വരവ് വൈകിച്ച് വാവേയുടെ 'ഫോൾഡബിൾ ഡിസ്പ്ളേ' ഫോണും..!
'മേറ്റ് എക്സി'ന്റെ ലോഞ്ച് വൈകിയതിന് വാവേയ് നിരത്തുന്ന കാരണങ്ങൾ എന്തൊക്കെയാണെങ്കിലും, നമുക്ക് കണ്മുന്നിൽ കാണാവുന്ന മറ്റൊരു പ്രധാന കാരണം ഇപ്പോൾ ചൈനയ്‌ക്കെതിരെ നിലനിൽക്കുന്ന അമേരിക്കൻ ട്രേഡ് ബാൻ തന്നെയാവും.
'ഫോൾഡബിൾ ഡിസ്പ്ളേ' ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് നിരാശ മാത്രം സമ്മാനിച്ചുകൊണ്ടാണ് കഴിഞ്ഞ ഏതാനും മാസങ്ങൾ കടന്നുപോയിരിക്കുന്നത്. ഏപ്രിലിൽ സാംസങ്ങ് തങ്ങളുടെ 'ഫോൾഡബിൾ ഡിസ്പ്ളേ' ഫോണായ ' സാംസങ്ങ് ഫോൾഡ്'ന്റെ ലോഞ്ച് വൈകും എന്നറിയിച്ചിരുന്നു. ആ അറിയിപ്പുകഴിഞ്ഞിട്ടിപ്പോൾ രണ്ടാഴ്ചയിൽ അധികമായി, എന്നിട്ടും ഒഫീഷ്യൽ ലോഞ്ച് ഡേറ്റ് ഇതുവരെ രണ്ടാമതും പ്രഖ്യാപിക്കുകയുണ്ടായിട്ടില്ല. സാംസങിന്റെ പാത പിന്തുടർന്ന് വാവേയും തങ്ങളുടെ 'മേറ്റ്-എക്സ്' എന്ന'ഫോൾഡബിൾ ഡിസ്പ്ളേ' ഫോണിന്റെ തീയതി ജൂണിൽ നിന്നും സെപ്റ്റംബറിലേക്ക് നീട്ടിയിരിക്കുകയാണ്.
രസകരമായ വസ്തുത എന്തെന്നുവെച്ചാൽ, ഇതിന്റെ പഴി ഹുവാവേ ഒരർത്ഥത്തിൽ സാംസങിന്റെ മേലാണ് ചാരിയിരിക്കുന്നത്. ഒരു ഹുവാവേ പ്രതിനിധി സിഎൻബിസിയുടെ ലേഖകനോട് പറഞ്ഞത്, സാംസങ് ഗാലക്‌സി പ്രാഥമിക മോഡലുകൾ ഉപയോഗിച്ച് തുടങ്ങി ദിവസങ്ങൾക്കകം റിവ്യൂവർമാരുടെ കയ്യിൽ വെച്ചുതന്നെ പൊട്ടാൻ തുടങ്ങി എന്ന വിവരം കിട്ടിയതുകൊണ്ട്, തങ്ങളുടെ മേറ്റ്-എക്സ് എന്ന 'ഫോൾഡബിൾ ഡിസ്പ്ളേ' മോഡലിൽ ഒരല്പം കൂടി അവധാനത പാലിക്കാൻ തീരുമാനിക്കുകയാണുണ്ടായത് എന്നാണ്.
" ഞങ്ങളുടെ ഖ്യാതിയ്ക്ക് ഭംഗം വരുത്തുന്ന ഒരു ഉത്പന്നവും പുറത്തുവിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല." എന്നാണ് സിഎൻബിസിയോട് ഹുവാവേ പ്രതിനിധി പറഞ്ഞത്. ആപറഞ്ഞത് ഏറെക്കുറെ ന്യായമാണ് എന്ന് സമ്മതിക്കാം. എന്നാലും, വിപണിയിൽ തങ്ങളോട് മത്സരിക്കുന്ന ഒരു കമ്പനിയുടെ സമാനമായ ഒരു ഉത്പന്നത്തിൽ പ്രശ്നങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഒരു കമ്പനി തങ്ങളുടെ പ്രോഡക്ട് ലോഞ്ച് നീട്ടുന്നത് ഇതാദ്യമാണ്. സാംസങ്ങ് ഫോൾഡിന്റെയും ഹുവാവേ മേറ്റ്-എക്സിന്റെയും ഡിസൈൻ തമ്മിൽ കാര്യമായ അന്തരമിരിക്കെ പ്രത്യേകിച്ചും. മേറ്റ്-എക്സ് പുറത്തേക്ക് മടങ്ങുന്ന ഡിസൈനാണ്. എന്നാൽ ഗാലക്‌സി ഫോൾഡിൽ അകത്തേക്ക് മടങ്ങുന്ന രണ്ടാമതൊരു സ്‌ക്രീനാണുള്ളത്. ഇക്കാര്യത്തിൽ ഹുവാവേയുടെ ഭാഗത്തുനിന്നുണ്ടായ ഒരേയൊരു വിശദീകരണം 'മേറ്റ്-എക്സി'ന്റെ ലോഞ്ച് സെപ്റ്റംബറിലേക്ക് നീളും എന്നത് മാത്രമാണ്.
'ദി മേറ്റ് എക്സ്' എന്നത് 8" വലിപ്പമുള്ള ഒരു ഫോൾഡബിൾ സ്‌ക്രീൻ ഫോണാണ്. 11mm ഘനം മാത്രമുള്ള ഈ ഫോൺ 5G നെറ്റ്‌വർക്കിൽ പ്രവർത്തിക്കാൻ സജ്‌ജമാണ്. ഹുവാവേയുടെ കിരിൻ 980 ചിപ്പാണ് ഈ ഫോണിൽ ഉള്ളത്, 8GB റാം, 512 GB മെമ്മറി, 4500 mAh ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ മറ്റു സ്പെസിഫിക്കേഷനുകൾ.
'മേറ്റ് എക്സി'ന്റെ ലോഞ്ച് വൈകിയതിന് ഹുവാവെ നിരത്തുന്ന കാരണങ്ങൾ എന്തൊക്കെയാണെങ്കിലും, നമുക്ക് കണ്മുന്നിൽ കാണാവുന്ന മറ്റൊരു പ്രധാന കാരണം ഇപ്പോൾ ചൈനയ്‌ക്കെതിരെ നിലനിൽക്കുന്ന അമേരിക്കൻ ട്രേഡ് ബാൻ തന്നെയാവും. കാരണം, കഴിഞ്ഞയാഴ്ച, ഹുവാവേ തങ്ങളുടെ മേറ്റ് ബുക്ക് എന്ന ലാപ്ടോപ്പിന്റെയും റിലീസ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു.
ചൈന - അമേരിക്ക വ്യാപാരനിരോധത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമാവാതെ റിലീസിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് ചിലപ്പോൾ കമ്പനിക്ക് വലിയ നഷ്ടങ്ങളാവും വരുത്തുക. അത് തന്നെയാവും റിലീസിന്റെ കാര്യത്തിലുള്ള ഈ പരുങ്ങലിനു പിന്നിലെ യഥാർത്ഥ കാരണവും.