുള്ള മറ്റു ഗതി നിര്‍ണയ സംവിധാനങ്ങള്‍.

ഇതില്‍ റഷ്യന്‍ അമേരിക്കന്‍ സംവിധാനങ്ങള്‍ ലോക വ്യാപകമായി ഉപയോഗപ്പെടുത്തമെങ്കിലും, ചൈന,ജപ്പാന്‍ എന്നിവയുടെ സിസ്റ്റങ്ങള്‍ പ്രാദേശികവുമാണ്. ഇതില്‍ യൂറോപ്യന്‍ സിസ്റ്റം പൂര്‍ണ്ണമായി പ്രവര്‍ത്തനപഥത്തില്‍ എത്തിയിട്ടില്ല. ഇന്ത്യയുടെ നാവിക് ഇപ്പോള്‍ തല്‍കാലം പ്രാദേശിക സിസ്റ്റമായാണ് ഉപയോഗിക്കാന്‍ കഴിയുക.

പ്രധാനമായും രണ്ടുതരത്തിലാണ് നാവിക് സേവനം ലഭ്യമാകുക എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. ഒന്ന് സൈന്യത്തിനും, പ്രത്യേക യൂസര്‍മാര്‍ക്കും വേണ്ടുന്ന എന്‍ക്രിപ്റ്റ് സേവനം ആണെങ്കില്‍, സാധാരണ മൊബൈല്‍ ഉപയോക്താക്കള്‍ക്കും ലഭിക്കുന്ന സേവനമായിരിക്കും രണ്ടാമത്തെത്. 


 

Latest Videos
Follow Us:
Download App:
  • android
  • ios